418 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിക്ക് 3.35 ലക്ഷത്തിന്റെ വിലക്കുറവ്, ഞെട്ടിച്ച് വോൾവോ
മൾട്ടി ആക്‌സിൽ ബസ് മുതൽ ആഡംബര കാറുകൾ വരെ നിർമിക്കുന്നതിൽ തങ്ങളുടെ വൈധഗ്ധ്യം തെളിയിച്ച വോൾവോ ഇന്ത്യക്കാർക്കിടയിൽ പ്രത്യേക ഇമേജുള്ള വാഹന നിർമാതാക്കളാണെന്ന് വേണം പറയാൻ. ഇപ്പോൾ ഇലക്ട്രിക് കാറുകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ബ്രാൻഡ് XC40 റീചാർജ് C40 റീചാർജ് എന്നിവയിലൂടെയാണ് ഇവി വിപണിയെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്.
ഇതിൽ XC40 റീചാർജ് എന്ന ഇലക്‌ട്രിക് എസ്‌യുവി രാജ്യത്ത് വലിയ പ്രചാരം നേടി മുന്നേറുകയാണിപ്പോൾ. രണ്ട് വർഷങ്ങൾക്ക് മുമ്പ് 55.90 ലക്ഷം രൂപയ്ക്ക് വിണിയിലെത്തിച്ച ഈ ഇലക്ട്രിക് എസ്‌യുവിക്ക് കാലാകാലങ്ങളായി ലഭിച്ച വില വർധനവോടെ 57.90 ലക്ഷം രൂപയായി ഇപ്പോഴത്തെ എക്സ്ഷോറൂം വില. എന്നാൽ അടുത്തിടെ 54.95 ലക്ഷം രൂപയക്ക് XC40 റീചാർജിന്റെ കൂടുതൽ താങ്ങാനാവുന്ന പ്ലസ് വേരിയന്റ് വോൾവോ ഇന്ത്യയിൽ അവതരിപ്പിച്ചു.

പുതിയ വേരിയൻ്റിനെ ടോപ്പ്-സ്പെക്ക് വോൾവോ XC40 റീചാർജ് അൾട്ടിമേറ്റ് വേരിയൻ്റിനേക്കാൾ 2.95 ലക്ഷം രൂപ വില കുറഞ്ഞതാക്കി മാറ്റിയിരുന്നു. എന്നാൽ ടോപ്പ് എൻഡ് മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള സന്തോഷ വാർത്തയാണ് ഇപ്പോൾ സ്വീഡിഷ് വാഹന നിർമാതാക്കളിൽ നിന്നും പുറത്തുവരുന്നത്. മറ്റൊന്നുമല്ല, ഗംഭീര ഓഫർ പ്രഖ്യാപിച്ചതാണ് സംഭവം. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇക്കാര്യം വോൾവോ വെളിപ്പെടുത്തിയിട്ടുണ്ട്.
വോൾവോ XC40 റീചാർജ് എസ്‌യുവിയുടെ അൾട്ടിമേറ്റ് വേരിയൻ്റിന് 3.35 ലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറാണ് മാർച്ച് മാസത്തേക്കായി അവതരിപ്പിച്ചിരിക്കുന്നത്. അതായത് 57.90 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള വാഹനം പുതിയ ഓഫറോടെ 54.55 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാനാവുമെന്ന് സാരം. പുതുതായി അവതരിപ്പിച്ച ബേസ് മോഡൽ പ്ലസ് വേരിയൻ്റിനേക്കാൾ 40,000 രൂപ മാത്രമാണ് ഈ പതിപ്പിന് അധികമായി മുടക്കേണ്ടി വരുന്നത്.

