ഓഫറുകളുടെ പകൽപൂരം, സേഫ്റ്റിയുള്ള കാറുകൾക്ക് 2.40 ലക്ഷം രൂപ വരെ വിലക്കുറവുമായി ഫോക്‌സ്‌വാഗൺ
പുതിയ സാമ്പത്തിക വർഷമായതോടെ കാറുകൾക്കെല്ലാം വിലകൂടിവരികയാണ്. അധികം വൈകാതെ ഒരു കാർ വാങ്ങിയേക്കാമെന്ന് പ്ലാനിട്ടിരുന്നവർക്കെല്ലാം നിരാശ നൽകുന്ന കാര്യമാണ് ഈ വില വർധനവ് എന്നതിൽ തർക്കമൊന്നുമില്ല. പക്ഷേ നിലവിലുള്ള പഴയ സ്റ്റോക്കുകൾ വിറ്റഴിക്കുന്നതിനും കൂടുതൽ വിൽപ്പന കണക്കുകൾ നേടുന്നതിനുമായി കമ്പനികളെല്ലാം കൂട്ടത്തോടെ വമ്പൻ ഓഫറുകൾ പ്രഖ്യാപിക്കുന്ന സമയമാണിത്.
ഈ ഓഫറുകളെല്ലാം അറിഞ്ഞും വായിച്ചും ഇരിക്കുന്നവർക്കെല്ലാം ഏത് ഷോറൂമിലേക്ക് പോണമെന്ന കൺഫ്യൂഷനായിരിക്കും ഉണ്ടാവുക. എന്നാൽ ഏറ്റവും മികച്ച സേഫ്റ്റിയും കിടിലൻ നിർമാണ നിലവാരമുള്ള കാറുകളാണ് നോക്കുന്നതെങ്കിൽ മറ്റൊരു ആലോചനയില്ലാതെ നേരെ ഫോക്‌സ്‌വാഗണിലേക്ക് വിട്ടോ. അവരാണെങ്കിൽ കണ്ണഞ്ചിപ്പിക്കുന്ന ലക്ഷങ്ങളുടെ ആനുകൂല്യമാണ് ഏപ്രിൽ മാസത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തുടനീളമുള്ള ഫോക്‌സ്‌വാഗൺ ഡീലർഷിപ്പുകളിൽ 2024 ഏപ്രിലിൽ മാസത്തേക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങളും ഓഫറുകളുമെല്ലാം ലഭ്യമാണ്. വെർട്ടിസ് മിഡ്‌സൈസ് സെഡാൻ, ടൈഗൂൺ മിഡ്‌സൈസ് എസ്‌യുവി, ടിഗുവാൻ പ്രീമിയം എസ്‌യുവി എന്നീ ജർമൻ ബ്രാൻഡിൽ നിന്നുള്ള എല്ലാ മോഡലുകളിലും ഗംഭീര വിലക്കുറവാണ് സംഭവിച്ചിരിക്കുന്നത്. ഈ മാസം ഒരു പുതിയ ഫോക്‌സ്‌വാഗൺ വാങ്ങുമ്പോൾ നിങ്ങൾക്ക് എത്ര രൂപ ലാഭിക്കാം എന്നറിയാൻ തുടർന്ന് വായിക്കുക.
വെർട്ടിസ് സി-സെഗ്മെന്റ് സെഡാന് 2024 ഏപ്രിൽ മാസത്തിൽ മൊത്തം 1.40 ലക്ഷം രൂപ വരെ മൂല്യമുള്ള ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇതിൽ 90,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 20,000 രൂപ വരെയുള്ള കോർപ്പറേറ്റ് ആനുകൂല്യങ്ങൾ അല്ലെങ്കിൽ ലോയൽറ്റി ഓഫറുകളുമാണ് ഉൾപ്പെടുന്നത്. ഇത് 2023, 2024 മോഡലുകൾക്കും 1.0 ലിറ്റർ ടിഎസ്ഐ, 1.5 ലിറ്റർ ടിഎസ്ഐ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും ലഭ്യമാണ്.

