7.69 ലക്ഷത്തിന് 200 കി.മീ. റേഞ്ചുള്ള മിനി ഇക്‌ട്രിക് എസ്‌യുവി, 66 മണിക്കൂറിൽ വാങ്ങാനെത്തിയത് 27,000 ആളുകൾ
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിയറ്റ്നാം കമ്പനിയായ വിൻഫാസ്റ്റ് വരുന്നുവെന്ന വാർത്ത അടുത്തിയെടാണ് നാമെല്ലാം കേട്ടത്. ചെറിയ വിലയിൽ ഇവികൾ സമ്മാനിക്കുന്ന എംജി മോട്ടോർസിനും ടാറ്റ മോട്ടോർസിനുമുള്ള വമ്പൻ പണിയാണ് വരുന്നതെന്നാണ് വിവരം. ആഭ്യന്തര വിപണിയിൽ വൈദ്യുത വാഹനങ്ങൾ നിർമിക്കാനായി രാജ്യത്ത് 16,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് വിൻഫാസ്റ്റ് നടത്തിയിരിക്കുന്നത്.
തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് വിൻഫാസ്റ്റ് തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹന നിർമാണ ഫാക്ടറി ആരംഭിക്കുന്നതെന്നാണ് വിവരം. 2017-ൽ പ്രവർത്തനം ആരംഭിച്ച വിൻഫാസ്റ്റ് ഇലക്ട്രിക് കാറുകൾ നിർമിക്കുന്നതിൽ തങ്ങളുടെ വൈദഗ്ധ്യം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. കണ്ടാൽ ആരും മോഹിക്കുന്ന കിടിലൻ ഡിസൈനും പോക്കറ്റിന് ഇണങ്ങുന്ന വില നിർണയവുമാണ് ബ്രാൻഡിന്റെ മുഖമുദ്ര തന്നെ.

അടുത്തിടെ മാതൃരാജ്യത്ത് അവതരിപ്പിച്ച VF 3 കോംപാക്ട് ഇലക്ട്രിക് എസ്‌യുവിക്ക് ലഭിച്ച സ്വീകാര്യത തന്നെ മതി എതിരാളികൾക്ക് ഭയക്കാൻ. ബുക്കിംഗ് തുടങ്ങി വെറും 66 മണിക്കൂറിനുള്ളിൽ ഈ മൈക്രോ സ്പോർട് യൂട്ടിലിറ്റി വാഹനം വാരിയത് 27,000 ബുക്കിംഗുകളോളമാണെന്ന് വിൻഫാസ്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഓർഡറുകൾ റീഫണ്ട് ചെയ്യാനും കൈമാറ്റം ചെയ്യാനും കഴിയില്ല. മെയ് 13 മുതൽ മെയ് 15 വരെ ബുക്കിംഗ് നടത്തിയ 235 മില്യൺ വിയറ്റ്നാമീസ് ഡോങിന് സ്വന്തമാക്കാം.
അതായത് ഏകദേശം 7.69 ലക്ഷത്തിന്റെ പ്രാരംഭ വിലയിൽ VF 3 ഇവി പോർച്ചിലെത്തിക്കാമെന്ന് സാരം. ബാറ്ററി സബ്‌സ്ക്രിപ്ഷന് അധിമായി 9,248 ഡോളറും മുടക്കേണ്ടി വരും. കോംപാക്‌ട് എസ്‌യുവിക്ക് 8 വർഷത്തെ അൺലിമിറ്റഡ് ബാറ്ററി വാറണ്ടിയും വിൻഫാസ്റ്റ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതേസമയം വാഹനത്തിന് 7 വർഷം അല്ലെങ്കിൽ 1,60,000 കി.മീ. വാറണ്ടിയും കിട്ടുമെന്നതിനാൽ ഇതിനെ കുറിച്ചോർത്ത് വേവലാതിപ്പേടേണ്ട.

