20.26 കിലോമീറ്റർ മൈലേജുള്ള ടൊയോട്ടയുടെ ആഡംബര എസ്‌യുവി, പഴയ വിലയിൽ കിടിലൻ മാറ്റങ്ങളോടെ NX 350h
ആഡംബര കാറുകൾ എന്നുകേട്ടാൽ ഇന്ത്യക്കാർക്ക് ബെൻസും ബിഎംഡബ്ല്യുവും ഔഡിയുമെല്ലാമാണ്. എന്നാൽ ഇവിടെ ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ആഡംബര കാർ ബ്രാൻഡ് കൂടിയുണ്ടെന്ന കാര്യം പലരും അങ്ങനെ ഓർക്കാറില്ല. ലെക്‌സസ് എന്ന ബ്രാൻഡിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ടൊയോട്ടയുടെ ലക്ഷ്വറി കാർ വിഭാഗമാണ് ലെക്‌സസ് എന്നറിയാത്തവർ നമുക്ക് ചുറ്റിനുമുണ്ട്. ലക്ഷ്വറി സെഗ്മെന്റിൽ ചുരുങ്ങിയ കാലംകൊണ്ട് പ്രശസ്‌തരാവാൻ കഴിഞ്ഞ കമ്പനി എതിരാളികൾക്കിടയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തി മുന്നേറുകയാണ്. ബെൻസിനേയും ബിഎംഡബ്ല്യുവിനേയും ഒതുക്കി കൂടുതൽ മുന്നേറ്റം നടത്താനായി ബ്രാൻഡിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന NX 350h എസ്‌യുവിയുടെ പുത്തൻ മോഡൽ പുറത്തിറക്കിയിരിക്കുകയാണ് ലെക്‌സസ്.
2025 മോഡൽ ഇയർ പരിഷ്ക്കാരമാണ് NX 350h എസ്‌യുവിയിലേക്ക് ലെക്‌സസ് കൊണ്ടുവന്നിരിക്കുന്നത്. നിരവധി പുതിയ കൂട്ടിച്ചേർക്കലുകൾ, കൂടുതൽ മൈലേജ്, E20 അനുസൃമായി എഞ്ചിൻ പരിഷ്ക്കരിക്കൽ എന്നിവയെല്ലാമാണ് ഇത്തവണത്തെ മാറ്റങ്ങൾ. ഇത്രയും പരിഷ്ക്കാരങ്ങളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പഴയ വിലയിൽ മാറ്റമൊന്നുമില്ല. 68.02 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ഇപ്പോഴും ആഡംബര വാഹനം വീട്ടിലെത്തിക്കാനാവും.

കൂടാതെ ലെക്‌സസ് ഹൈബ്രിഡ് എസ്‌യുവിയുടെ ബുക്കിംഗും ഷോറൂമുകളിലൂടെ ആരംഭിച്ചിട്ടുണ്ട്. വേരിയന്റ് തിരിച്ചുള്ള വില എങ്ങനെയാണെന്ന് നോക്കിയാൽ എക്‌ക്‌സിസൈറ്റിന് 68.02 ലക്ഷം ഓവർട്രെയിലിന് 71.88 ലക്ഷം ലക്ഷ്വറിക്ക് 72.79 ലക്ഷം എഫ്-സ്‌പോർട്ടിന് 74.98 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. റേഡിയന്റ് റെഡ്, വൈറ്റ് നോവ എന്നിങ്ങനെ പുതിയ രണ്ട് കളർ ഓപ്ഷനുകളും മോഡലിന് ലഭിക്കും.
റേഡിയന്റ് റെഡ് ഫിനിഷ് NX എക്സ്ക്വിസിറ്റ്, ലക്ഷ്വറി, എഫ്-സ്പോർട്ട് ട്രിം ലെവലുകളിൽ ലഭ്യമാണ. അതേസമയം വൈറ്റ് നോവ എക്സ്ക്വിസിറ്റ്, ലക്ഷ്വറി, ഓവർട്രെയിൽ ട്രിമ്മുകൾക്കൊപ്പം വാഗ്ദാനം ചെയ്യുന്നുവെന്നാണ് ലെക്‌സസ് പറയുന്നത്. 2025 മോഡൽ ഇയർ പരിഷ്ക്കാരങ്ങളുടെ ഭാഗമായി NX എസ്‌യുവിയുടെ ക്യാബിന്റെ നോയ്‌സ് ഇൻസുലേഷൻ മെച്ചപ്പെടുത്തുന്നതിനായി "ഫെൽറ്റ് മെറ്റീരിയലുകൾ" ചേർത്തിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.

പ്രത്യേകിച്ച് പിൻഭാഗത്ത് ഈയൊരു കാര്യം പ്രകടമാണ്. NX എസ്‌യുവിയുടെ ഇൻ-ക്യാബിൻ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള മാറ്റങ്ങളും കണ്ടിട്ടുണ്ട്. "പ്രത്യേക മെറ്റീരിയലുകൾ" ഉപയോഗിച്ച് എസി എയർ ഫിൽട്ടർ നവീകരിച്ചിട്ടുണ്ടെന്നും ലെക്‌സസ് പറയുന്നു. ചെറിയ കണങ്ങളെ മികച്ച രീതിയിൽ ഫിൽട്ടർ ചെയ്യാൻ കട്ടിയുള്ള തുണിത്തരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കുറഞ്ഞ ഊർജ്ജം ഉപയോഗിക്കുന്നതിനും NX എസ്‌യുവിയുടെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി ക്ലൈമറ്റ് കൺട്രോൾ സംവിധാനവും പരിഷ്ക്കരിച്ചിട്ടുണ്ട്. എസ്‌യുവിയുടെ ഹൈബ്രിഡ് എഞ്ചിനുമായി ചേർന്ന് പ്രവർത്തിക്കുന്ന സുരക്ഷാ സവിശേഷതയായ അപ്‌ഹിൽ അസിസ്റ്റ് കൺട്രോളും ഇപ്പോൾ 2025 മോഡലിൽ ലഭിക്കുന്നുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ടുള്ള 9.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്.
14 ഇഞ്ച് നാവിഗേഷൻ , വയർലെസ് ചാർജിംഗ്, 10 സ്പീക്കറുകളുള്ള ലെക്‌സസ് പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയും അതിലേറെയും ഫീച്ചറുകളും ലെക്‌സസ് എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യും. ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, ലെയ്ൻ ട്രെയ്സിംഗ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, പ്രീ-കൊളീഷൻ സിസ്റ്റം, എസ്ആർഎസ് എയർബാഗുകൾ, സേഫ് എക്സിറ്റ് അസിസ്റ്റ് തുടങ്ങിയ നൂതന ഡ്രൈവർ എയ്ഡ്സ് സിസ്റ്റങ്ങളും ആഡംബര എസ്‌യുവിയിലുണ്ട്.
2.5 ലിറ്റർ, 4-സിലിണ്ടർ പെട്രോൾ-ഹൈബ്രിഡ് എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. ഇസിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന യൂണിറ്റ് പരമാവധി 243 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. നിലവിൽ 20.26 കിലോമീറ്റർ മൈലേജാണ് ആഡംബര എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നത്. മുമ്പ് 16-17 കിലോമീറ്ററായിരുന്നു ഇന്ധനക്ഷമതയെന്നാണ് കമ്പനി പറയുന്നത്. എന്തായാലും മാറ്റങ്ങളോടെ എത്തിയത് സെഗ്മെന്റിൽ കരുത്താവുമെന്നതിൽ സംശയമൊന്നും വേണ്ട.


Click it and Unblock the Notifications








