എസ്‌യുവിയിൽ ഇതൊന്നും കിട്ടില്ല, യാത്രാ സുഖമാണ് ഇവൻമാരുടെ മെയിൻ! ഈ വർഷം ഇന്ത്യയിലെത്തിയ കിടുക്കൻ സെഡാനുകൾ
എസ്‌യുവി ട്രെൻഡിനിടയിൽ പലരും ഉപേക്ഷിച്ച വാഹനങ്ങളാണ് സെഡാനുകൾ. പണ്ട് കാർ എന്നാൽ അത് സെഡാനുകളാവണമെന്ന് വാശിപിടിച്ച ഇന്ത്യക്കാർ ഇന്ന് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ പിന്നാലെയാണെന്ന് വേണം പറയാൻ. പക്ഷേ യാത്രാ സുഖത്തിന്റെ കാര്യത്തിലായാലും സ്പേസിന്റെ കാര്യത്തിലായാലും ഇനി മൈലേജിലായാലും ത്രീ-ബോക്‌സ് ടൈപ്പ് മോഡലുകൾ തന്നെയാണ് ഒന്നാമത്. ഇക്കാര്യത്തിൽ സെഡാനുകളെ വെല്ലാൻ യാർക്കും മുടിയാത്. ആയതിനാൽ ഇതെല്ലാം അറിയാവുന്ന ആളുകളെല്ലാം ഇപ്പോഴും ഇത്തരം വാഹനങ്ങൾ കാര്യമായി തന്നെ വാങ്ങാറുണ്ട്. സെഡാനുകൾക്ക് ഇന്നും മാർക്കറ്റുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു 2024 എന്ന വർഷം.
അത്രയേറെ സെഡാനുകളാണ് ഈ വർഷം ഇന്ത്യൻ വിപണിയിൽ കാലുകുത്തിയത്. അതും ബജറ്റ് സെഗ്മെന്റ് മുതൽ അങ്ങ് ലക്ഷ്വറി വിഭാഗത്തിൽ വരെ പുതുപുത്തൻ സെഡാൻ മോഡലുകൾ വന്നിറങ്ങുകയുണ്ടായി. എന്തായാലും വാങ്ങാൻ ആളുള്ളതിനാൽ പുത്തൻ മോഡലുകൾ പണിതിറക്കാനും വാഹന നിർമാതാക്കൾക്ക് പ്രത്യേക ഉത്സാഹമായിരുന്നുവെന്ന് വേണം പറയാൻ. 2024-ൽ ഇന്ത്യയിലെത്തിയ ചില കിടിലൻ സെഡാനുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ?

മാരുതി ഡിസയർ: ഇടിപ്പരീക്ഷയിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയ മാരുതി സുസുക്കിയുടെ ആദ്യത്തെ കാർ എന്ന നിലയിൽ ഏറ്റവും പുതിയ ഡിസയർ വളരെ പ്രാധാന്യം അർഹിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് തലമുറകളിൽ നിന്നും വ്യത്യസ്‌തമായി ഇടിവെട്ട് ഡിസൈനും ഗംഭീര ഫീച്ചറുകളും എല്ലാം ഒത്തുചേർന്ന സെഡാൻ വിലയിലും ഞെട്ടിച്ചിരുന്നു. മാരുതി ഡിസയറിന്റെ പുതുതലമുറയ്ക്ക് 6.79 ലക്ഷം മുതൽ 10.14 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചത്.
ഹോണ്ട അമേസ്: ലെവൽ 2 ADAS ഫീച്ചറുള്ള ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാർ എന്നനിലയിലാണ് അമേസിന്റെ പുതുമോഡലിനെ ആളുകൾ ശ്രദ്ധിച്ചത്. ഒപ്പം ഡിസൈനിലെ പരിഷ്ക്കാരങ്ങളും ഇന്റീരിയറിലെ മാറ്റങ്ങളും ആളുകൾക്ക് ഒരുപോലെ ഇഷ്‌ടപ്പെടുകയും ചെയ്‌തു. ഡീസലുകളോട് ഗുഡ്ബൈ പറഞ്ഞതിനാൽ ഹോണ്ടയുടെ 1.2 ലിറ്റർ പെട്രോൾ എഞ്ചിനിൽ മാത്രമേ സെഡാൻ വാങ്ങാനാവൂ. 8.04 ലക്ഷം മുതൽ 10.94 ലക്ഷം വരെയാണ് അമേസിന്റെ വില വരുന്നത്.

