കുറ്റം പോയിട്ട് മോശം പറയാൻ ഒന്നുമില്ലാത്ത മാരുതി കാർ, വാഗൺആർ എല്ലാവരും വാങ്ങുന്നത് എന്തുകൊണ്ടെന്ന് അറിയുമോ
ഇന്ത്യക്കാരുടെ ദേശീയ വാഹനമായി പ്രഖ്യാപിക്കേണ്ട കാറാണ് മാരുതി സുസുക്കി വാഗൺആർ. കാലങ്ങൾക്ക് മുമ്പേ അവതരിച്ച മോഡൽ ഇന്നും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി വിലസണമെങ്കിൽ അതിന്റെ റേഞ്ച് മനസിലാക്കാനാവുന്നതല്ലേയുള്ളൂ. കുറഞ്ഞ വിലയും അപാര മൈലേജും ഇന്റീരിയറിൽ നല്ല സ്പേസുമെല്ലാമായി ഇന്ത്യക്കാരുടെ ഫാമിലി കാറായി വാഗൺആർ അങ്ങനെ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണിപ്പോഴും. ഇക്കാലയളവിനുള്ളിൽ നാല് തലമുറ ആവർത്തനങ്ങളും ഇതിനുണ്ടായി. ഇക്കഴിഞ്ഞ ദിവസം 6 എയർബാഗുകൾ എല്ലാ വേരിയന്റിലും സ്റ്റാൻഡേർഡായി അവതരിപ്പിച്ച് ഹാച്ച്ബാക്ക് ഏവരേയും ഞെട്ടിക്കുകയുണ്ടായി. ഇന്നും വാഗൺആറിനെ മികച്ച കാറാക്കി മാറ്റുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ?
സേഫ്റ്റി: മാരുതി കാറുകൾക്ക് സേഫ്റ്റിയില്ലെന്ന് പറഞ്ഞ് വിമർശിച്ചവർക്കുള്ള മറുപടിയായാണ് വാഗൺആറിലേക്ക് ഇപ്പോൾ 6 എയർബാഗുകൾ കമ്പനി ചേർത്തിരിക്കുന്നത്. ഫാമിലി ആവശ്യങ്ങൾക്കായി കാർ വാങ്ങിനിരിക്കുന്നവരേയും സേഫ്റ്റിക്ക് ഊന്നൽ കൊടുക്കുന്നവരേയുമെല്ലാം കാറിലേക്ക് ആകർഷിക്കാനും ബ്രാൻഡിനാവും. ഹാർട്ടെക്റ്റ് പ്ലാറ്റ്‌ഫോമും ഉയർന്ന ടെൻസൈൽ സ്റ്റീൽ നിർമാണവും വാഗൺആറിന്റെ പ്രത്യേകതയാണ്.

6 എയർബാഗുകൾ സ്റ്റാൻഡേർഡായി മാരുതി സുസുക്കി വാഗൺആറിലേക്ക് എത്തിയതിന് പുറമെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസ്, ഇബിഡി, സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ഫോഴ്‌സ് ലിമിറ്ററുകൾ, ബസറുള്ള സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട് സിസ്റ്റം, സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്ക്, റിയർ പാർക്കിംഗ് സെൻസറുകൾ, ചൈൽഡ് പ്രൂഫ് റിയർ ഡോർ ലോക്ക്, ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ഹാച്ച്ബാക്കിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
വിൽപ്പന: ഏറ്റവും കൂടുതൽ വിറ്റഴിയുന്ന കാറുകൾക്കാണ് പൊതുവേ ഇന്ത്യയിൽ ഏറ്റവും റീസെയിൽ വാല്യുവുള്ളതെന്ന് പറയാറുണ്ട്. അങ്ങനെ നോക്കിയാൽ സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും നല്ല ഡിമാന്റാണ് വാഗൺആറിനുള്ളത്. തുടർച്ചയായി 2022, 2023, 2024, 2025 സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറാണ് വാഗൺആർ. 2024-205 കാലഘട്ടത്തിൽ മോഡലിന്റെ 1,98,451 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിരിക്കുന്നത്.

ഇന്നുവരെ 33 ലക്ഷത്തിലധികം വാഗൺആറുകൾ ഇന്ത്യയിൽ മാത്രം വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നാണ് മാരുതി പറയുന്നത്. ഇന്ത്യക്കാരുടെ ഹൃദയത്തിൽ വാഗൺആർ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നുണ്ടെന്ന് ഇതിലൂടെ വ്യക്തമാണ്. രസകരമായ മറ്റൊരു കാര്യം എന്തെന്നാൽ ഓരോ നാല് വാഗൺആർ ഉടമകളിൽ ഒരാൾ അത് വീണ്ടും വാങ്ങുന്നുണ്ടെന്നതാണ് സത്യം. അതായത് എല്ലാത്തരം ആളുകളേയും തൃപ്ത്തിപ്പെടുത്താൻ ഈ ബജറ്റ് ഫ്രണ്ട്ലി ഹാച്ച്ബാക്കിനാവുന്നുണ്ടെന്ന് സാരം.
എഞ്ചിൻ ഓപ്ഷനുകൾ: നല്ല റിഫൈൻമെന്റും നല്ല പെർഫോമൻസും തരുന്ന എഞ്ചിനുള്ള കാറുകൾ തിരയുന്നവർക്ക് വാഗൺആർ നല്ലൊരു ഓപ്ഷനാണ്. കാരണം 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ, 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയാണ് മാരുതിയുടെ ഈ ഫാമിലി ഹാച്ച്ബാക്ക് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ബേസ് മോഡലുകളിലെ ചെറിയ എഞ്ചിന് 65 bhp കരുത്തിൽ പരമാവധി 89 Nm torque വരെ നൽകാനാവും.

