9.99 ലക്ഷത്തിന് വാങ്ങാം, പുത്തൻ ഥാറുമായി മഹീന്ദ്ര! കാഴ്ച്ചയിലല്ല അനുഭവിച്ച് അറിയണം എസ്‌യുവിയിലെ മാറ്റങ്ങൾ
ഇന്ത്യയിലെ എസ്‌യുവി പ്രേമികളുടെ ഡ്രീം കാറാണ് മഹീന്ദ്ര ഥാർ. 2020-ൽ രണ്ടാംതലമുറ ആവർത്തനം പുറത്തിറങ്ങിയത് മുതൽ ആളുകളെല്ലാം വാങ്ങിക്കൂട്ടിയ വണ്ടി ഇന്ന് നിരത്തിലെ സ്ഥിരം കാഴ്ച്ചയാണ്. 3 ഡോർ ആയതിനാൽ തന്നെ ഫാമിലി വാഹനമായി ഉപയോഗിക്കാൻ പ്രാക്‌ടിക്കാലിറ്റിയില്ലെന്ന് പലരും പരാതി പറയുന്നുണ്ടായിരുന്നുവെങ്കിലും ഥാർ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. എന്നാൽ ഇക്കാര്യങ്ങളെല്ലാം മനസിൽ കണ്ടുകൊണ്ട് ഥാറിന്റെ 5-ഡോർ മോഡലായ റോക്‌സിനെ പോയ വർഷം കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു. അതും വലിയ തരംഗമായി മാറിയതോടെ മൂന്ന് ഡോർ മോഡലിന്റെ കച്ചോടം ചെറുതായൊന്ന് താഴേക്ക് പോയി.
അതിനാൽ എസ്‌യുവിയെ മുഖംമിനുക്കി കമ്പനി പുറത്തിറക്കാൻ പോവുകയാണെന്ന വാർത്തയും പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഒപ്പം മൂടിക്കെട്ടിയ രീതിയിൽ വാഹനത്തിന്റെ പരീക്ഷണയോട്ടവും തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഥാർ റോക്‌സിന് സമാനമായ ലുക്കും ഫീച്ചറുകളുമെല്ലാമായി 3-ഡോർ (Mahindra Thar 3-Door) വരുമെന്ന് പ്രതീക്ഷിച്ചിരുന്നവരെല്ലാം ഇനി നിരാശപ്പെടാൻ റെഡിയായിക്കോ.

കാത്തിരിപ്പുകൾക്ക് ഒടുവിൽ പുതിയ 2025 മഹീന്ദ്ര ഥാർ എസ്‌യുവി വിപണിയിൽ എത്തിയിരിക്കുകയാണ്. 9.99 പ്രാരംഭ എക്സ്ഷോറൂം വിലയിൽ പുറത്തിറങ്ങിയിരിക്കുന്ന മോഡൽ കാഴ്ച്ചയിൽ മുൻഗാമിക്ക് സമാനമാണ്. മഹീന്ദ്ര ഇതിനെ 'മിഡ്-സൈക്കിൾ എൻഹാൻസ്‌മെന്റ് (MCE)' എന്നാണ് വിളിക്കുന്നത്. വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിംഗുകളും ആരംഭിച്ചിരിക്കുകയാണ്. അതേസമയം എസ്‌യുവിക്കായുള്ള ഡെലിവറി ഉടനടി ആരംഭിക്കും.
പതിപ്പിന് സമാനമായ വിലയിൽ തന്നെ എത്തിയത് ആരാധകരെ സന്തോഷിപ്പിക്കുന്ന വിഷയമാണ്. ഇനി മിഡ്-സൈക്കിൾ എൻഹാൻസ്‌മെന്റ് നവീകരണങ്ങളിൽ എസ്‌യുവിക്ക് എന്തെല്ലാം മാറ്റങ്ങൾ ലഭിച്ചുവെന്ന് നോക്കിയാലോ. ഡിസൈൻ പൂർണമായും ഉടച്ചുവാർക്കുന്നതിന് പകരം ചെറിയ കോസ്മെറ്റിക് മാറ്റങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പുതിയ ഥാറിന്റെ മുൻവശത്ത് ഇപ്പോൾ ഡ്യുവൽ-ടോൺ ബമ്പറും ബോഡി-കളർ ഗ്രില്ലുമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

ഇത് മുമ്പത്തെ ബ്ലാക്ക് ഫിനിഷിനെ മാറ്റിസ്ഥാപിക്കുന്നു. ക്ലാസിക് ഥാർ രൂപഘടന നിലനിർത്തിക്കൊണ്ട് വശങ്ങൾ മാറ്റമില്ലാതെ തുടരുന്നതും പലരിലും സന്തോഷം ജനിപ്പിച്ചേക്കാം. പിൻഭാഗത്ത്, വാഷറുള്ള ഒരു റിയർ വൈപ്പറും റിയർവ്യൂ ക്യാമറയും കൂട്ടിച്ചേർത്ത് എസ്‌യുവിയെ കൂടുതൽ മിടുക്കനാക്കി. ഥാർ റോക്സിൽ കാണപ്പെടുന്ന സവിശേഷതകളെ പ്രതിഫലിപ്പിക്കുന്നതാണീ പരീഷ്ക്കാരങ്ങൾ.
ഈ അപ്‌ഡേറ്റുകൾ ഥാറിന് അതിന്റെ പരുക്കൻ സ്വഭാവം നഷ്ടപ്പെടാതെ അൽപ്പം കൂടുതൽ പരിഷ്കൃതമായ രൂപം നൽകാനും സഹായിച്ചിട്ടുണ്ട്. ബാറ്റിൽഷിപ്പ് ഗ്രേ, ടാങ്കോ റെഡ് എന്നിങ്ങനെ ഥാറിന് രണ്ട് പുതിയ കളർ ഓപ്ഷനുകളും മഹീന്ദ്ര സമ്മാനിക്കുകയുണ്ടായി. ഒപ്പം നിലവിലുള്ള ഗാലക്സി ഗ്രേ, സ്റ്റെൽത്ത് ബ്ലാക്ക്, ഡീപ് ഫോറസ്റ്റ്, എവറസ്റ്റ് വൈറ്റ് എന്നി നിറങ്ങൾ തുടർന്നും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും.

ഇനി ഇന്റീരിയറിലേക്ക് കയറിയാൽ ഥാറിൽ കൂടുതൽ മാറ്റങ്ങൾ ദൃശ്യമാവും. പഴയതും ചെറുതുമായ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് പകരമായി ഇപ്പോൾ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. ഈ സിസ്റ്റം അഡ്വഞ്ചർ സ്റ്റാറ്റിസ്റ്റിക്സ് 2 അവതരിപ്പിക്കുന്നുവെന്നതിനാൽ ഇത് ഡ്രൈവർമാർക്ക് ടെറൈൻ, ആംഗിളുകൾ, സ്ലോപ്പുകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ഓഫ്-റോഡ് വിവരങ്ങൾ നൽകാൻ സഹായിക്കും.
ഥാർ റോക്‌സിന്റെ മാതൃകയിൽ സ്റ്റിയറിംഗ് വീലും പരിഷ്‌ക്കരിച്ചു. സെന്റർ കൺസോൾ പുനർനിർമിച്ചുവെന്നതും കൈയടി അർഹിക്കുന്നുണ്ട്. പിൻവശത്തെ എസി വെന്റുകൾ ഇപ്പോൾ ഈ കൺസോളിലാണ് സ്ഥാപിച്ചിരിക്കുന്നത്. വിൻഡോ സ്വിച്ചുകൾ ഡോറുകളിലേക്ക് മാറ്റിയിട്ടുമുണ്ട്. ഈ പരിഷ്‌ക്കാരങ്ങൾ ഒഴികെ മറ്റെല്ലാം പഴയപടി തുടരുകയാണ്. എഞ്ചിൻ ഓപ്ഷനുകളും പഴയതാണ്.
150 bhp കരുത്തിൽ 320 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ, 130 bhp പവറിൽ 300 Nm ടോർക്ക് നൽകുന്ന 2.2 ലിറ്റർ ഡീസൽ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ. റിയർവീൽ ഡ്രൈവ് പതിപ്പിൽ 1.5 ഡീസലും വാഗ്‌ദാനം ചെയ്യുന്നുണ്ട് കമ്പനി. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ചോയ്‌സുകൾ. 2H, 4H, 4L മോഡുകൾക്കിടയിൽ സുഗമമായി മാറാനുള്ള ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ കഴിവുള്ള ലോ-റേഞ്ച് ട്രാൻസ്ഫർ കേസ് 4x4 സിസ്റ്റം ഥാർ ഇപ്പോഴും നിലനിർത്തുന്നുണ്ട്.


Click it and Unblock the Notifications