പവറും ലുക്കും മൈലേജും അതാണ് ഫോക്‌സ്‌വാഗന്റെ ഓഫർ! 14.08 ലക്ഷത്തിന് ടൈഗൂണിന്റെ പുതിയ വേരിയന്റ് വാങ്ങാം
ഇന്ത്യക്കാർക്ക് ഏറ്റവും കൂടുതൽ അടുപ്പമുള്ള ജർമൻ വാഹന നിർമാതാക്കളിൽ ഒരാളാണ് ഫോക്‌സ്‍വാഗൺ. പോളോ, വെന്റോ പോലുള്ള കിടിലൻ മോഡലുകളിലൂടെ സാധാരണക്കാരിലേക്ക് ഇറങ്ങിവന്ന കമ്പനിയെ ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കാലപ്പഴക്കം ചെന്ന് ഈ രണ്ട് മോഡലുകളും ഇന്ത്യയിൽ നിന്നും പടിയിറങ്ങിയപ്പോൾ എല്ലാം അവസാനിച്ചുവെന്ന് കരുതിയവരാണ് പലരും.
എന്നാൽ ഇന്ത്യ 2.0 പദ്ധതിയിലൂടെ പുറത്തിറക്കിയ രണ്ട് കാറുകൾ ഫോക്‌സ്‌വാഗണിനെ വേറെ തലത്തിലെത്തിച്ചുവെന്ന് വേണം പറയാൻ. വെർട്ടിസ്, ടൈഗൂൺ എന്നീ തട്ടുപൊളിപ്പൻ മോഡലുകളുടെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. പോളോയ്ക്ക് പോലും തീർക്കാനാവാത്ത വിസ്‌മയമാണ് ഇരുവരും ഇപ്പോഴും മുമ്പോട്ട് കൊണ്ടുപോവുന്നത്. അടിക്കടി വേരിയന്റ് നിരയിൽ ചില പരിഷ്ക്കാരങ്ങളോടെ വിപണിയിൽ സജീവമായി നിൽക്കാനും ഫോക്‌സിക്കാവുന്നുണ്ട്.

ഇപ്പോഴിതാ ടൈഗൂണിന്റെ പുത്തൻ രണ്ട് വേരിയന്റുകൾ അവതരിപ്പിച്ചുകൊണ്ടാണ് ഫോക്‌സ്‌വാഗൺ രംഗത്തെത്തിയിരിക്കുന്നത്. മിഡ്-സൈസ് എസ്‌യുവിയുടെ സ്‌പോർട്ട് ലൈൻ ശ്രേണിക്ക് കീഴിൽ ടൈഗൂൺ ജിടി ലൈൻ, ടൈഗൂൺ ജിടി പ്ലസ് സ്‌പോർട്ട് എന്നീ മോഡലുകളാണ് ജർമൻ ബ്രാൻഡ് പുറത്തിറക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് വേരിയന്റുകളിൽ നിന്നും വാഹനത്തെ സ്പോർട്ടിയറാക്കാനുള്ള നവീകരണങ്ങളാണ് എസ്‌യുവിയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.
1.0 ലിറ്റർ ടിഎസ്ഐ എഞ്ചിനുള്ള ടൈഗൂൺ ജിടി ലൈനിന് 14.08 ലക്ഷം രൂപയും ടൈഗൂൺ ജിടി പ്ലസ് സ്‌പോർട്ടിന് 18.53 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. 2024 മാർച്ചിൽ നടന്ന ഫോക്‌സ്‌വാഗൺ വാർഷിക ബ്രാൻഡ് കോൺഫറൻസിൽ പരിചയപ്പെടുത്തിയ ഈ മോഡലുകൾ പുതുതായി സൃഷ്‌ടിച്ച 'സ്‌പോർട്' ലൈൻ ശ്രേണിയുടെ ഭാഗമാണ്. മിഡ്-സൈസ് എസ്‌യുവിക്ക് ദൃശ്യപരമായി വേറിട്ട ഐഡൻ്റിറ്റി വാഗ്ദാനം ചെയ്യുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

