മമ്മൂക്ക പണപ്പെട്ടി റെഡിയാക്കി വെച്ചോ, ഇന്ത്യക്ക് പുതിയ ഹാച്ച്ബാക്കുമായി ഫോക്‌സ്‌വാഗൺ; സംഭവം അടുത്ത വർഷം
പോളോ എന്ന തട്ടുപൊളിപ്പൻ പ്രീമിയം ഹാച്ച്ബാക്കിലൂടെ ഇന്ത്യക്കാരുടെ മനംകവർന്നവരാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ (Volkswagen Polo). എന്നാൽ പോളോയുടെ പടിയറക്കത്തോടെ കാര്യമായ സ്വാധീനമുണ്ടാക്കാൻ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന് വേണമെങ്കിൽ പറയാം. ടൈഗൂണും വെർട്ടിസും വിൽപ്പന പിടിക്കുന്നുണ്ടെങ്കിലും എടുത്ത് പറയാൻ പറ്റുന്നത്ര വലിയ കണക്കുകളൊന്നുമല്ല അത്. എന്നാൽ പോളായുടെ ചേട്ടനെ കൊണ്ടുവന്ന് ഇന്ത്യക്കാർക്കിടയിൽ വീണ്ടും വിപ്ലവം തീർക്കാനുള്ള പുറപ്പാടിലാണ് ഫോക്‌സ്‌വാഗൺ ഇപ്പോൾ. അതിനായി എത്തുന്നത് ആരെന്നല്ലേ, ഗോൾഫ് ജിടിഐ എന്ന ഇടിവെട്ട് കാറാണ് രാജ്യത്തേക്ക് പറന്നിറങ്ങാൻ പോവുന്നത്.
വർഷങ്ങളോളം പഠനം നടത്തിയതിന് ശേഷമാണ് ഇന്ത്യയിലേക്ക് ഗോൾഫിനെ കൊണ്ടുവരാമെന്ന് ഫോക്‌സ്‌വാഗൺ തീരുമാനിച്ചിരിക്കുന്നത്. 2025 ഓഗസ്റ്റിലായിരിക്കും ഹാച്ച്ബാക്കിനെ വിപണനത്തിനായി എത്തിക്കുകയെന്നാണ് വിവരം. പക്ഷേ പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് ജർമൻ ബ്രാൻഡിന്റെ പദ്ധതി. അതായത് CBU യൂണിറ്റായാവും ഗോൾഫ് ജിടിഐ നമ്മുടെ നിരത്തുകളിലേക്ക് എത്തുകയെന്ന് സാരം.

ഇത്തരത്തിൽ പ്രതിവർഷം കാറിന്റെ 2,500 യൂണിറ്റുകൾ വരെ ഇറക്കുമതി ചെയ്യാൻ ഫോക്‌സ്‌വാഗണ് സാധിക്കും. മുമ്പ് 2016-ൽ കമ്പനിപോളോ ജിടിഐ ഇത്തരത്തിൽ ഇന്ത്യയിൽ കൊണ്ടുവന്നപ്പോൾ വലിയ വിജയമായിരുന്നു. മോളിവുഡിലെ വണ്ടിഭ്രാന്തനായ മമ്മൂട്ടി വരെ ഇതിൽ ഒന്ന് സ്വന്തമാക്കിയിരുന്നു. ഇതേവിജയം ആവർത്തിക്കാൻ ഗോൾഫിനും സാധിക്കുമെന്നാണ് മൊത്തത്തിലുള്ള കണക്കുകൂട്ടൽ.
വില കൂടുതലായിരിക്കുമെങ്കിലും ആളുകൾക്കെല്ലാം ഫോക്‌സ്‌വാഗൺ കാറുകളോട് പ്രത്യേക ആരാധന തന്നെയാണുള്ളത്. ഇത് മുതലെടുക്കാൻ പരിമിതമായ എണ്ണത്തിൽ വരുന്ന ഗോൾഫിനാവും. 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് കാറിന് തുടിപ്പേകാനായിട്ട് എത്തുക. 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 265 bhp കരുത്തിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്നതാണ്.

ഇതൊരു ഫ്രണ്ട് വീൽ ഡ്രൈവ് കാർ കൂടിയായിരിക്കും കേട്ടോ. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഏറ്റവും പുതിയ ഗോൾഫ് ജിടിഐക്ക് വെറും 5.9 സെക്കൻഡ് കൊണ്ട് 0-100 വേഗത കൈയെത്തി പിടിക്കാനാവും. അതേസമയം 250 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗമായി നിശ്ചയിച്ചിരിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഈ വിലയിൽ വരുന്ന മറ്റ് കാറുകളേക്കാൾ ഉഗ്രൻ പെർഫോമൻസാണ് ഗോൾഫിന് കാഴ്ച്ചവെക്കാനാവുക.
മറ്റ് മെക്കാനിക്കൽ ഹൈലൈറ്റുകളിൽ വേരിയബിൾ സ്റ്റിയറിംഗ് റാക്ക്, പിനിയൻ ഗിയറിംഗ് എന്നിവ ഉൾക്കൊള്ളുന്ന പ്രോഗ്രസീവ് സ്റ്റിയറിംഗ് വീൽ, ഇലക്ട്രോണിക് നിയന്ത്രിത ഫ്രണ്ട്-ആക്‌സിൽ ഡിഫറൻഷ്യൽ ലോക്ക്, ഓപ്ഷണൽ അഡാപ്റ്റീവ് സസ്പെൻഷൻ എന്നിവയും ഗോൾഫിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതിനാൽ ഇതൊരു ഡ്രൈവേഴ്‌സ് കാറായിരിക്കും. 18 ഇഞ്ച് 'റിച്ച്‌മണ്ട്' ഡയമണ്ട് കട്ട് അലോയ് വീലുകളായിരിക്കും ഫോക്‌സ്‌വാഗണിന്റെ ഹാച്ച്ബാക്കിൽ സ്റ്റാൻഡേർഡായി ലഭിക്കുക.

അതേസമയം ആവശ്യമുള്ളവർക്ക് 19 ഇഞ്ച് അലോയ് വീലിലേക്ക് മാറാനുള്ള അവസരവും ജർമൻ വാഹന നിർമാതാക്കൾ ഒരുക്കും. മാട്രിക്‌സ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, 3D ലുക്കിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, അഗ്രസീവ് ഫ്രണ്ട്, റിയർ ബമ്പറുകൾ, വലിയ എയർ ഇൻടേക്കുകൾ, ട്വിൻ ടെയിൽ പൈപ്പുകൾ, ഡ്യുവൽ-ടോൺ ഫുൾ റൂഫ് സ്‌പോയിലർ എന്നിവയെല്ലാമാവും ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐയുടെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.
ഇനി അകത്തളത്തിലേക്ക് കയറിയാലും സംഗതി കളറായിരിക്കും. 12.9 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ചാറ്റ് ജിപിടി ഇൻ്റഗ്രേഷനോടുകൂടിയ ഒരു വോയ്‌സ് അസിസ്റ്റന്റ്, ടാർട്ടൻ സീറ്റ് അപ്ഹോൾസ്റ്ററി, ജിടിഐ സ്റ്റിയറിംഗ് വീൽ, പുഷ് ബട്ടൺ സ്റ്റാർട്ട് തുടങ്ങിയ അത്യാധുനിക ഫീച്ചറുകളാൽ സമ്പന്നമാണ് വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ. ഇന്ത്യയിലെത്തുമ്പോൾ ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐക്ക് ഏകദേശം 40 ലക്ഷം രൂപ വില പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications