3 കോടി വിലയുള്ള ടൊയോട്ടയുടെ വലിയ ഡീസൽ എസ്‌യുവി ഇന്ത്യയിൽ, വിൽക്കുന്നത് ബ്രാൻഡും ലോഗോയും മാറ്റി
ലാൻഡ് ക്രൂയിസർ എസ്‌യുവി ഇഷ്‌ടമല്ലാത്ത ഏതെങ്കിലും വണ്ടിഭ്രാന്തൻ ഉണ്ടാവുമോ അല്ലേ? ഇന്ത്യയിൽ അങ്ങനെ ഇങ്ങനെ വിചാരിച്ചാലൊന്നും വാങ്ങാൻ പറ്റാത്ത ആഡംബര എസ്‌യുവിക്ക് ഇവിടെ മറ്റൊരു അത്യാഡംബര പതിപ്പുണ്ട് കേട്ടോ. ടൊയോട്ടയുടെ തന്നെ ലക്ഷ്വറി ബ്രാൻഡായ ലെക്‌സസ് പുറത്തിറക്കുന്ന LX 500d എന്ന തട്ടുപൊളിപ്പൻ മോഡലിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. അടുത്തിടെ ഈ വാഹനത്തിനായുള്ള ബുക്കിംഗ് നിർത്തിവെച്ച വിവരമെല്ലാം പലരും അറിഞ്ഞ് കാണുമല്ലോ അല്ലേ. പക്ഷേ അതെന്തിനായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ. എസ്‌യുവിയുടെ ഏറ്റവും പുതിയ 2025 മോഡലിനെ ഇന്ത്യൻ വിപണിക്കായി അവതരിപ്പിച്ചിരിക്കുകയാണ് ലെക്‌സസ്.
2025 മോഡൽ ഇയർ ഫ്ലാഗ്ഷിപ്പ് എസ്‌യുവി അർബൻ, ഓവർട്രെയ്ൽ എന്നീ രണ്ട് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇവയ്ക്ക് യഥാക്രമം 3 കോടി, 3.12 കോടി രൂപ എന്നിങ്ങനെയാണ് രാജ്യത്ത് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. കൂടുതൽ ഓഫ്-റോഡ് കേന്ദ്രീകൃത സജ്ജീകരണങ്ങളുമാണ് ഏറ്റവും പുതിയ ലെക്‌സസ് LX 500d പുറത്തിറക്കിയിരിക്കുന്നത്. എഞ്ചിൻ മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും കൂടുതൽ സാങ്കേതികവിദ്യകളും ഫീച്ചറുകളും കോർത്തിണക്കിയാണ് വാഹനം നിരത്തിലേക്ക് എത്തുക.

ലെക്സസ് LX 500d അർബൻ വേരിയന്റിൽ നിന്നും തുടങ്ങാം അല്ലേ. കാഴ്ച്ചയിൽ ആരേയും അമ്പരപ്പിക്കുന്ന രൂപമാണ് ഈ ഫ്ലാഗ്ഷിപ്പ് എസ്‌യുവിക്കുള്ളത്. ലെക്സസിന്റെ സേഫ്റ്റി സിസ്റ്റം +3.0 എന്നറിയപ്പെടുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സ്റ്റാൻഡേർഡായി ചേർത്തുകൊണ്ടാണ് അർബൻ പതിപ്പ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. അതിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ അസിസ്റ്റ് തുടങ്ങിയ സവിശേഷതകളെല്ലാം ഉൾപ്പെടുന്നുണ്ട്.
പവർ-അഡ്ജസ്റ്റബിൾ, ഹീറ്റഡ്, വെന്റിലേറ്റഡ് ഫങ്ഷനുകളുള്ള ഫ്രണ്ട് സീറ്റുകളാണ് 2025 ലെക്‌സസ് LX 500d എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം യാത്രകൾ ആഡംബരപൂർണമാക്കാൻ മസാജ് ഫങ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ വാഹനം വാങ്ങുന്നവർക്ക് കണക്റ്റഡ് കാർ ഫീച്ചറുകളുടെ ഓപ്ഷനും ബ്രാൻഡ് അണിനിരത്തുന്നുണ്ട്. ബാക്കിയുള്ള സവിശേഷതകൾ നിലവിലുണ്ടായിരുന്ന ആവർത്തനത്തിന് സമാനമായാണ് തുടരുന്നത്.