സ്മോക്ക്ഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, കാർബൺ സ്റ്റീൽ ഗ്രേ റൂഫ്, റെഡ് ഫിനിഷ്ഡ് ജിടി ബാഡ്ജ്, ബ്രേക്ക് കാലിപ്പറുകൾ, ഡാർക്ക് ക്രോം ഡോർ ഹാൻഡിലുകൾ എന്നിവ എക്സ്റ്റീരിയർ പരിഷ്ക്കാരങ്ങളിൽ കാണാനാവും. എസ്‌യുവി പുതിയ ബ്ലാക്ക് ഫിനിഷുള്ള 17 ഇഞ്ച് അലോയ് വീലുകളിലാണ് നിരത്തിലേക്ക് എത്തുന്നത്. ഇതെല്ലാം സ്റ്റാൻഡേർഡ് വേരിയന്റുകളിൽ നിന്നും കൂടുതൽ ആകർഷകമാക്കാൻ സഹായിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ.
ഇനി ഇന്റീരിയറിലേക്ക് കയറിയാൽ ഫോസ്‌ക്‌വാഗൺ ടൈഗൂൺ ജിടി ലൈനും ടൈഗൂൺ ജിടി പ്ലസ് സ്‌പോർട്ടും റെഡ് സ്റ്റിച്ചിംഗ് ഉള്ള ബ്ലാക്ക് ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, ഗ്ലോസ് ബ്ലാക്ക് ഡാഷ്‌ബോർഡ്, അലുമിനിയം പെഡലുകൾ, ബ്ലാക്ക് ഹെഡ്‌ലൈനർ, മുൻ ഹെഡ്‌റെസ്റ്റുകളിൽ ജിടി ബാഡ്ജിംഗ് എന്നിവയുമായെല്ലാം അവതരിപ്പിക്കുന്നുണ്ട്. സ്‌പോർട് സ്റ്റിയറിംഗ് വീലിൽ റെഡ് സ്റ്റിച്ചിംഗ്, ബ്ലാക്ക്ഡ്-ഔട്ട് ഗ്രാബ് ഹാൻഡിലുകൾ, റൂഫ് ലാമ്പ് ഹൗസിംഗ്, സൺ വൈസറുകൾ എന്നീ കിടിലൻ മാറ്റങ്ങളും കമ്പനി അകത്തളത്തിൽ ഒരുക്കിയിട്ടുണ്ട്.

148 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ടൈഗൂൺ GT പ്ലസ് സ്‌പോർട്ടിന് തുടിപ്പേകുന്നത്. അതേസമയം എസ്‌യുവിയുടെ ജിടി ലൈൻ 113 bhp പവറിൽ 178 Nm torque നൽകുന്ന 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിനോടെയാണ് വാങ്ങാനാവുന്നത്. രണ്ടും സ്റ്റാൻഡേർഡായി 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
ഇനി ഓട്ടോമാറ്റിക് വേണമെന്നുള്ളവർക്ക് 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിനിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ യൂണിറ്റും വലിയ 1.5 ടിഎസ്ഐ മോഡലുകളിൽ 7-സ്പീഡ് ഡിഎസ്‌ജി യൂണിറ്റും തെരഞ്ഞെടുക്കാനാവുമെന്നും ഫോക്‌സ്‌വാഗൺ അറിയിച്ചിട്ടുണ്ട്. ടൈഗൂൺ ജിടി ലൈൻ, ടൈഗൂൺ ജിടി പ്ലസ് എന്നിവയ്‌ക്ക് പുറമേ ജർമൻ ബ്രാൻഡ് തങ്ങളുടെ കോൺഫറൻസിൽ വെർട്ടസിൻ്റെ ജിടി പ്ലസ് പതിപ്പും പ്രദർശിപ്പിച്ചിരുന്നു.

നിലവിൽ ഒരു കൺസെപ്റ്റ് പതിപ്പിലായതിനാൽ ഈ കാറിന്റെ ലോഞ്ച് ഈ വർഷം അവസാനത്തോടെ മാത്രമേ ഉണ്ടാവൂവെന്നാണ് സൂചന. ഇതോടൊപ്പം തന്നെ പുതിയൊരു ഇലക്ട്രിക് കാർ ഇന്ത്യയിൽ പുറത്തിറക്കാനുള്ള അണിയറ പ്രവർത്തനത്തിലാണ് കമ്പനിയിപ്പോൾ. ടൈഗൂൺ ജിടി ലൈൻ, ടൈഗൂൺ ജിടി പ്ലസ് സ്‌പോർട്ട് എന്നീ പുത്തൻ വേരിയന്റുകളുടെ വരവ് ഫോക്‌സ്‌വാഗണ് ഗുണമായേക്കുമെന്നാണ് അനുമാനം.


Click it and Unblock the Notifications








