ആരും കുറ്റം പറയാത്ത വണ്ടി! യാത്രാസുഖം മാത്രമല്ല, ഹൈക്ലാസ് സേഫ്റ്റിയുമായി 28 കി.മീ മൈലേജുള്ള മാരുതി എസ്‌യുവി
ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും പോലുള്ള വമ്പൻമാർ അരങ്ങുവാണിരുന്ന കാട്ടിലേക്ക് മാരുതി സുസുക്കി അവതരിപ്പിച്ച തട്ടുപൊളിപ്പൻ മിഡ്-സൈസ് എസ്‌യുവിയായിരുന്നു ഗ്രാൻഡ് വിറ്റാര (Maruti Grand Vitara). വിപണിയിലെത്തി അധികസമയമൊന്നും കാത്തിരിക്കാതെ തന്നെ ഹിറ്റ്ചാർട്ടുകളിൽ ഇടംപിടിച്ച ഫാമിലി സ്പോർട് യൂട്ടിലിറ്റി വാഹനം ഇന്ന് സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലാണ്. ഹൈബ്രിഡ് എഞ്ചിനും ഒടുക്കത്തെ മൈലേജുമായി എത്തിയ മോഡലിനെ ഇരുകൈയും നീട്ടിയാണ് ആളുകൾ സ്വീകരിച്ചത്. ക്രെറ്റയെ ഇതുവരെ പൊട്ടിക്കാനായില്ലെങ്കിലും ആള് നല്ലനീതിയിൽ തന്നെ കച്ചോടം പിടിക്കുന്നുണ്ടെന്നത് മാരുതിക്ക് ആശ്വാസമേകുന്ന കാര്യമാണ്.
ക്രെറ്റയെ എങ്ങനെയും ഒതുക്കാനുള്ള അടവുകൾ പലതും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളിൽ നിന്നും നിരന്തരം ഉയരുന്നുമുണ്ട്. ഇപ്പോഴിതാ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2025 മോഡൽ ഗ്രാൻഡ് വിറ്റാര ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. എസ്‌യുവിയിലെ സുരക്ഷാ സവിശേഷതകൾ മെച്ചപ്പെടുത്തി, പുതിയ വകഭേദങ്ങളും പുതിയ ഉപകരണങ്ങളും ചേർത്തുകൊണ്ടാണ് ഹൈബ്രിഡ് എസ്‌യുവിയുടെ ഇത്തവണത്തെ വരവ്.

2025 മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ വില 11.42 ലക്ഷം രൂപ എക്‌സ്‌ഷോറൂം മുതലാണ് ആരംഭിക്കുന്നത്. വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി ഗ്രാൻഡ് വിറ്റാര ഇപ്പോൾ എല്ലാ വേരിയൻ്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുമുണ്ടെന്നത് ക്രെറ്റയ്ക്ക് ക്ഷീണം നൽകുന്ന കാര്യമാണ്. അതോടൊപ്പെം തന്നെ മറ്റ് നിരവധി സേഫ്റ്റി ഫീച്ചറുകളും വാഹനത്തിൽ കുത്തിനിറക്കാനും കമ്പനി തയാറിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
ഹിൽ ഹോൾഡ് അസിസ്റ്റിനൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസും ഇബിഡിയും ഉള്ള ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, എല്ലാ യാത്രക്കാർക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള സുരക്ഷാ സാങ്കേതികവിദ്യകളുടെ സമഗ്രമായ നിരയോടെയാണ് 2025 മോഡൽ ഗ്രാൻഡ് വിറ്റാരയെ മാരുതി സുസുക്കി നവീകരിച്ചിരിക്കുന്നത്.

അപ്‌ഡേറ്റ് ചെയ്‌ത ഗ്രാൻഡ് വിറ്റാര ശ്രേണിയിൽ ഇപ്പോൾ 18 വേരിയന്റുകളോളമാണ് അണിനിരക്കുന്നത്. മുമ്പത്തേക്കാൾ കൂടുതൽ ചോയ്‌സുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഏതുതരത്തിലുള്ള ഉപഭോക്താക്കളേയും തൃപ്ത്തിപ്പെടുത്താനും മാരുതി സുസുക്കിയുടെ മിഡ്-സൈസ് എസ്‌യുവിക്ക് ഇനി മുതൽ സാധിക്കും. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 11.42 ലക്ഷം രൂപ മുതൽ 20.68 ലക്ഷം രൂപ വരെയാണ് ഗ്രാൻഡ് വിറ്റാരയ്ക്ക് ഇനി മുതൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
2025 മോഡൽ ഇയർ പരിഷ്ക്കാരത്തിന്റെ ഭാഗമായി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയിലേക്ക് ഒരു പുതിയ ഡെൽറ്റ പ്ലസ് സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റും കമ്പനി ചേർത്തിട്ടുണ്ട്. അതിൻ്റെ എക്‌സ്ഷോറൂം വില വരുന്നത് 16.99 ലക്ഷം രൂപയാണ്. പുതിയ മോഡൽ സീറ്റ പ്ലസ്, ആൽഫ പ്ലസ്, സീറ്റ പ്ലസ് ഓപ്ഷണൽ, ആൽഫ പ്ലസ് ഓപ്ഷണൽ എന്നീ വേരിയൻ്റുകളോടൊപ്പം ഗ്രാൻഡ് വിറ്റാര സ്‌ട്രോംഗ് ഹൈബ്രിഡ് നിരയുടെ ഭാഗമായി നിലകൊള്ളും.

വർധിച്ചുവരുന്ന ഡിമാൻഡ് കാരണം ഗ്രാൻഡ് വിറ്റാരയുടെ സീറ്റ (O), സീറ്റ പ്ലസ് (O), ആൽഫ (O), ആൽഫ പ്ലസ് (O) വേരിയൻ്റുകളിൽ പനോരമിക് സൺറൂഫും മാരുതി സുസുക്കി ഒരുക്കിയിട്ടുണ്ട്. 8-വേ ഡ്രൈവർ പവേർഡ് സീറ്റ്, 6AT വേരിയൻ്റുകൾക്ക് ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, PM 2.5 ഡിസ്പ്ലേ ഉള്ള ഓട്ടോ പ്യൂരിഫൈ, പുതിയ എൽഇഡി ക്യാബിൻ ലാമ്പുകൾ, റിയർ ഡോർ സൺഷെയ്ഡുകൾ എന്നീ ഫീച്ചറുകളും മിഡ്-സൈസ് എസ്‌യുവിയോടൊപ്പം കമ്പനി കൊടുത്തിട്ടുണ്ട്.
എക്സ്റ്റീരിയറിന്റെ മൊഞ്ച് കൂട്ടാനായി പ്രിസിഷൻ കട്ട് ഫിനിഷുള്ള 17 ഇഞ്ച് അലോയ് വീലുകളുടെ ഒരു പുതിയ സെറ്റും വാഹനത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നാണ് മാരുതി സുസുക്കി പറയുന്നത്. വയർലെസ് കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ പ്ലസ് എൻ്റർടൈൻമെൻ്റ് സിസ്റ്റം, ഹെഡ് അപ്പ് ഡിസ്‌പ്ലേ, 360 വ്യൂ ക്യാമറ, വയർലെസ് ചാർജിംഗ് ഡോക്ക്, വെൻ്റിലേറ്റഡ് സീറ്റുകൾ, പ്രീമിയം സൗണ്ട് സിസ്റ്റം ബൈ ക്ലാരിയോൺ, സുസുക്കി കണക്റ്റ് എന്നിവയാണ് ഗ്രാൻഡ് വിറ്റാരയിലെ മറ്റ് ഫീച്ചറുകൾ.

ഗ്രാൻഡ് വിറ്റാരയുടെ എല്ലാ വകഭേദങ്ങളും ഇപ്പോൾ E20 ഫ്യുവൽ നിലവാരത്തിലേക്ക് അനുസൃതമായി പരിഷ്ക്കരിച്ചിട്ടുണ്ടെന്നും മാരുതി പറയുന്നു. മുമ്പുണ്ടായിരുന്ന അതേ 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. ഇതിൽ ആദ്യത്തേത് 102 bhp പവറിൽ 137 Nm torque നൽകാൻ യോഗ്യമാണ്.
5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇതിന് സിഎൻജി പവർട്രെയിൻ, ഓൾ-വീൽ ഡ്രൈവ് എന്നിവയും ലഭിക്കുന്നുണ്ട്. എന്നാൽ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ഗ്രാൻഡ് വിറ്റാരയുടെ തലവര മാറ്റുന്നത്. eCVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഇത് 113 bhp പവറിൽ 122 Nm ടോർക്ക് വരെ നൽകും.
ഇനി മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ മാരുതി ഗ്രാൻഡ് വിറ്റാരയുടെ മൈൽഡ് ഹൈബ്രിഡ് മോഡലുകൾക്ക് 19.38 കിലോമീറ്റർ ഇന്ധനക്ഷമതയും സിഎൻജി പതിപ്പുകൾക്ക് 26.6 കിലോമീറ്റർ മൈലേജും കമ്പനി പറയുമ്പോൾ സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകൾക്ക് 27.97 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ലഭിക്കുക. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും മൈലേജുള്ള മോഡലായി ഗ്രാൻഡ് വിറ്റാര അങ്ങനെ മാറുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ മോഡലുകള്‍ക്ക് അടുത്തിടെ വില വര്‍ധനവ് നടപ്പിലാക്കിയിരുന്നു. ഉയർന്നുവരുന്ന ഇന്‍പുട്ട് ചെലവുകള്‍, പ്രവര്‍ത്തന ചെലവുകള്‍, ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവ കാരണമാണ് വില വര്‍ധിപ്പിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതായെന്ന് കമ്പനി റഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചത്.
ഗ്രാന്‍ഡ് വിറ്റാര , ഈക്കോ, വാഗണ്‍ ആര്‍, എര്‍ട്ടിഗ, എക്‌സ്എല്‍ 6, ഡിസയര്‍ ടൂര്‍ എസ്, ഫ്രോങ്ക്‌സ് തുടങ്ങിയ ജനപ്രിയ മോഡലുകള്‍ ഉള്‍പ്പെടെ നിരവധി മോഡലുകളെ ഈ മാറ്റം ബാധിക്കും. ഗ്രാനഡ് വിറ്റാരയ്ക്ക് മുമ്പ് 11.19 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരൊയിരുന്നു എക്സ്ഷോറൂം വില വന്നിരുന്നത്. അതാണ് 2025 മോഡൽ ഇയറിലൂടെ 11.42 ലക്ഷം രൂപ മുതൽ 20.68 ലക്ഷം രൂപ വരെയായി മാറിയിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