ഇനി ലെക്‌സസ് LX 500d ഓവർട്രെയിൽ വേരിയന്റിലേക്ക് വന്നാൽ ഡാർക്ക് ഫിനിഷുള്ള ഗ്രിൽ, കൂടുതൽ കട്ടിയുള്ള ടയറുകൾ, കറുപ്പിൽ ഒരുക്കിയിരിക്കുന്ന അലോയ് വീലുകൾ, ബ്ലാക്ക് ബോഡി ക്ലാഡിംഗ്, ഡാർക്ക് ക്രോം ട്രിം എന്നിവ ഉപയോഗിച്ച് ഈ വേരിയന്റിന് കൂടുതൽ മസ്ക്കുലാർ ലുക്ക് സമ്മാനിക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. ഖാക്കി നിറത്തിലുള്ള ഇന്റീരിയറുമായി ജോടിയാക്കിയ മൂൺ ഡെസേർട്ട് കളർ ഓപ്ഷനിലാണ് ഓവർട്രെയിൽ വിപണനത്തിന് എത്തുന്നത്.
ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന പുതിയ ലെക്സസ് കണക്റ്റ് ടെക്‌നോളജി വാഹന നിർമ്മാതാവ് ചേർത്തിട്ടുണ്ടെന്ന് മുകളിൽ പറഞ്ഞല്ലോ. SOS കോൾ അലേർട്ടുകൾ, റോഡ്‌സൈഡ് അസിസ്റ്റൻസ്, ലോക്ക്/അൺലോക്ക്, സ്റ്റാർട്ട്/സ്റ്റോപ്പ്, പവർ വിൻഡോ, ഇമ്മൊബിലൈസേഷൻ എന്നിവയ്‌ക്കുള്ള റിമോട്ട് പ്രവർത്തനം എന്നിവയാണ് ഇതിൽ ഏറ്റവും പ്രായോഗികമായ ഓപ്ഷനുകൾ.

ഏറ്റവും പുതിയ അപ്‌ഡേറ്റിനൊപ്പം ഫൈൻഡ് മൈ കാർ, വെഹിക്കിൾ ട്രാക്കിംഗ്, തെഫ്റ്റ് അലാറം, വെഹിക്കിൾ ഹെൽത്ത് സ്റ്റാറ്റസ് എന്നിവയും വാഹനത്തിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. ക്യാബിൻ ലേഔട്ട് അതേപടി തുടരുന്നുണ്ടെങ്കിലും പുതുമ ഇപ്പോഴും ഉണ്ടെന്ന് വേണം പറയാൻ. കൂടുതൽ സുഖസൗകര്യങ്ങൾക്കായി ലെക്സസ് മുൻ നിരയിൽ ഒരു സീറ്റ് മസാജർ ചേർത്തിട്ടുണ്ടെന്നതും പണക്കാരെ ആകർഷിക്കുന്ന വിഷയമായിരിക്കും.
ബ്രാൻഡിന്റെ നിരയിലെ ഏക ഡീസൽ കാറാണ് 2025 ലെക്സസ് LX 500d. 4,000 ആർപിഎമ്മിൽ 304 bhp കരുത്തും 1,600-2,600 ആർപിഎമ്മിൽ 700 Nm ടോർക്കും നൽകുന്ന 3.3 ലിറ്റർ V6 ഡീസൽ എഞ്ചിനാണ് ഇതിന്റെ ഹൃദയം. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടാണ് വാഹനം വരുന്നത്. ആക്റ്റീവ് ഹൈറ്റ് കൺട്രോളും അഡാപ്റ്റീവ് വേരിയബിൾ സസ്പെൻഷനും ഉള്ള ഫോർ-വീൽ ഡ്രൈവ് സംവിധാനവും എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications








