സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ പോലും സർക്കാർ സമ്മതിക്കൂലേ... പഴയ വണ്ടികളുടെ നികുതി കുത്തനെ കൂട്ടി
സ്വന്തമായി ഒരു കാർ വാങ്ങുകയെന്നത് പലരുടേയും വലിയ സ്വപ്‌നങ്ങളിൽ ഒന്നാണ്. സാധാരണ കുടുംബത്തിന് ഉപയോഗിക്കാൻ മോശമല്ലാത്ത ഇടത്തരം വാഹനം വാങ്ങണമെങ്കിൽ തന്നെ 7 മുതൽ 8 ലക്ഷം രൂപ വരെയെങ്കിലും മുടക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. അതിനാൽ തന്നെ പുതിയത് വാങ്ങുന്നതിലും കൂടുതൽ ആളുകൾ ഇപ്പോഴും ആശ്രയിക്കുന്നത് സെക്കൻഡ് വാഹനങ്ങളേയാണെന്നതിൽ (Used Cars) സംശയമൊന്നും വേണ്ട. പുത്തൻ കാറുകൾക്ക് അടിക്കടി വില കൂടുന്നതും റോഡ് ടാക്‌സ്, ഇൻഷുറൻസ് എന്നിങ്ങനെ അധികം തുക അടക്കേണ്ടി വരുന്നതുമെല്ലാം പലർക്കും വലിയൊരു ഭാരം തന്നെയാണ്.
ഇതുകൊണ്ടെല്ലാം നേട്ടം കൊയ്യുന്നത് യൂസ്‌ഡ് കാർ വിപണിയാണ്. പ്രമുഖ വാഹന നിർമാതാക്കളെല്ലാം 2025 ജനുവരി മുതൽ മോഡൽ നിരയിലെല്ലാം വില വർധനവ് പ്രഖ്യാപിച്ചിരിക്കുന്നതും സെക്കൻഡ് കാർ വിപണിക്ക് സഹായകരമാവുമെന്നായിരുന്നു വിലയിരുത്തലുകൾ. എന്നാൽ യൂസ്‌ഡ് വാഹന സെഗ്മെന്റിനെ തളർത്തുന്ന പുതിയൊരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ സെക്കൻഡ് ഹാൻഡ് കാറുകളുടെ നികുതി നിരക്ക് 12 ശതമാനത്തിൽ നിന്നും 18 ശതമാനമായി വർധിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്‌ടി കൗൺസിൽ തീരുമാനിച്ചു. യൂസ്‌ഡ് കാർ വിൽപ്പനക്കായി രജിസ്റ്റർ ചെയ്ത ഡീലർമാരേയാണ് ഈ തീരുമാനം നേരിട്ട് ബാധിക്കുക. 1200 സിസി വരെ എഞ്ചിനുകളുള്ള വാഹനങ്ങൾ വിൽക്കുമ്പോഴാണ് ഈ മാറ്റം ബാധകമാവുക.
55-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് നികുതി വർധനവിനെ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഒരു വ്യക്തി താൻ ഉപയോഗിച്ച വാഹനം നേരിട്ട് മറ്റൊരാൾക്ക് വിൽക്കുമ്പോൾ നികുതി വർധനവ് ബാധകമാവില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. പ്രധാനമായും ഡീലർഷിപ്പുകളേയാണ് ഈ ടാക്‌സ് പരിഷ്ക്കാരം സാരമായി ബാധിക്കുക. മുമ്പ് 1200 സിസിയിൽ കൂടുതലുള്ള എഞ്ചിൻ ശേഷിയുള്ള കാറുകൾക്ക് 18 ശതമാനം നികുതിയായിരുന്നു ചുമത്തിയിരുന്നത്.

എന്നാൽ ഇതിന് താഴെയുള്ളവയ്ക്ക് 12 ശതമാനം നികുതിയായിരുന്നു ഈടാക്കിയിരുന്നത്. എന്തായാലും ഇനി മുതൽ 1200 സിസിയോ അതിൽ കൂടുതലോ എഞ്ചിൻ ശേഷിയും 4,000 മില്ലിമീറ്ററോ അതിൽ കൂടുതലോ നീളവുമുള്ള പെട്രോൾ എഞ്ചിൻ പ്രൊപ്പൽഡ് വാഹനങ്ങൾ, 1,500 സിസിയോ അതിൽ കൂടുതലോ എഞ്ചിൻ ശേഷിയും 4,000 മില്ലിമീറ്ററോ അതിൽ കൂടുതലോ നീളവുമുള്ള ഡീസൽ വാഹനങ്ങൾ, എസ്‌യുവി എന്നിവക്കെല്ലാം 18 ജിഎസ്ടി നൽകേണ്ടി വരും.
യൂസ്‌ഡ് കാർ വിപണി അടുത്തിടെ ഗണ്യമായ വളർച്ച കൈവരിച്ചിരുന്നതായാണ് റിപ്പോൾട്ടുകൾ. 2023-24 കാലയളവിൽ ഏകദേശം 50 ലക്ഷം കാറുകളുടെ വിൽപ്പന സെക്കൻഡ് ഹാൻഡ് വിപണിയിലുണ്ടായിട്ടുണ്ട്. മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ കമ്പനികളിൽ നിന്നുള്ള സർട്ടിഫൈഡ് പ്രീ-ഓൺഡ് ഡീലർഷിപ്പുകളും സ്പിന്നി, കാർസ് 24 പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുമെല്ലാം ഈ വളർച്ചയുടെ ഭാഗമാണ്.

ജിഎസ്‌ടി കൗൺസിലിന്റെ പുതിയ തീരുമാന പ്രകാരം യൂസ്‌ഡ് വാഹനങ്ങൾ വിൽക്കുന്ന ഡീലർമാർ 18 ശതമാനം ജിഎസ്ടിയോടെയാവും ഇനി മുതൽ വാഹനങ്ങൾ വിൽക്കുക. ഇത് ഉപഭോക്താക്കൾക്കുള്ള റീട്ടെയിൽ വിലയിൽ ഉൾപ്പെടുത്തും. അതായത് വ്യക്തിഗത വിൽപ്പനക്കാരെ ഒഴിവാക്കി ഡീലർഷിപ്പുകളിൽ നിന്ന് പ്രീ-ഓൺഡ് വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾ മുമ്പ് നൽകിയിരുന്നതിനേക്കാൾ ആറ് ശതമാനം കൂടുതൽ നികുതി നൽകേണ്ടിവരും.
വിതരണക്കാരന്റെ ലാഭത്തിന് മേൽ മാത്രമേ ജിഎസ്ടി ബാധകമാകൂവെന്നും ജിഎസ്‌ടി കൗൺസിൽ അറിയിച്ചിട്ടുണ്ട്. എന്തായാലും പുതിയ തീരുമാനം ഒരു രീതിക്ക് അല്ലെങ്കിൽ മറ്റൊരു രീതിക്ക് ആളുകളുടെ കാർ എന്ന സ്വപ്‌നത്തെ ബാധിക്കാൻ ഇടയുണ്ട്. മുന്നോട്ട് കുതിച്ചിരുന്ന യൂസ്‌ഡ് കാർ വിപണിയേയും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.


Click it and Unblock the Notifications