ടിഗോർ സിഎൻജി ഓട്ടോമാറ്റിക്: കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് കാറുകളും ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി അവതരിപ്പിക്കാനാവുമെന്ന് തെളിഞ്ഞ വർഷമായിരുന്നു 2024. ടിഗോർ സെഡാനിലൂടെ ടാറ്റ മോട്ടോർസ് ശരിക്കും വിപ്ലവം തീർക്കുകയായിരുന്നു. ക്ലച്ച്ലെസിന് പുറമെ ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യയും കൂടി ചേർന്നതോടെ സംഗതി ഇരട്ടി പ്രായോഗികത നേടിയെന്ന് വേണം പറയാൻ. 8.69 ലക്ഷമാണ് ഇതിനായി വരുന്ന എക്സ്ഷോറൂം വില.
BYD സീൽ: ആഡംബര കാറുകളെ വരെ നാണിപ്പിക്കുന്ന രൂപവും ഭാവവും ഫീച്ചറുകളുമായി ഇന്ത്യൻ വിപണിയിലേക്ക് ഈ കൊല്ലമെത്തിയ ഇലക്ട്രിക് സെഡാനായിരുന്നു BYD സീൽ. താരതമ്യേന കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന സ്പോർട് കാർ എന്ന നിലയിലും സീൽ പലരേയും മോഹിപ്പിച്ചിരുന്നു. മൂന്ന് വേരിയന്റുകളിലായി വരുന്ന ഇവിക്ക് 41 ലക്ഷം മുതൽ 53 ലക്ഷം വരെയാണ് വില വരുന്നത്. സിംഗിൾ ചാർജിൽ സീലിന് 510 കിലോമീറ്റർ മുതൽ 650 കിലോമീറ്റർ വരെ റേഞ്ചും നൽകാനാവും.

ടൊയോട്ട കാമ്രി: 2024-ൽ പുറത്തിറങ്ങിയ ഏറ്റവും മൈലേജുള്ള പെട്രോൾ സെഡാൻ എന്ന വിശേഷണമാണ് കാമ്രി അർഹിക്കുന്നത്. ഒമ്പതാം തലമുറയിലേക്ക് ചേക്കേറിയെത്തിയ ജാപ്പനീസ് ബ്രാൻഡായ ടൊയോട്ടയുടെ ആഡംബര കാറാണിതെന്നും പറയാം. സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് വണ്ടിയുടെ പ്രത്യേകത. 25.49 കിലോമീറ്റർ വരെ ഇന്ധനക്ഷമതയുള്ള മോഡലിന് 48 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്.
ബിഎംഡബ്ല്യു 5 സീരീസ്: ജർമൻ ആഡംബര വാഹന നിർമാതാക്കളിൽ നിന്നുമുള്ള 5 സീരീസിന് പുതുമോഡൽ ലഭിച്ച വർഷമായിരുന്നു ഇത്. ഒപ്പം i5 ഇലക്ട്രിക് പതിപ്പിനും 2024 കലണ്ടർ വർഷം സാക്ഷ്യംവഹിച്ചു. പെട്രോളിൽ ലോംഗ് വീൽബേസ് വേഷത്തിലാണ് ആശാൻ രാജ്യത്തേക്ക് കാലുകുത്തിയത്. ഇവിക്ക് 1.20 കോടി രൂപ എക്‌സ്ഷോറൂം വില വന്നപ്പോൾ LWB മോഡലിന് 72.90 ലക്ഷമായിരുന്നു ബിഎംഡബ്ല്യു വിലയിട്ടത്.
മെർസിഡീസ് ബെൻസ് ഇ-ക്ലാസ്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ഇ-ക്ലാസ് ഇന്ത്യയിലെത്തിയ വർഷമാണ് കടന്നുപോവുന്നത്. മെച്ചപ്പെട്ട പിൻസീറ്റ് പാക്കേജും ഫീച്ചർ ലിസ്റ്റും മെർസിഡീസ് സമ്മാനിക്കുകയുണ്ടായി എന്നതും കൈയടി അർഹിക്കുന്നുണ്ട്. കൂടാതെ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും ലഭിക്കും. 78.50 ലക്ഷം രൂപ മുതൽ 92.50 ലക്ഷം വരെയാണ് പുതിയ ഇ-ക്ലാസിനായി മുടക്കേണ്ടി വന്നിരുന്നത്.


Click it and Unblock the Notifications








