ഡീസലും ഹൈബ്രിഡും മൈലേജും മതിയല്ലോ! എക്കാലത്തേയും ഏറ്റവും ഉയർന്ന വിൽപ്പനയുമായി ടൊയോട്ട
ഇന്ത്യൻ വിപണിയിൽ പ്രത്യേക ബ്രാൻഡ് ഇമേജുള്ള വാഹന നിർമാതാക്കളാണ് ടൊയോട്ട. അങ്ങേയറ്റത്തെ സേഫ്റ്റിയെ മൈലേജോ ഒന്നും എടുത്തു പറയുന്നില്ലെങ്കിലും മൊത്തത്തിൽ എല്ലാത്തരം ഉപഭോക്താക്കളെയും തൃപ്തിപെടുത്താനുള്ള മായാജാലങ്ങൾ ഒരുക്കിയിരിക്കുന്ന വണ്ടികളാണ് ജാപ്പനീസ് ബ്രാൻഡിന്റെ ശേഖരത്തിലുള്ളത്. ആഗോള വിപണികളിലേതു പോലെ വമ്പൻ മോഡലുകളൊന്നും ഇല്ലെങ്കിലും ഇവിടെ കൊണ്ടുവന്നിരിക്കുന്ന ടൊയോട്ടയുടെ വണ്ടികളെല്ലാം വാങ്ങാൻ ആളുണ്ടെന്നതാണ് സത്യം.
ഇടയ്ക്ക് മാരുതി സുസുക്കിയുമായുള്ള കൂട്ടുകെട്ട് ഫാൻസിനിടയിൽ സംസാരമായിട്ടുണ്ടെങ്കിലും വിൽപ്പനയിലൊന്നും യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന രേഖപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. 2024 ഫെബ്രുവരി മാസത്തെ കണക്കിലാണ് എക്കാലത്തെയും മികച്ച വിറ്റുവരവ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്.

15,685 യൂണിറ്റ് മൊത്തവിൽപ്പന നടത്തിയ 2023 ഫെബ്രുവരിയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 61 ശതമാനം വർധിച്ച് ടൊയോട്ട കാറുകളുടെ വിൽപ്പന 25,220 യൂണിറ്റുകളായാണ് 2024-ൽ ഉയർന്നിരിക്കുന്നത്. കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ 23,300 യൂണിറ്റുകൾ വിറ്റപ്പോൾ 1,920 യൂണിറ്റുകൾ കയറ്റുമതി ചെയ്തുവെന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഈ വർഷം ജനുവരിയിൽ ടൊയോട്ട തങ്ങളുടെ എക്കാലത്തെയും ഉയർന്ന മൊത്തവ്യാപാരം റിപ്പോർട്ട് ചെയ്‌തിരുന്നു (24,609 യൂണിറ്റ്). ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, ഫോർച്യൂണർ എന്നിവയാണ് ജാപ്പനീസ് ബ്രാൻഡിന് രാജ്യത്ത് ഏറ്റവും വിൽപ്പന നേടിക്കൊടുക്കുന്ന മോഡലുകൾ. ഇക്കഴിഞ്ഞ രണ്ട് മാസങ്ങളിൽ സ്വന്തമാക്കിയ മികച്ച വിൽപ്പനയുടെ ആക്കം നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനി.

