കേന്ദ്ര ബജറ്റ് 2024: ഹൈബ്രിഡ് കാറുകൾക്ക് വില കുറയുമോയെന്ന് നാളെ അറിയാം, പ്രതീക്ഷയോടെ വാഹന ലോകം
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ഏതൊക്കെ വസ്തുക്കള്‍ക്ക് വിലകൂടും, ഏതിനൊക്കെ കുറയും എന്ന് കാത്തിരിക്കുന്നതിനൊപ്പം വാഹന വിപണയും ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാവുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള ബജറ്റായിരിക്കും നാളെ അവതരിപ്പിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനോടകം പ്രഖ്യാപിച്ചിട്ടുമുണ്ട്. ആയതിനാൽ കേന്ദ്ര ബജറ്റ് എപ്പോഴും വാഹന മേഖലയെ സംബന്ധിച്ച് വളരെയധികം പ്രതീക്ഷ നൽകുന്ന ഒന്നാണ്. ഈ വർഷമാദ്യം നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോൾ വാഹന വ്യവസായത്തെ കാര്യമായി പരിഗണിച്ചതുമില്ലായിരുന്നു.
ആയതിനാൽ നാളെ അവതരിപ്പിക്കാനിരിക്കുന്ന 2024 യൂണിയൻ ബജറ്റിനെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് ഇന്ത്യൻ വാഹന വിപണി കാത്തിരിക്കുന്നത്. ഫെയിം III, ഹൈബ്രിഡ് കാറുകൾക്ക് ടാക്‌സ് ഇളവ്, പെട്രോളിയം ഉൽപ്പനങ്ങൾ ജിഎസ്‌ടി പരിധിക്കുള്ളിൽ കൊണ്ടുവരുന്നത് പോലുള്ള ഒരുപാട് കാര്യങ്ങൾ മൂന്നാം മോദി സർക്കാരിൽ നിന്നും ആളുകൾ പ്രതീക്ഷിക്കുന്നുണ്ട്. 2024 കേന്ദ്ര ബജറ്റിൽ നിന്നുള്ള ഇന്ത്യൻ വാഹന മേഖലയുടെ പ്രതീക്ഷകൾ എന്തെല്ലാമെന്ന് നോക്കിയാലോ?

സമീപകാലത്ത് ഇന്ത്യൻ വാഹന വ്യവസായത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി ഇളവ്. പെട്രോൾ അല്ലെങ്കിൽ ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് പരിസ്ഥിതിക്ക് കൂടുതൽ അനുയോജ്യമായ ഈ സാങ്കേതികവിദ്യക്ക് നിലവിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത് പരിഗണിച്ച് നികുതി കുറയ്ക്കാൻ തീരുമാനിച്ചാൽ രാജ്യത്തെ വാഹന വിപണിയുടെ മുഖഛായ തന്നെ മാറും.
കഴിഞ്ഞ രണ്ട് മാസമായി ടൊയോട്ട, മാരുതി പോലുള്ള ഇന്ത്യയിലെ വലിയ വാഹന നിർമാതാക്കൾ ഹൈബ്രിഡ് വാഹനങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ വേണമെന്ന് വാദിക്കുന്നവരാണ്. എന്നിരുന്നാലും സമ്പൂർണ വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുന്ന ടാറ്റ മോട്ടോർസ് പോലുള്ള കമ്പനികളെല്ലാം ഇതിന് എതിരാണ്. ഹൈബ്രിഡ് സാങ്കേതികവിദ്യ മലിനീകരണം പുറന്തള്ളുന്നുവെന്നും ഒരു തരത്തിലും ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനങ്ങളുമായി താരതമ്യപ്പെടുത്താനാവില്ലെന്നുമാണ് ഇവരുടെ വാദം. ആയതിനാൽ കേന്ദ്രം ഏത് ഭാഗത്ത് നിൽക്കുമെന്ന കാര്യം കണ്ടറിയണം.

2024 യൂണിയൻ ബജറ്റ് നിന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു പ്രധാന പ്രഖ്യാപനം ഫെയിമിന്റെ മൂന്നാംഘട്ടമാണ് (FAME 3). ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് (FAME) പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ വിജയകരമായി നടപ്പിലാക്കിയതിന് ശേഷം വാഹന വ്യവസായം ഇതിന്റെ മൂന്നാം ഘട്ടത്തിനായി ഇപ്പോൾ കാത്തിരിക്കുകയാണ്. ന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റിയുടെ വളർച്ചയെ കൂടുതൽ ശക്തിപ്പെടുത്തുന്ന തീരുമാനമായിരിക്കും.
ഈ ദശാബ്ദത്തിൻ്റെ അവസാനത്തോടെ രാജ്യത്തെ മൊത്തം വാഹന വിൽപ്പനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ സംഭാവന 30 ശതമാനത്തോളം ഉണ്ടാവമണെന്നാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിലേക്ക് FAME 3 ഒരു നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഇവി ആവാസവ്യവസ്ഥയുടെ സമഗ്രമായ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ സംരംഭത്തിനായി സർക്കാർ വലിയൊരു തുക തന്നെ മാറ്റിവെക്കുമെന്നാണ് വാഹന വ്യവസായത്തിന്റെ പ്രതീക്ഷ.

സ്ക്രാപ്പേജ് പോളിസിക്കും കൂടുതൽ ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങൾ നാളെയുണ്ടാവുമെന്നാണ് കരുതുന്നത്. കേന്ദ്ര സർക്കാർ വാഹന സ്‌ക്രാപ്പേജ് നയം ഇതിനകം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, വാഹന സ്‌ക്രാപ്പേജ് പോളിസി തിരഞ്ഞെടുക്കുന്ന വാഹന ഉടമകൾക്ക് ഇത്തരണത്തെ ബജറ്റ് ഒരു പ്രോത്സാഹനം അവതരിപ്പിക്കുമെന്നാണ് അനുമാനം. പഴയതും മലിനീകരണം പുറന്തള്ളുന്നതുമായ വാഹനങ്ങൾ നിർത്തലാക്കി പുതിയ വാഹനവ്യൂഹം സ്ഥാപിക്കുക എന്ന തന്ത്രത്തിന് ഇത് കൂടുതൽ കരുത്ത് നൽകും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








