ഡിസയറിന്റെ വില കേട്ട് ബുക്ക് ചെയ്യരുതേ, അതേ വിലയ്ക്ക് ഹോണ്ടയുടെ പുതിയ കാർ വരുന്നുണ്ട്; കണ്ടാൽ ഇഷ്‌ടാവും
എസ്‌യുവികളോട് ഏറ്റമുട്ടാൻ കച്ചകെട്ടിയിറങ്ങുകയാണ് ഇന്ത്യയിലെ കോംപാക്‌ട് സെഡാനുകൾ. മാരുതി സുസുക്കി ഡിസയർ പുതുതലമുറയിലേക്ക് ചേക്കേറിയപ്പോൾ സെഗ്മെന്റിലെ രണ്ടാമനായ ഹോണ്ട അമേസും വിസ്‌മയിപ്പിക്കാനായി ഇറങ്ങുകയാണ്. ഡിസറിയന്റെ ബുക്കിംഗ് ആരംഭിച്ച തീയതിയിൽ തന്നെ അമേസിന്റെ ടീസർ ചിത്രം പുറത്തുവിട്ട് ഹോണ്ട ആദ്യം മത്സരത്തിന് ഞങ്ങളുമുണ്ടെന്ന് പ്രഖ്യാപിച്ചു. ഇപ്പോഴിതാ മാരുതി തങ്ങളുടെ പുതിയ സെഡാന്റെ വില പ്രഖ്യാപിച്ച മണിക്കൂറിൽ തന്നെ വരാനിരിക്കുന്ന അമേസിന്റെ കൂടുതൽ ചിത്രങ്ങൾ വെളിപ്പെടുത്തി ആരാധകരെ വശത്താക്കിയിരിക്കുകയാണ്. മാരുതി ഡിസയർ വാങ്ങാൻ വരട്ടെ എന്ന് പറയാതെ പറയുന്ന ഐഡിയ എന്തായാലും സമ്മതിച്ചേ പറ്റൂ.
സെഡാന്റെ എക്സ്റ്റീരിയറും ഇന്റീരിയറും ഫീച്ചറുകളും എങ്ങനെയായിരിക്കുമെന്ന രേഖാചിത്രമാണിത്. പുതുതലമുറ അമേസിന്റെ പുതിയ കിടിലൻ ഡിസൈനും അകത്തളത്തിലെ വിശേഷങ്ങളും ചിത്രങ്ങളിലൂടെ എളുപ്പത്തിൽ മനസിലാക്കിയെടുക്കാനാവും. സിറ്റി സെഡാനിൽ നിന്നും എലിവേറ്റ് എസ്‌യുവിയിൽ നിന്നും ഡിസൈൻ ഘടകങ്ങൾ കടമെടുത്താണ് പുതിയ കോംപാക്‌ട് സെഡാൻ ഹോണ്ട പണികഴിപ്പിക്കുന്നത്.

പുതിയ അമേസിൻ്റെ മുൻഭാഗം എലിവേറ്റ് എസ്‌യുവിയുടെ ബേബി പതിപ്പ് പോലെയാണിരിക്കുന്നത്. പുരികം പോലെയുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള പുതിയ ഹെഡ്‌ലാമ്പുകൾ, മെലിഞ്ഞ ക്രോം ട്രിം ഹെഡ്‌ലൈനുകൾ എന്നിവയെല്ലാം എലിവേറ്റിൻ്റേതിന് സമാനമാണ്. ഷാർപ്പ് ലുക്കിംഗുള്ള ഫ്രണ്ട് ഗ്രില്ലാണ് മറ്റൊരു ഹൈലൈറ്റ്. ഫോഗ് ലാമ്പും സെൻട്രൽ എയർ ഡാമും സ്പോർട്ടി ലുക്കിനോട് നീതി പുലർത്തിയിട്ടുമുണ്ട്.
വശക്കാഴ്ച്ചയിൽ നീളത്തിൽ ഒഴുകുന്ന ഷാർപ്പ് ആയിട്ടുള്ള ക്യാരക്ടർ ലൈനുകളാണ് ആദ്യം കണ്ണിലുടക്കുക. അതോടൊപ്പം മൾട്ടി-സ്‌പോക്ക് അലോയ് വീലുകളും കൂടിയാവുന്നതോടെ അമേസ് അമേസിംഗാവുന്നു. പിന്നിലേക്ക് വന്നാൽ ജൂനിയർ സിറ്റിയാണിവൻ എന്നുറപ്പിക്കുന്ന വിധമുള്ള ലുക്കാണ് അമേസിന് കൊടുത്തിരിക്കുന്നത്. നമ്പർ പ്ലേറ്റ് ഹൗസിന് ചുറ്റുമുള്ള ടെയിൽ ലാമ്പുകളുടെ രൂപവും മിഡ്-സൈസ് സെഡാന് സമാനമാണ് കേട്ടോ.

അങ്ങനെ നിലവിലെ ആവർത്തനത്തെ അപേക്ഷിച്ച് ഡിസൈനിന്റെ കാര്യത്തിൽ കൂടുതൽ പ്രീമിയം ആവാനും ഹോണ്ട അമേസിനായിട്ടുണ്ട്. അകത്തളത്തിലേക്ക് കയറിയാൽ ഡാഷ്‌ബോർഡ് ഡിസൈൻ എലവേറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. വലിയ 10.25 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, HVAC കൺട്രോളുകൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാം കമ്പനി ഇന്റീരിയറിൽ ഒരുക്കിയിട്ടുണ്ട്.
എസി വെൻ്റുകളുമായി തടസമില്ലാതെ ലയിക്കുന്ന ഡാഷ്‌ബോർഡ് പാനലിനുള്ള ടെക്‌സ്ച്ചർഡ് ഫിനിഷാണ് കാറിനെ സവിശേഷമാക്കുന്നത്. ഡാഷ്‌ബോർഡിന് ടൂ-ടോൺ ഫിനിഷ് കൊടുത്തിരിക്കുന്നതും എടുത്തു പറയേണ്ട സംഗതിയാണ്. വരാനിരിക്കുന്ന പുത്തൻ അമേസിലെ വയർലെസ് ചാർജിംഗ് ഷെൽഫ്, യുഎസ്ബി പോർട്ടുകൾ, രണ്ട് കപ്പ് ഹോൾഡറുകൾ എന്നിവയുള്ള സെൻ്റർ കൺസോൾ ലേഔട്ടും എലിവേറ്റിന് സമാനമാണ്.

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന സൺറൂഫ് കാറിൽ ഇനിയും കൊടുക്കാൻ ഹോണ്ട തയാറായിട്ടില്ല. എന്നാൽ സേഫ്റ്റി വർധിപ്പിക്കാനായി പുതിയ അമേസിന് ADAS സ്യൂട്ട് ലഭിച്ചേക്കുമെന്ന് വിവരമുണ്ട്. മിക്കവാറും കോംപാക്‌ട് സെഡാന്റെ ടോപ്പ് വേരിയന്റുകളിലായിരിക്കും അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം ജാപ്പനീസ് ബ്രാൻഡ് കൊടുക്കുക. ഇത് യാഥാർഥ്യമായാൽ ഈ ഫീച്ചർ ലഭിക്കുന്ന സെഗ്മെന്റിലെ ആദ്യ കാറാവും അമേസ്.
അകത്തും പുറത്തും ഇത്രയും മാറ്റങ്ങളും പരിഷ്ക്കാരങ്ങളും ഉണ്ടാവുമെങ്കിലും എഞ്ചിനിൽ മാറ്റമുണ്ടാവില്ല. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിനുമായി പുതിയ അമേസ് തുടരും. ഹോണ്ട അമേസ് പുതിയ ഡിസയറിനെയാവും പ്രധാനമായും ഉന്നംവെക്കുക. കൂടാതെ ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോർ എന്നിവയിൽ നിന്നുള്ള മത്സരവും കാണും. പുതിയ അമേസിൻ്റെ വില ഡിസംബർ നാലിന് പ്രഖ്യാപിക്കും.


Click it and Unblock the Notifications