ആദ്യത്തെ VF 3 കാറുകൾ 2024 ഓഗസ്റ്റ് മാസം ഉപഭോക്താക്കൾക്ക് ഡെലിവറി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം കുറഞ്ഞത് 20,000 വാഹനങ്ങൾ ഡെലിവർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായാണ് കമ്പനി പറയുന്നത്. വിൻഫാസ്റ്റിനുള്ള വിയറ്റ്നാമീസ് ജനതയുടെ ശക്തമായ പിന്തുണയുടെയും വിശ്വാസത്തിൻ്റെയും തെളിവാണ് 66 മണിക്കൂറിനുള്ളിൽ ലഭിച്ച 27,649 പ്രീ-ഓർഡറുകൾ എന്നു വേണം പറയാൻ.
ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കുന്നതിനു മുമ്പ് കമ്പനിയുടെ ഇമേജ് വർധിപ്പിക്കാനും ഇത് സഹായിക്കും. ദൈനംദിന ആവശ്യങ്ങൾക്ക് ഉതകുന്ന വിധത്തിലാണ് വാഹനം ഡിസൈൻ ചെയ്‌തിരിക്കുന്നത്. VF 3 ഇവിക്ക് 3,190 mm നീളവും 1,678 mm വീതിയും 1,620 mm ഉയരവുമുണ്ട്. ബൂട്ട് സ്പേസ് വിശാലമാണെന്നതും പ്രായോഗികത വർധിപ്പിക്കും. 550 ലിറ്റർ സ്റ്റോറേജ് സ്പേസും കുഞ്ഞൻ ഇലക്ട്രിക് എസ്‌യുവിയുടെ പ്രത്യേകതയാണ്.

ബാറ്ററി പാക്കിനെക്കുറിച്ച് നിലവിൽ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ഇലക്ട്രിക് മിനി-എസ്‌യുവിക്ക് ഒറ്റ ചാർജിൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് വിൻഫാസ്റ്റ് അവകാശപ്പെടുന്നത്. ആഗോള വിപണിയിൽ ഇക്കോ, പ്ലസ് എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിൽ VF3 ലഭ്യമാണ്. സിംഗിൾ-മോട്ടോർ കോൺഫിഗറേഷനിൽ മാത്രമേ ഇവി വരുന്നുള്ളൂ എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
ടോളർ, ബോക്‌സിയർ രൂപകൽപനയ്ക്കൊപ്പം മാന്യമായ ഗ്രൗണ്ട് ക്ലിയറൻസുമായാണ് വാഹനം വരുന്നത് എന്നതിനാൽ ഇന്ത്യൻ നിരത്തുകൾക്ക് ഉതകുന്നതാണെന്ന് പറയാം. എൽഇഡി ഹെഡ്‌ലാമ്പുകളും ചതുരാകൃതിയിലുള്ള ORVM-കളും ദീർഘചതുരാകൃതിയിലുള്ള ക്ലോസ്‌ഡ് ഗ്രില്ലും പിന്നിലെ ബമ്പറിന് ഒപ്പം വീൽ ആർച്ചുകളിലേക്കും നീളുന്ന കട്ടിയുള്ള കറുപ്പിലൊരുങ്ങിയിരിക്കുന്ന ബംബറും എല്ലാം സമം ചേരുമ്പോൾ കുഞ്ഞൻ ഇലക്ട്രിക് എസ്‌യുവി വേറെ ലെവലാവുന്നു.
എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും അതിമനോഹരമാണെന്ന് പറയാതെ വയ്യ. ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള നൂതനമായ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, കണക്‌റ്റഡ് കാർ ടെക്‌നോളജി, ഫോൾഡബിൾ റിയർ സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ടു-സ്പോക്ക് സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, ഡ്യുവൽ എയർബാഗുകൾ പോലുള്ള മോഡേൺ ഫീച്ചറുകളാൽ വിൻഫാസ്റ്റ് VF3 സമ്പന്നമാണ്.


Click it and Unblock the Notifications








