കുറഞ്ഞ വിലയിൽ 592 കി.മീ. വരെ റേഞ്ചുള്ള ഇന്ത്യയുടെ ഇലക്‌ട്രിക് എസ്‌യുവി, ബുക്കിംഗ് തുടങ്ങി കമ്പനി
ഇന്ത്യയിലെ ആഡംബര ഇലക്‌ട്രിക് വാഹന രംഗത്ത് ചുവടുറപ്പിക്കുകയാണ് വോൾവോ. ഇതിനോടകം തന്നെ ജനപ്രിയമായി മാറിയ XC40 റീചാർജിന്റെ പുതിയ വേരിയന്റിന്റെ അവതരണം അടുത്തിടെ പ്രഖ്യാപിച്ച് കമ്പനി മെർസിഡീസ് ബെൻസ് ഉൾപ്പടെയുള്ള വമ്പൻമാരെ വരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ വോൾവോ കാർസ് ഇന്ത്യ XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവിയുടെ ആ സിംഗിൾ മോട്ടോർ വേരിയൻ്റിനായുള്ള ബുക്കിംഗ് രാജ്യത്താകെമാനം ആരംഭിച്ചിരിക്കുകയാണ്.
XC40 റീചാർജിന്റെ മറ്റ് വേരിയന്റുകളിലെ ഡ്യുവൽ-മോട്ടോർ സജ്ജീകരണത്തിൽ നിന്ന് വ്യത്യസ്തമായി സിംഗിൾ മോട്ടോർ സജ്ജീകരണത്തോടെ വാഗ്ദാനം ചെയ്യുന്ന പുതിയ പതിപ്പിനെ ഈ മാസം ആദ്യമാണ് കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്. കുറഞ്ഞ വിലയിൽ കൂടുതൽ റേഞ്ച് എന്ന വിശേഷണവുമായി വരുന്ന മോഡലിന് 54.95 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

XC40 റീചാർജിൻ്റെ പുതിയ എൻട്രി ലെവൽ വേരിയന്റാണിതെന്ന് ചുരുക്കത്തിൽ പറയാം. എന്തായാലും വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് വോൾവോയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇലക്ട്രിക് എസ്‌യുവിയുടെ സിംഗിൾ മോട്ടോർ പതിപ്പ് ബുക്ക് ചെയ്‌തിടാം. ഇതിനായി ഒരു ലക്ഷം രൂപയാണ് ടോക്കൺ തുകയായി നൽകേണ്ടി വരിക. XC40 റീചാർജിൻ്റെ പുതിയ മോഡലും ഇവിയുടെ സ്റ്റാൻഡേർഡ് പതിപ്പിനൊപ്പം കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലുള്ള ഹോസകോട്ട് ഫെസിലിറ്റിയിലാണ് അസംബിൾ ചെയ്യുന്നത്.
സ്വീഡിഷ് വാഹന നിർമാതാക്കളുടെ ഇലക്ട്രിക് എസ്‌യുവിയുടെ സിംഗിൾ വേരിയൻ്റ് മോഡലിൻ്റെ സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ ഏകദേശം 3 ലക്ഷം രൂപ വില കുറവാണെന്നതാണ് പ്രധാന ഹൈലൈറ്റ്. വോൾവോയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറായ XC40 റീചാർജിന്റെ ഡ്യുവൽ മോട്ടോർ പതിപ്പിന് 57.90 ലക്ഷം രൂപയാണ് വില വരുന്നത്. ഈ രണ്ട് വേരിയന്റുകളും തമ്മിലുള്ള പ്രധാന വ്യത്യാസം വരുന്നത് കരുത്ത് പകരാനെത്തുന്ന ഇലക്ട്രിക് മോട്ടോറിലാണ്.

