വരുന്നത് 30 കി.മീ. മൈലേജ് കിട്ടുന്ന കാറുകൾ, ലിസ്റ്റ് കണ്ടാൽ ബൈക്കിന് പകരം കാർ വാങ്ങിയാലോന്ന് ആലോചിച്ച് പോവും
ലോകം മുഴുവൻ ഇലക്‌ട്രിക് കാറുകളുടെ പിന്നാലെ പായുമ്പോൾ നാം ഇന്ത്യക്കാർക്ക് ഇവികളെ അത്ര വിശ്വാസമൊന്നുമില്ല. മുടക്കുമുതൽ കൂടുതലാണെന്നതും കമ്പനി പറയുന്ന റേഞ്ച് കിട്ടില്ലെന്നതും തീപിടിത്തം പോലുള്ള കാര്യങ്ങളാണ് പലരേയും പിന്നോട്ടുവലിക്കുന്നത്. എന്നാൽ പെട്രോൾ അല്ലെങ്കിൽ ഒരു ഡീസൽ വണ്ടി എടുത്താലോ എന്നാലോചിക്കുമ്പോൾ ഇയർന്നു നിൽക്കുന്ന ഇന്ധന വിലയാണ് തലവേദന. എന്നാൽ ഇവിടെയാണ് സിഎൻജി കാറുകളുടെ പ്രധാന്യം ആളുകൾ മനസിലാക്കിയത്. ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളിൽ സിഎൻജി കാറുകളാണ് കൂടുതൽ കാണാനാവുന്നതെങ്കിലും കേരളത്തിലുൾപ്പടെയുള്ളവർക്ക് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വാഹനങ്ങളോട് പ്രത്യേകം അടുപ്പം വന്നുതുടങ്ങിയിട്ടുണ്ട്.
പെട്രോൾ, ഡീസൽ മോഡലുകളേക്കാൾ മൈലേജും ഇവികളേക്കാൾ പ്രായോഗികമാണെന്നതുമാണ് സിഎൻജി വാഹനങ്ങളുടെ പ്രത്യേകത. പിന്നെ ഇന്ധനത്തിന് താരതമ്യേനയുള്ള വിലക്കുറവും ആളുകളെ ആകർഷിക്കുന്നുണ്ട്. എൻട്രി ലെവൽ കാറുകളിൽ പോലും ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റ് ലഭിക്കുമെന്നതും ശ്രദ്ധേയമാണ്. ശരിക്കും പറഞ്ഞാൽ ഇവയെല്ലാം ഒരു ബൈ-ഫ്യുവൽ വാഹനങ്ങളാണ്. സിഎൻജി തീർന്നാൽ ഏളുപ്പത്തിൽ തന്നെ പെട്രോളിലേക്ക് മാറാനും ഇവയ്ക്കാവും.

മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി പോലുള്ള രാജ്യത്തെ മുൻനിര ബ്രാൻഡുകളെല്ലാം സിഎൻജി കാറുകൾക്ക് പ്രത്യേക പരിഗണന കൊടുക്കുന്നുമുണ്ട്. മാരുതിയിലേക്ക് നോക്കിയാൽ K10 മുതൽ ഇങ്ങ് ഗ്രാൻഡ് വിറ്റാര വരെ സിഎൻജിയിൽ ഓടുന്നുണ്ട്. അതേസമയം ടാറ്റയും ഇക്കാര്യത്തിൽ പിന്നിലല്ല. ഈ വർഷം തന്നെ സിഎൻജിയുമായി വരാനിരിക്കുന്ന നിരവധി കാറുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. അവ ഏതെല്ലാമെന്ന് ഒന്ന് നോക്കിയാലോ?
മാരുതി സ്വിഫ്റ്റ് സിഎൻജി: നാലാംതലമുറയിലേക്ക് ചേക്കേറിയ പാവങ്ങളുടെ മിനി കൂപ്പർ വാങ്ങാൻ ഇപ്പോൾ തന്നെ ഷോറൂമിൽ വലിയ തിരക്കാണ്. ഇതോടൊപ്പം ഗംഭീര മൈലേജുള്ള സിഎൻജി വേരിയന്റ് കൂടി എത്തുമ്പോൾ മാരുതി സുസുക്കിക്ക് അതൊരു ചാകര തന്നെയായിരിക്കും. ഏതാണ്ട് ഈ വർഷം ഉത്സവ സീസണോടെ വിപണിയിൽ എത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹാച്ച്ബാക്കിന് 1.2 ലിറ്റർ 3-സിലിണ്ടർ Z12E എഞ്ചിൻ തന്നെയായിരിക്കും തുടിപ്പേകുക.

എന്നാൽ സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കണക്കുകളിൽ കാര്യമായ കുറവ് വന്നേക്കാം. എന്നാൽ മൈലേജിന്റെ കാര്യത്തിൽ ആരുടേയും കണ്ണുതള്ളും. സ്വിഫ്റ്റ് പെട്രോൾ, അതിൻ്റെ ഏറ്റവും പുതിയ രൂപത്തിൽ, മാനുവലിന് ലിറ്ററിന് 24.8 കിലോമീറ്റർ മൈലേജ് നൽകുന്നുണ്ടെങ്കിലും സിഎൻജി പതിപ്പ് എത്തുന്നതോടെ ഇന്ധനക്ഷമത 30.9 കിലോമീറ്ററായി ഉയരുമെന്നാണ് വിവരം.
ടാറ്റ നെക്സോൺ സിഎൻജി: രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയായ നെക്സോണിനും ഉടൻ തന്നെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റ് ലഭിക്കും. 2024 ഭാരത് മൊബിലിറ്റി ഷോയിൽ അവതരിപ്പിച്ച നെക്‌സോൺ സിഎൻജി അധികം വൈകാതെ നിരത്തിലേക്കെത്തും. ടാറ്റയുടെ നൂതനമായ ട്വിൻ സിഎൻജി സിലിണ്ടർ സാങ്കേതികവിദ്യയുമായി ചേർന്ന് 1.2 ലിറ്റർ, 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാവും വാഹനത്തിലുണ്ടാവുക.

നിലവിൽ ഇന്ത്യയിലെ ഒരു കാറിലുമില്ലാത്ത ടർബോചാർജറിൻ്റെയും സിഎൻജി സാങ്കേതികവിദ്യയുടെയും സംയോജനമാണ് ടാറ്റ നെക്സോൺ സിഎൻജിയുടെ മറ്റൊരു പ്രത്യേകത. ഇതുവഴി പെട്രോളിലും സിഎൻജിയിലും ഒരേപോലെ പെർഫോമൻസ് ലഭിക്കുകയും ചെയ്യും. വാഹനത്തിന്റെ മൈലേജ് കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏകദേശം 25-27 കിലോമീറ്റർ ഇന്ധനക്ഷമത സിഎൻജിയിൽ കിട്ടിയേക്കുമെന്നാണ് വിവരം.
മാരുതി ഡിസയർ സിഎൻജി: പുതിയ 2024 മോഡൽ സ്വിഫ്റ്റിനെ അടിസ്ഥാനമാക്കിയുള്ള ഡിസയർ ഇതുവരെ വിപണിയിൽ എത്തിയിട്ടില്ലെങ്കിലും കോംപാക്‌ട് സെഡാൻ ഈ വർഷം തന്നെ വിൽപ്പനയ്ക്ക് എത്തിയേക്കും. നിലവിൽ പരീക്ഷണയോട്ടത്തിലാണെങ്കിലും പുതുതലമുറ മോഡൽ സിഎൻജി ഓപ്ഷനോടെ തന്നെയാവും ലാൻഡ് ചെയ്യുക. സ്വിഫ്റ്റിലെ അതേ എഞ്ചിൻ സവിശേഷതകളും മൈലേജുമായിരിക്കും ഇതിലുമുണ്ടാവുക.
ഹ്യുണ്ടായി ഡ്യുവൽ സിലിണ്ടർ സിഎൻജി: ബൂട്ട് സ്പേസ് ലാഭിക്കാനായി ടാറ്റയുടെ ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ പോലുള്ളയുള്ള സംവിധാനം തങ്ങളുടെ വാഹനങ്ങളിലേക്കും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ്. ഈ സംവിധാനം ഹ്യുണ്ടായിയിലേക്ക് എത്തുമ്പോൾ ഹൈ-സിഎന്‍ജി' (Hy-CNG) എന്നും 'ഹൈ-സിഎന്‍ജി ഡ്യുവോ' (Hy-CNG Duo) എന്നുമായിരിക്കും അറിയപ്പെടുക.
ഗ്രാന്‍ഡ് ഐ10 നിയോസ്, ഓറ, എക്സ്റ്റര്‍ എന്നിങ്ങനെ മൂന്ന് കാറുകളിലാണ് ഹ്യുണ്ടായി നിലവില്‍ സിഎന്‍ജി വാഗ്ദാനം ചെയ്യുന്നത്. ഇവയെല്ലാം പുതിയ സംവിധാനത്തിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോൾ ബേസ് സിഎൻജി വേരിയന്റുകളിൽ ഹൈ-സിഎന്‍ജി സിംഗിള്‍ സിലിണ്ടര്‍ കിറ്റുകളും കൂടുതല്‍ പ്രീമിയം വേരിയന്റുകളിൽ ഹൈ-സിഎന്‍ജി ഡ്യുവോ ട്വിൻ സിലിണ്ടര്‍ കിറ്റുകൾ ഒരുക്കാനും സാധ്യതയുണ്ട്.


Click it and Unblock the Notifications








