7.99 ലക്ഷത്തിന് പുതിയ ബൊലേറോ, അഡാറ് ഫീച്ചറുകൾക്കൊപ്പം ഇനി യാത്രാസുഖവും വേറെ ലെവൽ
ഇന്ത്യയുടെ ഐക്കണിക് വാഹനങ്ങളിൽ ഒന്നായ ബൊലേറോയ്ക്ക് പുതിയ മുഖം സമ്മാനിച്ച് മഹീന്ദ്ര. അടുത്തിടെ പുതിയ 2025 മോഡൽ ഥാർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ബൊലേറോ ശ്രേണിക്കും നവീകരണം കൊണ്ടുവന്നിരിക്കുന്നത്. ഏറെക്കാലമായി ഒരേ രൂപമാണ് വഹിക്കുന്നതെങ്കിലും എസ്‌യുവിയുടെ സ്റ്റൈലും ലുക്കുമെല്ലാം ആളുകൾക്ക് ഇന്നും ഇഷ്‌ടമാണ്. അടുത്തിടെയായി കച്ചോടം ചെറുതായൊന്ന് താഴേക്ക് പോവുന്നുവെന്ന് മനസിലാക്കിയതോടെയാണ് വർക്ക്ഹോഴ്‌സിലേക്ക് ഒരു ഫെയ്‌സ്‌ലിഫ്റ്റ് നവീകരണം കൊണ്ടുവരാൻ കമ്പനി തയാറായിരിക്കുന്നത്. 2025 മഹീന്ദ്ര ബൊലേറോ സ്വന്തമാക്കാൻ വെറും 7.99 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില മുടക്കിയാൽ മതിയാവും.
പുതുക്കിപണിത് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്ന 2025 മോഡൽ ബൊലേറോ എസ്‌യുവിയിൽ (Mahindra Bolero Facelift) ചെറിയ കോസ്‌മെറ്റിക് പരിഷ്‌ക്കരണങ്ങളും ഉൾവശത്ത് പുതിയ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മെക്കാനിക്കലായി മാറ്റമൊന്നുമില്ല. ഈ അപ്‌ഡേറ്റിനൊപ്പം മഹീന്ദ്ര ഒരു പുതിയ ടോപ്പ്-സ്പെക്ക് B8 ട്രിമ്മും അവതരിപ്പിച്ചിട്ടുണ്ടെന്നതും പ്രത്യേകം അറിഞ്ഞിരിക്കേണ്ട കാര്യമാണ്.

ഇനി വേരിയന്റ് തിരിച്ചുള്ള വില കൂടി നോക്കിയാൽ 2025 മഹീന്ദ്ര ബൊലേറോയുടെ B4 ബേസ് മോഡലിനാണ് 7.99 ലക്ഷം രൂപ വില വരുന്നത്. B6 പതിപ്പാണെങ്കിൽ 8.69 ലക്ഷം B6 (O) മോഡലാണെങ്കിൽ 9.09 ലക്ഷം B8 ടോപ്പ് എൻഡ് വേരിയന്റാണെങ്കിൽ 9.69 ലക്ഷം എന്നിങ്ങനെയും എക്സ്ഷോറൂം വില നൽകേണ്ടി വരും. പുതിയ ബൊലേറോയിലെ എക്സ്റ്റീരിയർ മാറ്റങ്ങൾ വളരെ സൂക്ഷ്മമാണ്.
സൂക്ഷിച്ച് നോക്കിയാൽ പോലും ചിലർക്ക് മനസിലാവണമെന്നില്ല. ക്രോം ഇൻസേർട്ടുകളുള്ള പുതിയ 5-സ്ലാറ്റ് ഗ്രില്ലാണ് മുൻവശത്തെ പ്രധാന ആകർഷണം. ബൊലേറോയിൽ ഇപ്പോൾ B6 ട്രിം മുതൽ ഫോഗ് ലാമ്പുകളും ടോപ്പ്-സ്പെക്ക് B8 ട്രിമ്മിൽ പുതിയ 16 ഇഞ്ച് അലോയ് വീലുകളും ലഭിക്കുന്നുണ്ട് എന്നതും സ്വാഗതാർഹമായ കാര്യമാണ്. നിലവിലുള്ള ഡയമണ്ട് വൈറ്റ്, സിൽവർ, റോക്കി ബീജ് എന്നിവയ്ക്ക് പുറമേ സ്റ്റെൽത്ത് ബ്ലാക്ക് എന്ന പുതിയ കളർ ഓപ്ഷനും മഹീന്ദ്ര കൊണ്ടുവന്നിട്ടുണ്ട്.

പ്രധാന നവീകരണങ്ങൾ കൊണ്ടുവന്നിരിക്കുന്നത് മഹീന്ദ്ര ബൊലേറോയുടെ അകത്തളത്തിലാണ്. അകത്ത് ഇപ്പോൾ മീഡിയ നിയന്ത്രണങ്ങൾക്കായി ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് ആരാധകർ പലരേയും സന്തോഷപ്പെടുത്തിയേക്കും. എന്നിരുന്നാലും സിസ്റ്റം ആൻഡ്രോയിഡ് ഓട്ടോ അല്ലെങ്കിൽ ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി പോലുള്ള മോഡേൺ ഫീച്ചറുകളെയൊന്നും സപ്പോർട്ട് ചെയ്യുന്നില്ല കേട്ടോ.
ബൊലേറോയിൽ പുതിയ സ്റ്റിയറിംഗ്-മൗണ്ടഡ് കൺട്രോളുകൾ, യുഎസ്ബി-സി ടൈപ്പ് ചാർജിംഗ് പോർട്ട്, പുതിയ ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഡോർ ട്രിമ്മുകളിൽ പുതിയ ബോട്ടിൽ ഹോൾഡറുകൾ എന്നിവയും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. എന്നാൽ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യാൻ കമ്പനി തയാറായില്ലെന്നതും പ്രത്യേകം എടുത്ത് പറയാം. എല്ലാ ട്രിമ്മുകളും ഡ്യുവൽ എയർബാഗുകൾക്കൊപ്പമാണ് വരുന്നത്.

76 bhp കരുത്തിൽ പരമാവധി 210 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ, ത്രീ സിലിണ്ടർ ഡീസൽ എഞ്ചിനാണ് 2025 ബൊലേറോയുടെ ഹൃദയം. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായിട്ടാണ് എസ്‌യുവി വിപണനത്തിന് എത്തുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ജനകീയമായ സമയത്ത് പോലും വാഹനത്തിൽ ഈയൊരു സംവിധാനം ചെയ്യാൻ കമ്പനി തയാറാവാത്തത് ശ്രദ്ധേയമായ കാര്യമാണ്. റിയർ-വീൽ ഡ്രൈവ് സെറ്റപ്പുള്ള മോഡൽ ലാഡർ ഫ്രെയിം ഷാസിയിലാണ് പണികഴിപ്പിച്ചിരിക്കുന്നതും.
പുതിയ അപ്‌ഡേറ്റിലൂടെ ബൊലേറോയുടെ റൈഡ്, ഹാൻഡ്‌ലിംഗ് ബാലൻസ് മെച്ചപ്പെടുത്തിയതായി മഹീന്ദ്ര അവകാശപ്പെടുന്നു. നാല് മീറ്ററിൽ താഴെ നീളമുള്ള ബോഡി-ഓൺ-ഫ്രെയിം എസ്‌യുവി എന്ന നിലയിൽ ബൊലേറോയ്ക്ക് വിപണിയിൽ നേരിട്ടുള്ള എതിരാളികളൊന്നുമില്ല. എല്ലായ്പ്പോഴും വിശ്വസനീയവും ഉപയോഗപ്രദവുമായ ഒരു വർക്ക്‌ഹോഴ്‌സായി ഇത് തുടരുന്നുമുണ്ട്. പുത്തൻ മാറ്റങ്ങൾ വിൽപ്പനയ്ക്ക് കരുത്താവുമെന്ന് വേണം പ്രതീക്ഷിക്കാൻ.


Click it and Unblock the Notifications








