ജർമനല്ല, മലയാളിയാ... ഒറ്റ ദിവസം കേരളത്തിൽ വിറ്റത് 148 കാറുകൾ; ഫോക്‌സ്‌വാഗന്റെ ഓണം എഡിഷന് 55 ബുക്കിംഗും
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പ്രമുഖ യൂറോപ്യൻ കാർ നിർമാതാക്കളിൽ ഒരാളാണ് ഫോക്‌സ്‌വാഗൺ (Volkswagen). പോളോ (Polo) പോലുള്ള തട്ടുപൊളിപ്പൻ മോഡലുകളിലൂടെ ആളുകൾക്കിടയിലേക്ക് ഇറങ്ങിയെത്തിയ കമ്പനി ഇന്ന് ടൈഗൂൺ (Taigun), വെർട്ടിസ് (Virtus) എന്നീ വാഹനങ്ങളിലൂടെയാണ് പിടിച്ചു നിൽക്കുന്നത്. നിർമാണ നിലവാരം കൊണ്ടും പെർഫോമൻസ് കൊണ്ടും പകരംവെക്കാനില്ലത്ത കാറുകളാണ് ഫോക്‌സ്‌വാഗൺ എക്കാലവും നിർമിച്ചിട്ടുള്ളത്. അതിനാൽ മലയാളികൾക്കിടയിൽ ബ്രാൻഡിന് പ്രത്യേക ഇമേജാണുള്ളത്. ഇത് മനസിലാക്കിയ കമ്പനി അടുത്തിടെ കേരളത്തിന് മാത്രമായി 2 സ്പെഷ്യൽ എഡിഷൻ കാറുകൾ കൂടി പുറത്തിറക്കുകയും ചെയ്‌തു.
കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണാഘോഷങ്ങളുടെ ഭാഗമാവാനായി ടൈഗൂൺ, വെർട്ടിസ് എന്നിവയുടെ ഓണം എഡിഷനുകളാണ് വിപണിയിൽ എത്തിച്ചത്. ലോഞ്ച് ചെയ്ത് വെറും 10 ദിവസങ്ങൾക്കുള്ളിൽ പുതുതായി പുറത്തിറക്കിയ ഓണം എഡിഷൻ കാറുകൾക്കായി 55 ബുക്കിംഗും ഫോക്‌സ്‌വാഗൺ കേരളത്തിൽ നിന്നും സ്വന്തമാക്കുകയും ചെയ്‌തു. ഇപ്പോഴിതാ മലയാള പുതുവർഷമായ ചിങ്ങമാസത്തിൻ്റെ ആദ്യ ദിനത്തിൽ സംസ്ഥാനത്തുടനീളം 101 വാഹനങ്ങൾ വിതരണം ചെയ്‌ത് പുതിയൊരു റെക്കോർഡ് ഡെലിവറിയും നടത്തിയിരിക്കുകയാണ് ബ്രാൻഡ്.

കേരളത്തിൽ നിന്ന് ഒരു ദിവസം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന ഡെലിവറികളിൽ ഒന്നാണിത്. ഇതിൽ ഫോക്‌സ്‌വാഗൺ കൊച്ചിയിൽ നിന്ന് മാത്രം ഒരു ദിവസം കൊണ്ട് 40 കാറുകൾ വിതരണം ചെയ്‌തു. കേരളത്തിലെ ഔട്ട്‌ലെറ്റിൽ നിന്ന് ഒരു ദിവസം നടത്തിയ എക്കാലത്തെയും ഉയർന്ന ബൾക്ക് ഡെലിവറി എന്ന നേട്ടവും ഇതിലൂടെ സ്വന്തമാക്കാൻ ബ്രാൻഡിനായി. ഇതാദ്യമായാണ് ജർമൻ ബ്രാൻഡ് ഇത്തരത്തിലൊരു പരിപാടി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.
അസാധാരണമായ ഉപഭോക്തൃ അനുഭവങ്ങൾ നൽകുന്നതിനുള്ള ഫോക്‌സ്‌വാഗൺ ബ്രാൻഡിൻ്റെ പ്രതിബദ്ധതയെ അടിവരയിടുകയും കേരള വിപണിയിൽ കമ്പനിയുടെ ശക്തമായ സാന്നിധ്യം ഉയർത്തിക്കാട്ടുകയും ചെയ്യുന്നതാണ് ഈ മെഗാ ഡെലിവറി. സ്‌പെഷ്യൽ എഡിഷൻ മോഡലുകൾ കേരളത്തിലെ ഉപഭോക്താക്കളുടെ താൽപര്യം അതിവേഗം ആകർഷിച്ചതും ജർമൻ വാഹന നിർമാതാക്കൾക്ക് വരും ദിവസങ്ങളിൽ മൈലേജാവും.