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര പോലുള്ള വമ്പൻമാർക്കെതിരെ പോരാടാൻ ഫോക്‌സ്‌വാഗൺ പുറത്തിറക്കിയ ടൈഗൂൺ എസ്‌യുവിക്ക് ഈ മാസം 1.50 ലക്ഷം രൂപ വരെ വിലമതിക്കുന്ന ആനുകൂല്യങ്ങളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഇതിൽ 90,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, 40,000 രൂപ വരെ മൂല്യമുള്ള എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, 20,000 രൂപ വരെയുള്ള ലോയൽറ്റി ഓഫറുകൾ എന്നിവയാണ് ലഭിക്കുക.
ടൈഗൂണിന്റെ ജിടി എഡ്ജ് ട്രയൽ പോലുള്ള സ്പെഷ്യൽ എഡിഷൻ ഉൾപ്പെടെയുള്ള 2023, 2024 മോഡൽ ഇയറുകൾക്കെല്ലാം ഈ ഓഫർ ബാധകമാണ്. വെർട്ടിസിന് തുടിപ്പേകുന്ന അതേ 115 bhp, 1.0 ലിറ്റർ ടർബോ പെട്രോൾ, 150 bhp, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാണ് ഈ മിഡ്-സൈസ് എസ്‌യുവിയും ഉപയോഗിക്കുന്നത്. ആയതിനാൽ ഈ കിടിലൻ ഓഫറുകൾ ശരിക്കും ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രാപ്‌തമാണെന്ന് വേണം പറയാൻ.

ജർമൻ വാഹന നിർമാതാക്കൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്ന ഏറ്റവും പ്രീമിയം മോഡലായ ടിഗുവാൻ എസ്‌യുവിയും 2024 ഏപ്രിൽ മാസത്തിൽ വൻ വിലക്കുറവോടെ വാങ്ങാനാവും. 2.40 ലക്ഷം രൂപ വരെ വിലയുള്ള ആനുകൂല്യങ്ങളാണ് വാഹനത്തിൽ ഫോക്‌സ്‌വാഗൺ ഒരുക്കിയിരിക്കുന്നത്. 2023 മോഡലുകൾക്ക് 75,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 75,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 90,000 രൂപ വില മതിക്കുന്ന 4 വർഷത്തെ സർവീസ് പാക്കേജുമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം ടിഗുവാന്റെ 2024 മോഡലുകൾക്ക് 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് മാത്രമാണ് നിലവിൽ വാഗ്ദാനം ചെയ്യുന്നത്. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്, ഫോക്‌സ്‌വാഗണിന്റെ 4 മോഷൻ സിസ്റ്റം എന്നിവയിലൂടെ 4 വീൽ ഡ്രൈവ് ഓപ്ഷനും നൽകുന്ന 190 bhp കരുത്തുള്ള 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിലാണ് ഈ ഫ്ലാഗ്ഷിപ്പ് എസ്‌യുവി നിലവിൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ആഭ്യന്തര വിപണിക്കായി ടിഗുവാന്റെ പരിമിതമായ യൂണിറ്റുകൾ മാത്രമാണ് കമ്പനി വിപണനത്തിന് എത്തിക്കുന്നത്.

ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഫോക്‌സ്‌വാഗൺ ഓഫറുകൾ സ്ഥലം, സംസ്ഥാനം, സ്റ്റോക്കിൻ്റെ ലഭ്യത എന്നിവ അനുസരിച്ച് വ്യത്യാസം വന്നേക്കാം. കൃത്യമായ ഡിസ്‌കൗണ്ട് കണക്കുകൾ അറിയുന്നതിനും മറ്റുമായി നിങ്ങളുടെ അടുത്തുള്ള പ്രാദേശിക ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതമെന്ന് പ്രത്യേകം ഓർമിപ്പിക്കാം. ബ്രാൻഡുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിൽ ID.4 ഓൾ-ഇലക്‌ട്രിക് ക്രോസ്ഓവർ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതികളുമായാണ് കമ്പനി ഇപ്പോൾ മുന്നോട്ടുനീങ്ങുന്നത്.


Click it and Unblock the Notifications








