വില കൂട്ടി, എന്നിട്ടും ഈ 7-സീറ്റർ 6.10 ലക്ഷത്തിന് കിട്ടും! എർട്ടിഗയേക്കാൾ സേഫ്റ്റിയുള്ള ഫാമിലി എംപിവി
സെവൻ സീറ്റർ വാഹനങ്ങളോട് ഇന്ത്യക്കാർക്ക് ഇപ്പോൾ വല്ലാത്തൊരു അടുപ്പമുണ്ട്. മാരുതി എർട്ടിഗ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ പോലുള്ള മൾട്ടി പർപ്പസ് വാഹനങ്ങളുടെ ഓരോ മാസത്തേയും വിൽപ്പന കണക്കുകൾ നോക്കിയാൽ തന്നെ സംഗതി മനസിലാവും. ഒരു കുടുംബത്തിന് ഒന്നിച്ചൊരു കല്യാണത്തിന് പോവാനോ അല്ലെങ്കിൽ കൂട്ടുകാരുമൊത്ത് ട്രിപ്പിന് പോവാനുമെല്ലാം ഉപകാരിയാണ് 7-സീറ്ററുകൾ. അടുത്തിടെ എസ്‌യുവി സെഗ്മെന്റിലും മൂന്നുവരി വാഹനങ്ങളുടെ കടന്നുകയറ്റം കാണാം. പക്ഷേ ഇതെല്ലാം സ്വന്തമാക്കണമെങ്കിൽ ചുരുങ്ങിയത് 12 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നതാണ് യാഥാർഥ്യം. പക്ഷേ ഇതിന്റെയെല്ലാം പകുതി വിലയ്ക്ക് ഒരു 7-സീറ്റർ മോഡൽ ഇന്ത്യയിൽ വിപണനത്തിന് എത്തുന്നുണ്ടെന്നതാണ് രസകരമായ കാര്യം.
മറ്റേതുമല്ല നമ്മുടെ സ്വന്തം റെനോ ട്രൈബറാണ് ആ കക്ഷി. കുറഞ്ഞ വിലയിൽ ഇത്രയും സൌകര്യങ്ങളുള്ള മറ്റൊരു എംപിവി രാജ്യത്തില്ലെന്ന് പറയുന്നതാവും ശരി. ഇപ്പോഴിതാ മോഡലിനെ കളറാക്കിക്കൊണ്ട് 2025 മോഡൽ ഇയർ അപ്ഡേറ്റുമായി റെനോ എത്തിയിരിക്കുകയാണ്. ഡിസൈനിലും എഞ്ചിനിലും പെർപോമൻസിലും ഒന്നും മാറ്റങ്ങളില്ലെങ്കിലും ട്രൈബറിന്റെ മിഡ്-വേരിയന്റുകളിൽ കൂടുതൽ ഫീച്ചറുകൾ കുത്തിനിറച്ചാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ പുതുനിരയെ അണിനിരത്തിയിരിക്കുന്നത്.

6.10 ലക്ഷം മുതൽ 8.75 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് പുതിയ 2025 റെനോ ട്രൈബർ വിപണിയിലെത്തുന്നത്. അപ്പോഴും വില 10 ലക്ഷത്തിൽ താഴെയാണെന്നത് പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. പുതിയ മോഡൽ ഇയർ പരിഷ്ക്കാരത്തിൽ 10,000 മുതൽ 20,000 രൂപ വരെ വില വർധനവ് ലഭിച്ചിട്ടും വില 10 ലക്ഷത്തിൽ താഴെ പിടിച്ചുനിർത്താൻ ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ടെന്നത് കൈയടി അർഹിക്കുന്ന കാര്യമാണ്.
7-സീറ്റർ എംപിവിയിലേക്ക് വന്നിരിക്കുന്ന പുതിയ പരിഷ്ക്കാരങ്ങൾ എന്തെല്ലാമെന്ന് നോക്കിയാലോ? 10,000 രൂപ വില വർധിച്ച ട്രൈബറിന്റെ ബേസ് RXE ട്രിമ്മിൽ നാല് പവർ വിൻഡോകളും സെൻട്രൽ ലോക്കിംഗും വരെ ഇനി മുതൽ ലഭ്യമാവും. മുമ്പ് RXT വേരിയന്റ് മുതലായിരുന്നു ഈ ഫീച്ചറുകൾ ലഭ്യമായിരുന്നത്. 20,000 രൂപയുടെ വില വർധനവ് ലഭിച്ചുവെങ്കിലും റെനോയുടെ മൾട്ടി പർപ്പസ് വാഹനത്തിന്റെ RXL ട്രിമ്മിൽ ഒരുപാട് പുതിയ കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് കേട്ടോ.

8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, റിയർ സ്പീക്കറുകൾ എന്നിവ ഉപയോഗിച്ചാണ് റെനോ ട്രൈബർ RXL വേരിയന്റിനെ കുട്ടപ്പനാക്കിയെടുത്തിരിക്കുന്നത്. മുമ്പ് ടോപ്പ് RXZ ട്രിമ്മിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന 15 ഇഞ്ച് ഫ്ലെക്സി വീലുകൾ ഇപ്പോൾ RXT ട്രിമ്മിലും ലഭ്യമാണ്. അലോയ് പോലെ തോന്നിക്കുന്ന വീൽ കവറുകളുള്ള സ്റ്റീൽ വീലുകളാണെങ്കിലും ഇത് വണ്ടിയുടെ രൂപത്തിന് കൂടുതൽ മിഴിവേകുന്ന സംഗതിയാണ്.
സേഫ്റ്റിയുടെ കാര്യത്തിൽ മിടുക്കനാണെന്ന് പണ്ടേ എംപിവി തെളിയിച്ചിട്ടുണ്ട്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിട്ടുള്ള റെനോ ട്രൈബറിൽ സ്റ്റാൻഡേർഡായി 17 സേഫ്റ്റി ഫീച്ചറുകളാണ് കമ്പനി ചേർത്തിട്ടുള്ളത്. 70 bhp കരുത്തിൽ 96 Nm torque നൽകുന്ന 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് എംപിവി വിപണിയിൽ എത്തുന്നത്. സിറ്റി യാത്രകൾക്ക് അനുകൂലമാണെങ്കിലും വണ്ടിഭ്രാന്തൻമാരെ പെർഫോമൻസ് തൃപ്ത്തിപെടുത്തിയേക്കില്ല.

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ലിറ്ററിന് 20 കിലോമീറ്റർ മൈജേലും നൽകാൻ റെനോയുടെ ഫാമിലി കാറിനാവും. 3 വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയോടെയാണ് വാഹനം ഇപ്പോൾ വാങ്ങാനാവുക. കൂടാതെ 7 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ കവറേജുള്ള എക്സ്റ്റൻഡഡ് വാറണ്ടി പാക്കേജും റെനോ കാറുകളിൽ തെരഞ്ഞെടുക്കാനാവും.
2025 ജനുവരി 1 മുതൽ വിൽക്കുന്ന എല്ലാ കാറുകൾക്കും കമ്പനി 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്. റെനോ കാറുകളുടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ തകരാറുകൾ അല്ലെങ്കിൽ മെറ്റീരിയൽ, വർക്ക്മാൻഷിപ്പ് അല്ലെങ്കിൽ നിർമാണ തകരാറുകൾ എന്നിവയുമായി ബന്ധപ്പെട്ടഎല്ലാത്തരം കംപ്ലയിന്റുകളും ഈ വാറണ്ടിക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.


Click it and Unblock the Notifications