ഉയർന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് തങ്ങൾ ഈ വർഷം ആരംഭിച്ചതെന്നും ഞങ്ങളുടെ ഉപഭോക്താക്കളുടെ ചലനാത്മകമായ ആവശ്യങ്ങളും വികസിച്ചുകൊണ്ടിരിക്കുന്ന മുൻഗണനകളും നിറവേറ്റുന്നതിനായി ഉയർന്ന നിലവാരമുള്ള വാഹനങ്ങൾ ഉപഭോക്തൃ പ്രതീക്ഷകൾ നിറവേറ്റിക്കൊണ്ട് പുറത്തിറക്കാൻ ഇനിയും കഴിയുമെന്നും ടൊയോട്ടയുടെ വൈസ് പ്രസിഡന്റും സെയിൽസ്, സർവീസ്, യൂസ്‌ഡ് കാർ ബിസിനസ് തലവനുമായ ശബരി മനോഹർ പറഞ്ഞു.
ബ്രാൻഡിന്റെ ഏറ്റവും പുതിയ മോഡലായ ഇന്നോവ ഹൈക്രോസ് 50,000 വിൽപ്പന നാഴികക്കല്ല് പിന്നിട്ടതായും മനോഹർ പ്രത്യേകം ചൂണ്ടിക്കാട്ടി. ഹൈക്രോസ് 2022 നവംബറിൽ ലോഞ്ച് ചെയ്‌തിനു ശേഷം മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്നും നേടിയെടുത്തത്. ഹൈബ്രിഡ് സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്നതിനൊപ്പം ക്രിസ്റ്റയെ അപേക്ഷിച്ച് ഡിസൈനിലും ഫീച്ചറുകളിലും അൽപ്പം വ്യത്യസ്തമായാണ് പുതുതലമുറ മോഡൽ വിപണിയിൽ എത്തുന്നത്.

ഇന്ത്യയിൽ, യഥാക്രമം മാരുതി സുസുക്കി ബലേനോ, എർട്ടിഗ എന്നിവയുടെ റീ-ബാഡ്ജ് ചെയ്ത പതിപ്പുകളായ ഗ്ലാൻസ, റൂമിയോൺ, അർബൻ ക്രൂയിസർ ഹൈറൈഡർ, ഹൈലക്‌സ് ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്ക്, ഫോർച്യൂണർ, വെൽഫയർ ആഡംബര എംപിവി, തുടങ്ങിയ മോഡലുകളാണ് ടൊയോട്ട ഇപ്പോൾ വിപണിയിൽ എത്തിക്കുന്നത്. അടുത്തിടെ ഉപഭോക്തൃ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ പുതിയൊരു സംവിധാനവും കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ഒരു ഫ്ലാറ്റ് ബെഡ് ട്രക്കിൽ സ്റ്റോക്ക് യാർഡിൽ നിന്ന് ഡെലിവറി ടച്ച് പോയിൻ്റുകളിലേക്ക് ഉപഭോക്താക്കളുടെ കാറുകൾ എത്തിക്കാനുള്ള സംരംഭമാണ് ടൊയോട്ട തുടങ്ങിയിരിക്കുന്നത്. സെയിൽസ് ഔട്ട്‌ലെറ്റിലേക്കോ ഡെലിവറി ടച്ച് പോയിൻ്റുകളിലേക്കോ പുതിയ കാറുകൾ എത്തിക്കാൻ ഡീലർ സ്റ്റാഫിൻ്റെ ആവശ്യമില്ലാതെ കാർ ഡെലിവറി പ്രക്രിയ കാര്യക്ഷമമാക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ പ്രാഥമിക ഉദ്ദേശമെന്നും ബ്രാൻഡ് പറയുന്നു.

വാഹനങ്ങൾ സുരക്ഷിതമായും കാര്യക്ഷമമായും ഉപഭോക്താക്കളിലേക്ക് എത്തുന്നുവെന്ന് ഇതിലൂടെ ഉറപ്പാക്കാനും ടൊയോട്ടക്ക് സാധിക്കും. ഈ സേവനം ഉപഭോക്താക്കൾ തെരഞ്ഞെടുക്കുകയാണെങ്കിൽ ഇതിനായി കമ്പനി പ്രത്യേകം തുകയോ അധിക പൈസയോ ഈടാക്കില്ലെന്നതും സന്തോഷം നൽകുന്ന കാര്യമാണ്. നിലവിൽ 26 സംസ്ഥാനങ്ങളിലായി 130 ഡീലർഷിപ്പുകളിലൂടെയാണ് കമ്പനി ഈ സേവനം വാഗ്ദാനം ചെയ്യുന്നത്. പിന്നീട് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications








