വിലകൂടി സെറ്റായാൽ എല്ലാവരും വാങ്ങുക ഈ മിനി ഇലക്ട്രിക് എസ്‌യുവി, വിൻഫാസ്റ്റ് VF3 ഇന്ത്യയിലേക്ക്
ശൈശവവും ബാല്യവും കഴിഞ്ഞ് കൗമാരത്തിൽ എത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണി. ടാറ്റ മോട്ടോർസ് ജനപ്രിയമാക്കിയ ഇവി വിഭാഗത്തിൽ ഇന്ന് ധാരാളം ബ്രാൻഡുകൾ പിറവിയെടുത്തും കഴിഞ്ഞു. എന്നാൽ പലരും കാത്തിരുന്നത് വൈദ്യുത വാഹനങ്ങളുടെ അധിപൻമാരായ ടെസ്‌ലയെ ആയിരുന്നു. ഇനിയും വരാൻ വൈകുമ്പോൾ BYD പോലുള്ള ബ്രാൻഡുകൾ രാജ്യം വെട്ടിപ്പിടിച്ചു തുടങ്ങിയിട്ടുണ്ട്.
എന്നാൽ ആഗോള വിപണിയിൽ ടെസ്‌ലക്കും BYD ബ്രാൻഡിനും ഭീഷണിയായി നിൽക്കുന്നൊരു കമ്പനി കൂടി ഇന്ത്യയിലേക്ക് കടന്നുവരാൻ പോവുകയാണ്. വിയറ്റ്നാമിലെ വൈദ്യുത കാർ നിർമാതാക്കളായ വിൻഫാസ്റ്റാണ് ഇവി സെഗ്മെന്റ് ഭരിക്കാനായി രാജ്യത്തേക്ക് എത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ 16000 കോടിയോളം രൂപയുടെ നിക്ഷേപവും നടത്തിക്കഴിഞ്ഞു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് വിൻഫാസ്റ്റ് തങ്ങളുടെ ആദ്യ ഇലക്ട്രിക് കാർ ഫാക്ടറി തുടങ്ങുന്നത്.

ഒരു വർഷം 1.50 ലക്ഷം യൂണിറ്റ് കാറുകൾ നിർമിക്കാനുള്ള സൗകര്യമുണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. ജനുവരിയില്‍ ഇവി പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാറുമായി ധാരാണാപത്രം ഒപ്പിട്ട വിന്‍ഫാസ്റ്റ് ഞായറാഴ്ച നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയിതാ ഇന്ത്യയിൽ തങ്ങളുടെ പുത്തൻ കാറിന്റെ ഹോമോലോഗേഷൻ പ്രക്രിയകൾ പൂർത്തിയാക്കിയിരിക്കുകയാണ്.
2024 ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ വിൻഫാസ്റ്റ് അവതരിപ്പിച്ച സൂപ്പർമിനി ഇലക്ട്രിക് എസ്‌യുവിയായ VF3 എന്ന തട്ടുപൊളിപ്പൻ വാഹനമാണ് ഇന്ത്യയിലേക്കും വരാൻ പോവുന്നത്. ഇവിയുടെ പേറ്റന്റ് നടപടികളും പൂർത്തിയാക്കിയതിന്റെ ചിത്രങ്ങളും ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ടിപ്പോൾ. VF3 ഇവി ശരിക്കും ഇന്ത്യൻ നിരത്തുകൾക്ക് പറ്റിയ വാഹനമാണെന്ന് തന്നെ വേണം പറയാൻ.

ടോളർ, ബോക്‌സിയർ രൂപകൽപനയും മാന്യമായ ഗ്രൗണ്ട് ക്ലിയറൻസുമായാണ് വണ്ടി പണികഴിപ്പിച്ചിരിക്കുന്നത്. എൽഇഡി ഹെഡ്‌ലാമ്പുകളും ചതുരാകൃതിയിലുള്ള ORVM-കളും ചേർന്ന് മുൻവശത്തിന് ഒരു പ്രത്യേക അഴകാണ് സമ്മാനിക്കുന്നത്. ഏതാണ്ട് ദീർഘചതുരാകൃതിയിലുള്ള ക്ലോസ്‌ഡ് ഗ്രില്ലാണ് മുൻവശത്തെ മറ്റൊരു ആകർഷണം. പിന്നിലെ ബമ്പറിന് ഒപ്പം വീൽ ആർച്ചുകളിലേക്കും നീളുന്ന കട്ടിയുള്ള കറുപ്പിലൊരുങ്ങിയിരിക്കുന്ന ബംബറും ഏറെ ശ്രദ്ധയാകർഷിക്കുന്ന കാര്യങ്ങളാണ്.
പിൻഭാഗത്ത് എൽഇഡി ടെയിൽലാമ്പുകളും രണ്ട് അറ്റങ്ങളും ബന്ധിപ്പിക്കുന്ന ക്രോം ഫിനിഷിലുള്ള ബ്രാൻഡ് ലോഗോയും ഉണ്ട്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ VF3 ഇലക്ട്രിക് കോസ്ഓവർ എസ്‌യുവിക്ക് മൊത്തത്തിൽ 3,190 mm നീളവും 1,679 mm വീതിയും 1,620 mm ഉയരവും 550 ലിറ്റർ ബൂട്ട് സ്പേസുമാണുള്ളത്. അകത്തേക്ക് കയറിയാലും സംഭവം പ്രീമിയമാണെന്ന് വേണം പറയാൻ.

ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള നൂതനമായ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, കണക്‌റ്റഡ് കാർ ടെക്‌നോളജി, പൂർണമായി മടക്കിവെക്കുന്ന രണ്ടാം നിര സീറ്റുകൾ എന്നിവയോടെയാണ് വിൻഫാസ്റ്റിന്റെ VF3 മിനി ഇലക്ട്രിക് എസ്‌യുവി വരുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ടു-സ്പോക്ക് സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, ഡ്യുവൽ എയർബാഗുകൾ എന്നിവയും വാഹനത്തിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകളാണ്.
മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സിംഗിൾ-മോട്ടോർ കോൺഫിഗറേഷനോട് കൂടിയ ഇക്കോ, പ്ലസ് എന്നീ രണ്ട് ട്രിമ്മുകളിൽ VF3 ലഭ്യമാകും. വിൻഫാസ്റ്റ് തങ്ങളുടെ ഏറ്റവും പുതിയ മിനി ഇലക്ട്രിക് എസ്‌യുവിയുടെ ബാറ്ററി വലിപ്പത്തെക്കുറിച്ചോ ശേഷിയെ കുറിച്ചോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പൂർണമായി ചാർജ് ചെയ്‌താൽ ഏകദേശം 201 കിലോമീറ്റർ (150 മൈൽ) റേഞ്ചാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം.

മുകളിൽ സൂചിപ്പിച്ചതു പോലെ വിൻഫാസ്റ്റ് തങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റ് തമിഴ്‌നാട്ടിലാണ് സ്ഥാപിക്കുക. ഫാക്ടറിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തൂത്തുക്കുടിക്കടുത്ത് സില്ലാനത്തത്തിലാണ് വിന്‍ഫാസ്റ്റിന്റെ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. അവിടെയുള്ള സിപ്കോട്ട് കാമ്പസില്‍ 408 ഏക്കര്‍ സ്ഥലത്താണ് ഫാക്ടറി സ്ഥാപിക്കാന്‍ പോകുന്നത്. 16,000 കോടി രൂപയാണ് വിന്‍ഫാസ്റ്റ് മൊത്തത്തില്‍ തമിഴ്‌നാട്ടില്‍ നിക്ഷേപിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.
എന്നാല്‍ പ്രാരംഭ ഘട്ടത്തില്‍ 4,000 കോടി രൂപയായിരിക്കും നിക്ഷേപിക്കുക. നിർമാണ പ്ലാന്റിന് ഒരു വർഷം 1,50,000 വാഹനങ്ങൾ വരെ നിർമിക്കാനുള്ള ശേഷിയുണ്ടാവും. പോരാത്തതിന് 3,500-ലധികം പ്രദേശവാസികൾക്ക് തൊഴിൽ സൃഷ്ടിക്കുകയും ചെയ്യും. VF e-34 ഇലക്ട്രിക് കാര്‍ ആയിരിക്കും വിയറ്റ്‌നാമീസ് ബ്രാൻഡ് ആദ്യം ഇന്ത്യയിലേക്ക് കൊണ്ടുവരിക. തുടര്‍ന്ന് VF6, VF7 ഇലക്ട്രിക് കാറുകളും അവതരിപ്പിക്കുമെന്നാണ് സ്ഥിരീകരണം.


Click it and Unblock the Notifications








