ഈ മാസം മാത്രം വാങ്ങാൻ പറ്റുന്ന പുതിയ കാറുമായി ടൊയോട്ട, 29 കി.മീ മൈലേജുള്ള മോഡലിന്റെ വില കേട്ടാൽ വാങ്ങിപ്പോവും
ഒരു പ്രീമിയം കാർ ബ്രാൻഡ് ഫീൽ തരുന്ന വാഹന നിർമാതാക്കളായിരുന്നു ടൊയോട്ട (Toyota). എന്നാൽ മാരുതി സുസുക്കിയുമായി (Maruti Suzuki) കൂട്ടുകൂടിയതോടെ ചില ഫാൻസിനെല്ലാം ജാപ്പനീസ് വാഹന നിർമാതാക്കളോട് അൽപം നീരസമുണ്ടായിട്ടുണ്ടെന്ന് വേണം പറയാൻ. പക്ഷേ ഇതൊന്നും കാര്യമാക്കാതെ മുമ്പോട്ടു പോവുന്ന ബ്രാൻഡ് നിലവിൽ വിപണിയിൽ നിന്നും നല്ല വിറ്റുവരവാണ് ഉണ്ടാക്കുന്നത്. സാധാരണക്കാരിലേക്ക് കൂടുതൽ അടുക്കാൻ മാരുതിയിൽ നിന്നും കിട്ടിയ കാറുകൾ കൈയയഞ്ഞ് സഹായിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. ചെലവുകളൊന്നുമില്ലാതെ ഇങ്ങനെ വാരുന്ന പണംകൊണ്ട് ടൊയോട്ട ശരിക്കും സുഖിക്കുകയാണ്.
അര്‍ബന്‍ ക്രൂയിസര്‍ എന്ന മോഡലിന്റെ വിടവാങ്ങലിന് ശേഷം സബ്-4 കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ കമ്പനിക്ക് ഒരിടയ്ക്ക് വരെ പ്രാതിനിധ്യമില്ലായിരുന്നു. എന്നാൽ ഈയൊരു പോരായ്‌മ ടൊയോട്ട പരിഹരിച്ചതാവട്ടെ കഴിഞ്ഞ വര്‍ഷം ഓട്ടോ എക്‌സ്‌പോയിലൂടെ അരങ്ങേറ്റം കുറിച്ച് ചുരുങ്ങിയ കാലം കൊണ്ട് ലക്ഷക്കണക്കിന് യൂണിറ്റുകൾ വിറ്റഴിച്ച മാരുതിയുടെ കാറിനെ റീബാഡ്‌ജ് ചെയ്തായിരുന്നു. ഫ്രോങ്ക്‌സ് അർബൻ ക്രൂയിസർ ടൈസർ ആയ കഥയാണീ പറഞ്ഞുവരുന്നത്.

എന്തായാലും ഇരുമോഡലുകളും ഇപ്പോൾ വിപണിയിൽ ആറാടുകയാണെന്ന് വേണം പറയാൻ. ഉത്സവ സീസണിൽ കൂടുതൽ വിൽപ്പന പിടിക്കാനായി ഇപ്പോഴിതാ മാരുതിയുടെ ഐഡിയ കടമെടുത്തിറങ്ങിയിരിക്കുകയാണ് ടൊയോട്ട. ഉത്സവ സീസൺ കണക്കിലെടുത്ത് ടൊയോട്ട കിർലോസ്‌കർ മോട്ടോർ ടൈസറിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കിയതാണ് സംഭവം. ടർബോ പെട്രോൾ ലൈനപ്പിലാണ് പരിമിതകാല പതിപ്പിനെ ജാപ്പനീസ് ബ്രാൻഡ് പരിചയപ്പെടുത്തിയിരിക്കുന്നതെന്ന് മാത്രം.
ടൈസറിന്റെ ലിമിറ്റഡ് എഡിഷൻ മോഡലിന് 20,160 രൂപ അധിക ചിലവിൽ ടൊയോട്ട ജെനുവിൻ ആക്സസറീസ് (TGA) പാക്കേജ് ലഭിക്കുന്നുവെന്നതാണ് ഇതിലെ പ്രത്യേകത. എല്ലാ ടൊയോട്ട ഡീലർഷിപ്പുകളിലും ഓഫർ 2024 ഒക്ടോബർ 31 വരെ ബാധകമാണെന്നും ഈ സ്പെഷ്യൽ എഡിഷൻ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും മെക്കാനിക്കലായും പരിഷ്ക്കാരങ്ങളൊന്നുമില്ലെങ്കിലും മോടിപിടിപ്പിക്കാൻ അധിക ആക്‌സസറികൾ ചെറിയ പൈസയ്ക്ക് കിട്ടുന്നത് എന്തായാലും ആളുകളെ ആകർഷിക്കും.