മാത്രമല്ല, ടൈഗൂണിന്റെയും വെർട്ടിസിന്റെയും വർധിച്ചുവരുന്ന ജനപ്രീതിയെയും അതിൻ്റെ വൈവിധ്യമാർന്ന ഉപഭോക്തൃ അടിത്തറയുടെ മുൻഗണനകളും പാരമ്പര്യങ്ങളും നിറവേറ്റുന്നതിനുള്ള ബ്രാൻഡിൻ്റെ തുടർച്ചയായ ശ്രമങ്ങളെയും ഈ സ്വീകാര്യത പ്രതിഫലിപ്പിക്കുന്നുണ്ട്. ഫോക്‌സ്‌വാഗൺ ടൈഗൂൺ ഓണം എഡിഷനും വെർട്ടിസ് ഓണം എഡിഷനും കേരളത്തിൽ മാത്രമാണ് വിൽപ്പനയ്‌ക്കെത്തുക. ടൈഗൂണിന്റെ ഓണം എഡിഷന് 14.08 ലക്ഷം രൂപ മുതൽ 15.63 ലക്ഷം രൂപ വരെയാണ് കേരളത്തിലെ എക്സ്ഷോറൂം വില വരുന്നത്.
വെർട്ടിസ് ഓണം എഡിഷൻ മിഡ്-സൈസ് സെഡാന് വേരിയന്റുകൾക്ക് 13.57 ലക്ഷം മുതൽ 14.87 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വില മുടക്കേണ്ടി വരും. രണ്ട് വാഹനങ്ങളുടെയും ഓണപ്പതിപ്പിൽ ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ ടോൺ ഹോൺ, പാഡിൽ ലാമ്പുകൾ, ഫെൻഡറിൽ ടിഎസ്ഐ ബാഡ്ജ് എന്നിവയും അതിലേറെയും ഉണ്ടായിരിക്കും.

ബാക്കിയെല്ലാം ടൈഗൂണിന്റെയും വെർട്ടിസിന്റെയും ഓണം എഡിഷൻ മോഡലുകൾ അതിന്റെ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് സമാനമായിരിക്കും. ഇതിനിടിയിൽ ഉത്സവ കാലത്ത് വിൽപ്പന വർധിപ്പിക്കുന്നതിനായി ഗംഭീര ഡിസ്കൌണ്ട് ഓഫറുകളും ഓഗസ്റ്റ് മാസത്തേക്കായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ടൈഗൂൺ മിഡ്‌സൈസ് എസ്‌യുവി, വെർട്ടിസ് മിഡ്‌സൈസ് സെഡാൻ, ടിഗുവാൻ എസ്‌യുവി തുടങ്ങിയ മൂന്ന് കാറുകളിലും ഓഫറുകൾ കിട്ടും.
എക്സ്ചേഞ്ച്, ലോയൽറ്റി ബോണസുകൾക്കൊപ്പം ക്യാഷ് ഡിസ്കൗണ്ടുകളും ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഇതോടൊപ്പം തന്നെ കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളിൽ ആറ് പുതിയ കസ്റ്റമർ ടച്ച് പോയിൻ്റുകളും കൊച്ചിയിൽ ഒരു പുതിയ ബോഡി ഷോപ്പ് സൗകര്യവും ജർമൻ വാഹന നിർമാതാക്കൾ ആരംഭിക്കുകയുണ്ടായി. കൊച്ചിയിലെ പുതിയ ബോഡി ഷോപ്പ് സൗകര്യം 11 സർവീസ് ബേകളും പൂർണമായ ബോഡി റിപ്പയർ സൗകര്യങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








