മത്സരം ഹോണ്ടയോടാണല്ലോ, 1.50 ലക്ഷം രൂപ വരെയുള്ള ഒന്നാന്തരം ഓഫറുമായി ഫോക്‌സ്‌വാഗൺ
നിർമാണ നിലവാരം കൊണ്ടും പെർഫോമൻസ് കൊണ്ടും ഇന്ത്യക്കാരുടെ മനസിലേക്ക് കുടിയേറി പാർത്തവരാണ് ഫോക്‌സ്‌വാഗൺ. പോളോ, വെന്റോ തുടങ്ങിയ തട്ടുപൊളിപ്പൻ മോഡലുകളുമായാണ് ജർമൻ ബ്രാൻഡ് ആദ്യം എത്തിയത്. പിന്നീട് കാലക്രമേണ പഴയതായി പടിയിറങ്ങേണ്ടി വരികയായിരുന്നു. എന്നാൽ പകരക്കാരായി എത്തിയ വെർട്ടിസും ടൈഗൂണും ആളെക്കൂട്ടുന്നത് കണ്ട് കമ്പനി വരെ ഞെട്ടിയിട്ടുണ്ടാവും.
സെഗ്മെന്റിലെ എതിരാളികളുമായി താരതമ്യം ചെയ്‌താൽ വില അൽപം കൂടുതലാണെന്ന പരാതി അങ്ങിങ്ങായി ഉയരുന്നുണ്ടെങ്കിലും സേഫ്റ്റിയും പെർഫോമൻസും വെച്ചാണ് ഫോക്‌സ്‌വാഗൺ ആളെ പിടിക്കുന്നത്. ഇനി വില പിടിച്ചാൽ കിട്ടില്ലെന്ന പരാതി ഉന്നയിക്കുന്നവർക്കായി കിടിലൻ ഓഫറുകളും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകൾ മെയ് മാസത്തേക്കായി കൊണ്ടുവന്നിരിക്കുന്ന ആനുകൂല്യങ്ങൾ എന്തൊണെന്ന് നോക്കിയാലോ?

വെർട്ടിസ്, ടൈഗൂൺ, ടിഗുവാൻ എന്നീ കമ്പനിയുടെ 3 മോഡലുകളിലും ഓഫർ ലഭ്യമാണ് കേട്ടോ. 2024 മെയ് മാസം ഒരു പുതിയ ഫോക്‌സ്‌വാഗൺ വാങ്ങുന്നവരെ കാത്തിരിക്കുന്നത് എത്തരത്തിലുള്ള ആനുകൂല്യങ്ങളാണെന്നതിന്റെ വിശദീകരണം ഇതാ. ജർമൻ ബ്രാൻഡിന്റെ പ്രീമിയം മോഡലായ ടിഗുവാൻ വാങ്ങാനെത്തുന്നവർക്ക് 1.50 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ടാണ് ഉപയോഗപ്പെടുത്താനാവുക. എന്നാൽ ഇത് 2023 മോഡൽ ഇയർ എസ്‌യുവിക്ക് മാത്രമാണ് ഉപയോഗപ്പെടുത്താനാവുക.
ടിഗുവാന്റെ 2023 മോഡലുകൾക്ക് 75,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 75,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും, കൂടാതെ 4 വർഷത്തെ സൗജന്യ സേവന പാക്കേജും ലഭിക്കുന്നുണ്ട്. അതേസമയം 2024 മോഡലുകളാണ് നോക്കുന്നതെങ്കിൽ 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് മാത്രമാണ് ഫോക്‌സ്‌വാഗൺ നൽകുന്നത്. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്, 4 മോഷൻ സിസ്റ്റം എന്നിവയുമായി ജോടിയാക്കിയ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലാണ് ടിഗുവാൻ വരുന്നത്.

ഫോക്‌സ്‌വാഗൺ വെർട്ടിസ് വാങ്ങുന്നവരെ കാത്തിരിക്കുന്നതും സൂപ്പർ ഓഫറുകളാണ്. പ്രീമിയം സെഡാൻ വാങ്ങുന്നവർക്ക് 1.40 ലക്ഷം രൂപ വരെ ലാഭിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. വേരിയന്റിനെ ആശ്രയിച്ച് 2023 മോഡലുകളിൽ 90,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 20,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം 2024 മോഡലുകൾക്ക് 30,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് മാത്രമാണ് ലഭിക്കുക. 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ,1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വെർട്ടിസ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. രാജ്യത്തെ സി-സെഗ്മെന്റ് സെഡാൻ സെഗ്മെന്റിൽ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ, മാരുതി സിയാസ് എന്നിവയുമായാണ് മത്സരിക്കുന്നത്. കാറിന്റെ പുതിയ GT പ്ലസ് സ്‌പോർട് വേരിയന്റ് ഉടൻ അവതരിപ്പിക്കാനും ഫോക്‌സി ഒരുങ്ങുകയാണ്.

ഫോക്‌സ്‌വാഗൺ ടൈഗൂൺ മിഡ്-സൈസ് എസ്‌യുവിയിൽ 1.15 ലക്ഷം രൂപ വരെയുള്ളഡിസ്‌കൗണ്ട് ഓഫറാണ് ഈ മാസം ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച്, വാങ്ങുന്നവർക്ക് 65,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ വരെ മൂല്യമുള്ള എക്‌സ്‌ചേഞ്ച് ബോണസും 20,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 2023, 2024 മോഡലുകളിലെ ജിടി എഡ്ജ് ട്രയൽ പോലുള്ള സ്പെഷ്യൽ എഡിഷൻ ഉൾപ്പെടെയുള്ള എല്ലാ മോഡലുകളിലും ഈ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ നിലവിലെ ഫോക്‌സ്‌വാഗൺ ഉപഭോക്താക്കൾക്കായി പുതിയ സമ്മർ കാർ കെയർ ക്യാമ്പയിൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള 142 സർവീസ് സെന്ററുകൾ വഴിയാണ് ഈ പരിപാടി ജർമൻ ബ്രാൻഡ് സംഘടിപ്പിച്ചിരിക്കുന്നത്. 2024 മെയ് മാസം അവസാനിക്കുന്നതോടെ ആനുകൂല്യങ്ങളെല്ലാം അവസാനിക്കും. സമ്മർ കാർ കെയർ ക്യാമ്പയിനിൻ്റെ കീഴിൽ പരിശീലനം ലഭിച്ച പ്രൊഫഷണലുകൾ നടത്തുന്ന കോംപ്ലിമെൻ്ററി 40-പോയിന്റ് വെഹിക്കിൾ ചെക്കപ്പും ലഭ്യമാണ്.


Click it and Unblock the Notifications