അതേസമയം 1.2 ലിറ്റർ എഞ്ചിനിലേക്ക് വന്നാൽ പലരേയും വിസ്മയിപ്പിക്കുന്ന പെർഫോമൻസ് കണക്കുകളായിരിക്കും കാണുക. 88 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കുന്ന കിടുക്കൻ യൂണിറ്റാണിത്. ഇതുകൂടാതെ 56 bhp, 82 Nm ടോർക്ക് എന്നിവ നൽകുന്ന സിഎൻജി വേരിയന്റിലും മാരുതി കാർ വാങ്ങാനാവും. അങ്ങനെ എല്ലാത്തരം ആളുകളേയും തൃപ്ത്തിപ്പെടുത്താൻ കഴിയുന്ന ഇന്ത്യയിലെ ചുരുക്കം ചില കാറുകളിൽ ഒന്നാണിത്.
പ്രായോഗികമായ ഫീച്ചറുകൾ: ദൈനംദിന ആവശ്യങ്ങൾക്ക് ഒതകുന്ന തരത്തിലുള്ള എല്ലാത്തരം പ്രായോഗിക സവിശേഷതകളാലും സമ്പന്നമാണ് വാഗൺആർ. ഫ്ലെക്സിബിൾ സ്റ്റോറേജിനായി 60:40 സ്പ്ലിറ്റ് സീറ്റുകൾ, സ്റ്റൈലിഷ് ക്യാബിൻ അനുഭവത്തിനായി ഡ്യുവൽ-ടോൺ ഇന്റീരിയറുകൾ, ഡ്രൈവിംഗ് എളുപ്പത്തിനായി ടിൽറ്റ് സ്റ്റിയറിംഗ്, ഡ്രൈവറെ വിവരങ്ങൾ അറിയിക്കുന്നതിനായി മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേ എന്നിവയെല്ലാം കാറിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

ഇതുകൂടാതെ റിയർ പാർസൽ ട്രേ, ഹീറ്ററുള്ള എയർ കണ്ടീഷനിംഗ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 17.78 സെന്റീമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് മാരുതി സുസുക്കി വാഗൺആറിലെ മറ്റ് ഉപയോഗപ്രദമായ ഫീച്ചറുകൾ. LXI, VXI, ZXI, ZXI പ്ലസ് എന്നിങ്ങനെ നാല് വേരിയന്റുകളിൽ വരുന്നതിനാൽ മുടക്കുന്ന പണം വസൂലാക്കുന്ന പ്രായോഗികമായ ഫീച്ചറുകൾ കാറിലുണ്ട്.
വിശ്വാസം: വിശ്വാസത്തിന്റെ പര്യായമായ കാറാണ് വാഗൺആർ എന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. 25 വർഷങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച വാഗൺആർ ടാറ്റ ഇൻഡിക്ക, ഡേവൂ മാറ്റിസ്, ഹ്യുണ്ടായി സാൻട്രോ തുടങ്ങിയ എതിരാളികളെയെല്ലാം നിലംപരിശാക്കിയാണ് ഈ നിലയിലേക്ക് ഉയർന്നുവന്നത്. അന്നത്തെ വമ്പൻമാരേയും ഇന്നത്തെ മോഡേൺ എതിരാളികളെയും വരെ പിന്നിലാക്കി കുതിക്കുന്നതിന്റെ പ്രധാന കാരണം വിശ്വാസം തന്നെയാണ്.
തുടക്കകാലത്ത് ബോക്സി ഡിസൈനിന്റെ കാര്യത്തിൽ കളിയാക്കലുകൾ കേട്ടിരുന്നെങ്കിലും വിശാലമായ ഇന്റീരിയർ, ഇന്ധനക്ഷമത, ദീർഘകാല വിശ്വാസ്യത എന്നിവയാൽ വാഗൺആർ ഇന്ത്യക്കാരെ കൈയിലെടുത്തു. ഇന്ന്, ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും അംഗീകൃതവുമായ കാറാണ് വാഗൺആർ എന്ന് നിസംശയം പറയാം. അങ്ങനെ ആളുകൾ ഈ ടോൾബോയ് കുട്ടനെ നെഞ്ചിലേറ്റുകയാണ്.
ഗിയർബോക്‌സും മൈലേജും: വാഗൺആറിലെ 1.0 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ എന്നീ രണ്ട് എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പവും മാരുതി സുസുക്കി 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറിൽ വാഗ്‌ദാനം ചെയ്യുന്നത്. മൈലേജിലേക്ക് വന്നാൽ വാഗൺആർ പെട്രോളിന് 25.19 കി.മീ. ഇന്ധനക്ഷമതയും സിഎൻജിക്ക് 33.48 കി.മീ. മൈലേജുമാണ് കമ്പനി പറയുന്നത്.


Click it and Unblock the Notifications