പക്ഷേ ഓഫറിൽ വണ്ടിവാങ്ങാൻ പോവുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യംകൂടിയുണ്ട് കേട്ടോ. വോൾവോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച് ഈ ഇലക്ട്രിക് എസ്‌യുവികളുടെ 2 യൂണിറ്റുകൾ മാത്രമേ ഈ കിഴിവോടെ ലഭ്യമാകൂ. ഇതിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളറിയാൻ ഏറ്റവും അടുത്തുള്ള വോൾവോ ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.
വോൾവോ XC40 റീചാർജ് അൾട്ടിമേറ്റിനെക്കുറിച്ച് പറയുമ്പോൾ എസ്‌യുവിയുടെ ബേസ്-സ്പെക്ക് പ്ലസ് വേരിയൻ്റിലെ സിംഗിൾ ഇലക്ട്രിക് മോട്ടോർ സജ്ജീകരണത്തിന് പകരം രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഘടിപ്പിച്ചാണ് ഈ ടോപ്പ് എൻഡ് മോഡൽ വരുന്നത്. തൽഫലമായി പെർഫോമൻസിലും വലിയ കുതിച്ചുചാട്ടമാണ് കാണാനാവുക. 402 bhp പവറിൽ പരമാവധി 660 Nm torque വരെ വികസിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ അണ്ടർഫ്ലോർ 78kWh ബാറ്ററി പായ്ക്കാണ് XC40 റീചാർജിന്റെ ഹൃദയം.

വെറും 4.9 സെക്കൻഡിനുള്ളിൽ 0-100 വേഗത കൈവരിക്കാനും XC40 റീചാർജിനാവും. അതേസമയം ഇവിയുടെ ഉയർന്ന വേഗത 180 കിലോമീറ്ററായി സ്വീഡിഷ് ബ്രാൻഡ് പരിമിതപ്പെടുത്തിയിട്ടുമുണ്ട്. സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാറുകളിൽ ഒന്നുകൂടിയാണിത് ഇതെന്നും വോൾവോ പറയുന്നു. സിംഗിൾ ചാർജിൽ അൾട്ടിമേറ്റ് വേരിയന്റിന് ഏകദേശം 418 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. 11kW കപ്പാസിറ്റിയുള്ള ഒരു വാൾബോക്‌സ് ചാർജറാണ് വാഹനത്തിനൊപ്പം സ്റ്റാൻഡേർഡായി നൽകുന്നത്.
എന്നാൽ 150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ അധികമായി വാങ്ങിയാൽ 28 മിനിറ്റിനുള്ളിൽ 10-80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നത് വളരെ പ്രായോഗികമായ വശമായി വോൾവോ പറയുന്നുമുണ്ട്. വാറണ്ടി, സർവീസ്, റോഡ് സൈഡ് അസിസ്റ്റൻസ് എന്നീ മൂന്ന് വർഷത്തെ പാക്കേജും വോൾവോ വാഗ്ദാനം ചെയ്യും. അതേസമയം കാറിന് മാത്രം ബാറ്ററി 8 വർഷത്തെ വാറണ്ടിയാണ് സ്വീഡിഷ് ബ്രാൻഡ് നൽകി വരുന്നത്.

ബേസ് പതിപ്പിനെ അപേക്ഷിച്ച് വോൾവോ XC40 റീചാർജ് അൾട്ടിമേറ്റിന് കൂടുതൽ നൂതനമായ പിക്സൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫോഗ് ലാമ്പുകൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, സൈഡ് പാർക്കിംഗ് സെൻസറുകൾ, ഒരു ഹർമാൻ കാർഡൺ ഓഡിയോ സിസ്റ്റം, പവർഡ് ചൈൽഡ് സേഫ്റ്റി ലോക്ക് തുടങ്ങിയ അധിക ഫീച്ചറുകളും ലഭിക്കുന്നുണ്ട്. ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്യുന്ന ആദ്യത്തെ ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവിയുമാണിത്.
കർണാടകയിലെ ബെംഗളൂരുവിലുള്ള കാർ നിർമാതാക്കളുടെ ഹോസകോട്ട് ഫെസിലിറ്റിയിലാണ് ഇലക്ട്രിക് എസ്‌യുവി നിലവിൽ അസംബിൾ ചെയ്യുന്നത്. അൾട്ടിമേറ്റിനെ പുതിയ സിംഗിൾ മോട്ടോർ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വോൾവോ XC40 റീചാർജ് പ്ലസ് 235.6 bhp കരുത്തിൽ 420 Nm torque ആണ് നൽകുന്നത്. അൾട്ടിമേറ്റിൽ 78kWh ബാറ്ററി പായ്ക്ക് കിട്ടുമ്പോൾ 69kWh ബാറ്ററി പായ്ക്കാണ് വില കുറഞ്ഞ വേരിയന്റിൽ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications








