നെക്സോൺ ഇവി വാങ്ങാൻ വരട്ടെ, 318 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് കാർ ഇന്ത്യയിൽ കൊണ്ടുവന്ന് വിൻഫാസ്റ്റ്
ഇലക്‌ട്രിക് വാഹന രംഗത്തെ ടാറ്റ മോട്ടോർസിന്റെ ആധിപത്യം തകർക്കാനായി വിയറ്റ്നാം കമ്പനിയായ വിൻഫാസ്റ്റ് (VinFast) ഇന്ത്യയിലേക്ക് അധികം വൈകാതെ കടന്നുവരാൻ പോവുകയാണ്. ചെറിയ വിലയിൽ കിടിലൻ ഇവികൾ സമ്മാനിക്കുകയെന്ന തന്ത്രമാണ് ബ്രാൻഡ് ഇവിടെ പയറ്റാൻ പോവുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്ത് 16,000 കോടിയോളം രൂപയുടെ നിക്ഷേപവും നടത്തിയിരുന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് വിൻഫാസ്റ്റ് തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹന നിർമാണ ഫാക്ടറി തുടങ്ങുന്നത്. 2017-ൽ പ്രവർത്തനം ആരംഭിച്ച വിയറ്റ്നാമീസ് ബ്രാൻഡ് ഇലക്ട്രിക് കാറുകൾ നിർമിക്കുന്നതിലെ വൈദഗ്ധ്യം തെളിയിച്ച കാര്യമാണ്.
വിയറ്റ്നാമീസ് ഇവി നിർമാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യയിൽ VF e3, നെക്‌സോൺ ഇവി എതിരാളിയായ VF 5 എന്നിവയാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി VF e34 ഇലക്ട്രിക് ക്രോസ്ഓവറിന്റെ പരീക്ഷണയോട്ടവും രാജ്യത്ത് ആരംഭിച്ചിരിക്കുകയാണ് ബ്രാൻഡ്. വിദേശത്തുള്ള മോഡൽ എങ്ങനെയാണോ അതേ രൂപത്തിലും ഭാവത്തിലും തന്നെയായിരിക്കും ഇന്ത്യയിലും വിപണനത്തിന് എത്തുക.

മുൻവശത്തേക്ക് നോക്കിയാൽ വൈദ്യുത വാഹനങ്ങൾക്ക് സമാനമായ ക്ലോസ്‌ഡ് ഗ്രില്ലാണ് ആദ്യം കണ്ണിൽ പെടുക. ഒപ്പം സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ കൂടിയാവുന്നതോടെ സംഗതി കളറാവുന്നുണ്ട്. ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടെയിൽ-ലാമ്പുകളുടെ ആകൃതി ഏതാണ്ട് മാരുതി എർട്ടിഗയ്ക്ക് സമാനമാണെന്നതാണ് രസകരമായ കാര്യം. അതിനാൽ പിന്നിൽ നിന്ന് നോക്കിയാൽ മാരുതിയുടെ കോംപാക്‌ട് എംപിവി പോലെ പലർക്കും തോന്നാനും ഇടയുണ്ട്.
എങ്കിലും ടെയിൽഗേറ്റിൻ്റെ രണ്ടറ്റം മുതൽ മധ്യഭാഗം വരെ നീളുന്ന ഒരു അധിക ലൈറ്റിംഗ് ഘടകം വാഹനത്തിന്റെ ലുക്ക് ആകെ മാറ്റിമറിക്കുന്നുണ്ടെന്ന് വേണം പറയാൻ. വശങ്ങളിലേക്ക് നോക്കിയാൽ VF e34 ഇവിക്ക് പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗും ക്രോം വിൻഡോ ഗാർണിഷും ലഭിക്കുന്നു. വിംഗ് മിറർ വെളിപ്പെടുത്തുന്നത് ഇതിന് 360-ഡിഗ്രി ക്യാമറയും ബ്ലൈൻഡ് സ്പോട്ട് വാർണിംഗ് പ്രവർത്തനവും പോലുള്ള ഫീച്ചറുകൾ ലഭിക്കുമെന്നതാണ്.

ഇത് മിക്കമാവും അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിറ്റത്തിന്റെ (ADAS) ഭാഗമായിരിക്കുമെന്ന് വേണം കരുതാൻ. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറിലും പ്രീമിയം ഫീൽ തന്നെയായിരിക്കും ലഭിക്കുക. ഗ്രേ നിറത്തിലാവും അകത്തളം കാണാനാവുക. ക്രോം ഇൻസേർട്ടുകളും ഡ്യുവൽ ഡിജിറ്റൽ ഡിസ്‌പ്ലേകളുമുള്ള ക്യാബിനും മനോഹരമായിരിക്കും. ലെവൽ-2 ADAS, ക്ലൈമറ്റ് കൺട്രോൾ, ഡ്യുവൽ യുഎസ്ബി ചാർജിംഗ് പോർട്ടുകൾ പോലുള്ള സവിശേഷതകളും വിൻഫാസ്റ്റിന്റെ ഇലക്ട്രിക് കാറിൽ ഉണ്ടാവും.
ഹൈലൈൻ ടിപിഎംഎസ്, കണക്റ്റഡ് കാർ ടെക്‌നോളജി, 360-ഡിഗ്രി ക്യാമറ എന്നിങ്ങനെ ഒരാൾ പ്രതീക്ഷിക്കുന്ന എല്ലാ സാധാരണ കാര്യങ്ങളും ഇതിൻ്റെ ഫീച്ചർ ലിസ്റ്റിലുണ്ട്. ഒറ്റനോട്ടത്തിൽ ഫീച്ചർ ലിസ്റ്റിൽ വേറിട്ടുനിൽക്കുന്ന ഒന്നുമില്ലെങ്കിലും ഒന്നും ഒഴിവാക്കാതെ നൽകാനാവുമെന്നത് വലിയ കാര്യമാണ്. മൊത്തത്തിൽ 4.3 മീറ്റർ നീളമുള്ള വണ്ടിക്ക് 2.6 മീറ്റർ വീൽബേസാണുള്ളതെന്നാണ് വിൻഫാസ്റ്റ് പറയുന്നത്.

അതായത് രാജ്യത്തെ പ്രധാന മിഡ്-സൈസ് എസ്‌യുവികളായ കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, എംജി ആസ്റ്റർ എന്നിവയുടെ അതേ വലിപ്പമായിരിക്കും വിൻഫാസ്റ്റ് VF e3 ഇവിക്കും ഉണ്ടായിരിക്കുകയെന്ന് സാരം. നിലവിൽ ഈ ക്രോസ്ഓവർ മോഡൽ വിയറ്റ്നാമിലും ഇന്തോനേഷ്യയിലും വിൽപ്പനയ്‌ക്ക് എത്തുന്നുണ്ട്. ഇന്ത്യയിലെത്തുമ്പോൾ ഏകദേശം 20 മുതൽ 25 ലക്ഷം രൂപ വരെയായിരിക്കും വില നിശ്ചയിക്കുക.
മുൻവശത്ത് ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 41.9kWh ബാറ്ററി പായ്ക്കാണ് VF e34 ഇവിക്ക് തുടിപ്പേകുന്നത്. ഇത് 150 bhp പവറിൽ പരമാവധി 242 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. കൂടാതെ NEDC സാക്ഷ്യപ്പെടുത്തിയ 318.6 കിലോമീറ്റർ റേഞ്ചാണ് വിൻഫാസ്റ്റ് അവകാശപ്പെടുന്നത്. ഒരു ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് കാറിന്റെ ബാറ്ററി 27 മിനിറ്റിനുള്ളിൽ 10-70 ശതമാനം മുതൽ ചാർജ് ചെയ്യാം.
വരാനിരിക്കുന്ന ടാറ്റ കർവ് ഇവി, ഹ്യുണ്ടായി ക്രെറ്റ ഇവി, മാരുതി eVX എന്നിവയ്‌ക്കൊപ്പം VF e34 മത്സരിക്കും. വിൻഫാസ്റ്റ് എസ്‌യുവി പിന്നീട് പ്രാദേശികവൽക്കരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. എന്നാൽ പ്രാദേശികവൽക്കരണം ആരംഭിച്ചാൽ ബാറ്ററി ഇന്തോനേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെടും. ഇതിനു ശേഷം മഹീന്ദ്ര XUV400, ടാറ്റ നെക്സോൺ ഇവി എന്നിവയ്ക്ക് എതിരാളിയായി VF 5 മോഡലും വിൻഫാസ്റ്റ് അവതരിപ്പിക്കും.


Click it and Unblock the Notifications