10.56 ലക്ഷം രൂപ മുതൽ 12.88 ലക്ഷം രൂപ വരെ എക്‌സ്ഷോറൂം വില വരുന്ന മിഡ്-സ്പെക്ക് G, ടോപ്പ് എൻഡ് V ട്രിം ലെവലുകൾ എന്നിങ്ങനെ എല്ലാ ടർബോ വേരിയൻ്റുകളിലും ടൈസർ 'ഫെസ്റ്റിവൽ ലിമിറ്റഡ് എഡിഷൻ' മോഡൽ ലഭ്യമാണ്. ടൊയോട്ട അർബൻ ക്രൂയിസർ ടൈസർ ടിജിഎ പാക്കേജിൽ നിരവധി സ്റ്റൈലിഷ് മെച്ചപ്പെടുത്തലുകളാണ് അവതരിപ്പിക്കുന്നതെന്ന് ലളിതമായി പറയാം.
ഗ്രാനൈറ്റ് ഗ്രേയിലും റെഡിലും പൂർത്തിയാക്കിയ സ്‌പോയിലറുകൾ, പ്രീമിയം ഡോർ സിൽ ഗാർഡുകൾ, ഹെഡ്‌ലാമ്പുകൾക്കും ഫ്രണ്ട് ഗ്രില്ലിനുമുള്ള ക്രോം ഗാർണിഷ്, ബോഡി സൈഡ് മോൾഡിംഗ്, പ്രീമിയം ഡോർ വൈസർ, ഓൾ-വെതർ 3D മാറ്റുകൾ, വെൽക്കം ഡോർ ലാമ്പ് എന്നിവയാണ് ടൊയോട്ട അർബൻ ക്രൂയിസർ ടൈസർ ലിമിറ്റഡ് എഡിഷന്റെ ആക്‌സസറി പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മാരുതി സുസുക്കി ഫ്രോങ്ക്സിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ടൊയോട്ട അർബൻ ക്രൂയിസർ ടൈസറിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല. ടൊയോട്ടയായി മാറുമ്പോൾ ചില സവിശേഷമായ ഡിസൈൻ ഘടകങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. കൂപ്പെ ശൈലിയിലുള്ള സബ്‌കോംപാക്‌ട് എസ്‌യുവിക്ക് പുതിയ ഗ്ലോസ് ബ്ലാക്ക് ബോൾഡർ ഹണികോംബ് മെഷ് ഗ്രിൽ, പുതിയ ട്വിൻ എൽഇഡി ഡിആർഎൽ, ടൊയോട്ട ലോഗോ എന്നിവയാണ് ഡിസൈനിൽ ലഭിക്കുന്ന പരിഷ്ക്കാരങ്ങൾ.
ബൂട്ടിലെ ലൈറ്റ് ബാർ വഴി ബന്ധിപ്പിക്കുന്ന ട്വീക്ക് ചെയ്ത എൽഇഡി ടെയിൽലൈറ്റുകളും എസ്‌യുവിക്ക് ലഭിക്കുന്നു. അതേസമയം മോഡലിൽ പുതുതായി ഡിസൈൻ ചെയ്‌ത അലോയ് വീലുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇനി അകത്തളത്തിലേക്ക് നോക്കിയാൽ ടൊയോട്ട അർബൻ ക്രൂയിസർ ടെയ്‌സറിൻ്റെ ഇന്റീരിയറിന് പുതിയ ഡ്യുവൽ-ടോൺ ട്രീറ്റ്‌മെൻ്റ് ലഭിക്കുന്നത് കാണാം. അതേസമയം മറ്റെല്ലാ ഫീച്ചറുകളും ഫ്രോങ്ക്‌സിന് സമാനമാണ്.
ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, കണക്റ്റഡ് കാർ ടെക്‌നോളജി, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി, 360-ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ, ഡിആർഎല്ലുകളുള്ള ഓട്ടോമാറ്റിക് എൽഇഡി ഹെഡ്‌ലാമ്പുകൾ, ആറ് സ്പീക്കർ സൗണ്ട് സിസ്റ്റം, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, റിയർ എസി വെൻ്റുകൾ എന്നിവ പോലുള്ള അത്യാധുനിക സംവിധാനങ്ങളെല്ലാം ടൊയോട്ട കൊടുത്തിട്ടുണ്ട്.
1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ ടൊയോട്ട ടൈസർ വാഗ്ദാനം ചെയ്യുന്നത്. 1.2 NA മോഡൽ 89 bhp കരുത്തിൽ പരമാവധി 113 Nm torque ഉത്പാദിപ്പിക്കുമ്പോൾ ടർബോചാർജ്ഡ് യൂണിറ്റ് 99 bhp പവറിൽ 148 Nm torque വരെ നൽകും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ 5-സ്പീഡ് എഎംടി, ടർബോ പെട്രോളിന് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ എന്നിവയും ലഭിക്കും.


Click it and Unblock the Notifications