XC40 റീചാർജ് സിംഗിൾ എന്നറിയപ്പെടുന്ന പുത്തൻ മോഡലിന് 238 bhp പവറിൽ പരമാവധി 420 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടെന്നാണ് കമ്പനി പറയുന്നത്. വെറും 7.3 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിന് കഴിയും. ഇലക്‌ട്രിക് എസ്‌യുവിയുടെ പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്ററായി വോൾവോ ഇലക്‌ട്രോണിക് രീതിയിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്.
എസ്‌യുവിയുടെ ഡ്യുവൽ മോട്ടോർ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ XC40 റീചാർജ് സിംഗിൾ മോഡലിന് പവർ കുറവാണെന്ന സംഗതി മറക്കേണ്ട. ഇലക്ട്രിക് എസ്‌യുവിയുടെ ടോപ്പ് വേരിയന്റിന് 402 bhp കരുത്തിൽ 660 Nm torque വരെ നിർമിക്കാൻ കഴിയും. എന്നിരുന്നാലും ടോപ്പ്-എൻഡ് പതിപ്പിൻ്റെ ഡ്രൈവിംഗ് റേഞ്ച് ഒറ്റ ചാർജിൽ 418 കിലോമീറ്റർ വരെയാണ്. ഇത് സിംഗിൾ മോട്ടോർ വേരിയന്റ് വാഗ്ദാനം ചെയ്യുന്നതിനേക്കാൾ 170 കിലോമീറ്റർ കുറവാണെന്ന സംഗതിയും വാങ്ങുമ്പോൾ പ്രത്യേകം പരിഗണിക്കണം.

ICAT ടെസ്റ്റിംഗ് ഫലത്തെ അടിസ്ഥാനമാക്കി XC40 റീചാർജ് സിംഗിൾ 592 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് വോൾവോ വാഗ്ദാനം ചെയ്യുന്നു. പുതിയൊരു ഇവി വാങ്ങാനെത്തുമ്പോൾ പലരും പെർഫോമൻസിനേക്കാൾ കൂടുതൽ റേഞ്ചിന് പ്രാധാന്യം കൊടുക്കുമെന്നതിനാൽ സിംഗിൾ മോട്ടോർ മോഡലുകൾ കൂടുതൽ അർഥവത്താവുന്നുണ്ട്. വോൾവോ XC40 റീചാർജ് സിംഗിൾ 69 kWh ബാറ്ററി പായ്ക്കുമായാണ് വരുന്നത്.
ഇലക്ട്രിക് എസ്‌യുവിയുടെ ഡ്യുവൽ മോട്ടോർ വേരിയന്റിനൊപ്പം വാഗ്ദാനം ചെയ്യുന്ന 78 kWh യൂണിറ്റിനേക്കാൾ ചെറിയ യൂണിറ്റാണിത്. എട്ട് വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറണ്ടിയോടെയാണ് ബാറ്ററി പായ്ക്ക് വരുന്നതെന്നും വാഹന നിർമാതാക്കൾ പറയുന്നു. XC40 റീചാർജ് സിംഗിൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഹോം ചാർജിംഗ് സൊല്യൂഷനായി 11 Kw വാൾ ബോക്സ് ചാർജറും ലഭിക്കും.

വോൾവോയുടെ XC40 റീചാർജ്, C40 റീചാർജ് ഇലക്ട്രിക് എസ്‌യുവികൾ കഴിഞ്ഞ വർഷം കമ്പനിയുടെ മൊത്തത്തിലുള്ള വിൽപ്പനയുടെ 28 ശതമാനം സംഭാവന ചെയ്തുവെന്നത് കണക്കിലെടുക്കുമ്പോൾ സ്വീഡിഷ് ബ്രാൻഡ് ഇനി ഭാവിയിൽ കൂടുതലും വൈദ്യുത വാഹനങ്ങൾക്കാവും ഊന്നൽ നൽകുക. XC40 റീചാർജ് ഇലക്ട്രിക് എസ്‌യുവിയുടെ പുതിയ കുറഞ്ഞ വിലയുള്ള മോഡലിലൂടെ വിൽപ്പന ഇനിയും വർധിപ്പിക്കാനും ബ്രാൻഡിനാവും.


Click it and Unblock the Notifications








