യാത്രാസുഖത്തിനൊപ്പം 26.6 കി.മീ. മൈലേജും! നിർത്തിപ്പോയെന്ന് കരുതിയ എസ്‌യുവിയെ തിരികെകൊണ്ടുവന്ന് മാരുതി
മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഏറ്റവും മൈലേജുള്ള മോഡൽ പുറത്തിറക്കി വിപ്ലവം തീർത്തവരാണ് മാരുതി സുസുക്കി (Maruti Suzuki). രാജ്യം വാഴുന്ന ഹ്യുണ്ടായി ക്രെറ്റയെ വീഴ്ത്താൻ എത്തുന്നഎതിരാളിക്ക് ഇത്രയെങ്കിലും മിനിമം ഗ്യാരണ്ടി കിട്ടിയില്ലെങ്കിൽ ആളുകൾ വാങ്ങാൻ എത്തില്ലെന്ന് മാരുതിക്ക് നന്നായി അറിയാമായിരുന്നു. അങ്ങനെയാണ് ടൊയോട്ടയുമായി സഹകരിച്ച് നിർമിച്ച ഗ്രാൻഡ് വിറ്റാരക്ക് ഹൈബ്രിഡ് സംവിധാനം ബ്രാൻഡ് കൊണ്ടുവരുന്നത്. എന്നാൽ വില അൽപം കൂടുതലാണല്ലോയെന്ന് ചിന്തിക്കുന്നവർക്കായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ തങ്ങളുടെ സിഎൻജി പവർട്രെയിനും ഗ്രാൻഡ് വിറ്റാരയ്ക്കൊപ്പം വാഗ്‌ദാനം ചെയ്‌തു.
മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷന് പുറമെ സാധാരണക്കാർക്കായി സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയിൽ അവതരിപ്പിച്ചതോടെ വിൽപ്പന കുതിച്ചുയരുകയും ചെയ്‌തു. എന്നാൽ അടുത്തിടെ സർപ്രൈസായി സിഎൻജി വേരിയന്റുകളെ ഒഴിവാക്കുന്നതായുള്ള വാർത്തയും പുറത്തുവന്നിരുന്നു. കമ്പനിയുടെ ഔദ്യോഗിക പേജിൽ നിന്നും എസ്‌യുവിയുടെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകളെ പിൻവലിച്ചതോടെ അഭ്യൂഹങ്ങൾ ശക്തമാവുകയും ചെയ്‌തു.

എന്നാൽ ഇപ്പോഴിതാ ഗ്രാൻഡ് വിറ്റാര എസ്-സിഎൻജി വേരിയന്റുകളെ 2025 മോഡൽ ഇയറിലേക്ക് പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചിരിക്കുകയാണ് മാരുതി സുസുക്കി. മിഡ്-സൈസ് എസ്‌യുവിയുടെ ഡെൽറ്റ സിഎൻജി വേരിയന്റിന് 13.48 ലക്ഷം മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം സീറ്റ സിഎൻജി വേരിയന്റിന് 15.62 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.
ഗ്രാൻഡ് വിറ്റാര 2025 സിഎൻജി മോഡലിൽ പുതിയ ഫീച്ചറുകളും സേഫ്റ്റി ഉപകരണങ്ങളും കോർത്തിണക്കിയാണ് കമ്പനി വിപണനത്തിന് എത്തിച്ചിരിക്കുന്നത്. ഇനി മുതൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇബിഡിയുള്ള എബിഎസ്, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ എന്നിവ പോലുള്ള സവിശേഷതകളെല്ലാം വാഹനത്തിന് സ്റ്റാൻഡേർഡായി തന്നെ ലഭ്യമാകുമെന്നതാണ് ശ്രദ്ധേയമായ കാര്യം.

2025 ഗ്രാൻഡ് വിറ്റാര സിഎൻജിയിൽ PM 2.5 ഡിസ്പ്ലേയുള്ള ഓട്ടോ പ്യൂരിഫൈ, ക്ലാരിയന്റെ പ്രീമിയം സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ് ഡോക്ക്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, റിയർ ഡോർ സൺഷെയ്ഡുകൾ, R17 അലോയ് വീലുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ പോലുള്ള അധിക ഫീച്ചറുകളും ലഭിക്കുമെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. ഡിസൈനിലൊന്നും കമ്പനി കൈവെക്കാൻ മുതിർന്നിട്ടില്ല.
2025 ഗ്രാൻഡ് വിറ്റാര എസ്-സിഎൻജിയിൽ നെക്സ്റ്റ്-ജെൻ കെ-സീരീസ് 1.5 ലിറ്റർ, ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. പെട്രോളിൽ എഞ്ചിന് 102 bhp പവറിൽ പരമാവധി 136 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടെങ്കിലും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുമ്പോൾ എല്ലാ കാറുകളേയും പോലെ തന്നെ പവർ കണക്കുകളിൽ കാര്യമായ കുറവാണ് സംഭവിക്കുന്നത്.

അതായത് ഗ്രാൻഡ് വിറ്റാര സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ പവർ 87 bhp, 121.5 Nm torque എന്നിങ്ങനെയായി കുറയും. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്ന എസ്‌യുവിക്ക് ഒരു കിലോഗ്രാം സിഎൻജിയിൽ 26.6 കിലോമീറ്റർ വരെ മൈലേജ് നൽകാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൈൽഡ്-ഹൈബ്രിഡ് മോഡലുകളേക്കാൾ വളരെ ലാഭകരമാണെന്ന വസ്‌തുത കണക്കിലെടുത്താണ് കമ്പനി ഗ്രാൻഡ് വിറ്റാരയ്ക്ക് സിഎൻജി ഫ്യുവൽ ഓപ്ഷൻ സമ്മാനിച്ചിരിക്കുന്നത്.
ഗ്രാൻഡ് വിറ്റാരയുടെ മൈൽഡ് ഹൈബ്രിഡ് മോഡലുകൾക്ക് 19.38 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി പറയുന്നത്. ഹൈബ്രിഡിന്റെ കാര്യത്തിലേക്ക് വന്നാൽ 113 bhp കരുത്തിൽ പരമാവധി 122 Nm torque വരെ നൽകുന്ന ടൊയോട്ടയിൽ നിന്നുള്ള 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിന് 27.97 കിലോമീറ്റർ മൈലേജാണ് ലഭിക്കുക. നിലവിൽ 18 വേരിയന്റുകളിൽ വിപണിലെത്തുന്ന ഗ്രാൻഡ് വിറ്റാരയ്ക്ക് വേരിയന്റിനെ അനുസരിച്ച് 11.42 ലക്ഷം രൂപ മുതൽ 20.68 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.


Click it and Unblock the Notifications








