ബ്രെസ വാങ്ങിയാൽ ഇതൊന്നും കിട്ടില്ല കേട്ടോ, 2025 നെക്സോൺ വിപണിയിൽ; വില 7.99 ലക്ഷമേയുള്ളൂ
ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട എസ്‌യുവികളിൽ ഒന്നാണ് നെക്സോൺ. ടാറ്റ മോട്ടോർസിനെ ഇന്നുകാണുന്ന നിലയിലേക്ക് എത്തിക്കാൻ സഹായിച്ചവരിൽ ഒന്നാമനാണ് ഈ കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനം. സേഫ്റ്റിയിലും ഫീച്ചറിലും സ്റ്റൈലിലും ഒരുപോലെ മിടുക്കനായ വണ്ടി കാലത്തിനൊത്ത് മാറുന്നതിലും നമ്പർ വണ്ണാണ്. ഇപ്പോഴിതാ പുതുവർഷം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ടാറ്റ നെക്സോണിന്റെ 2025 മോഡൽ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. വെറും 7.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയുമായി വിപണിയിൽ എത്തുന്ന വണ്ടിയിലേക്ക് പുതിയ നിറം, പുതിയ വകഭേദങ്ങൾ, ആധുനിക സവിശേഷതകൾ എന്നിവ ചേർത്തുകൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
എസ്‌യുവിയുടെ പുതുതായി അവതരിപ്പിച്ച കളർ ഓപ്ഷന് ഗ്രാസ്‌ലാൻഡ് ബീജ് എന്നാണ് പേര് നൽകിയിരിക്കുന്നത്. കൂടാതെ പുതിയ പ്യുവർ പ്ലസ്, ക്രിയേറ്റീവ് പ്ലസ്, ക്രിയേറ്റീവ് പ്ലസ് PS വേരിയന്റുകളും 2025 ടാറ്റ നെക്സോണിലേക്ക് കടന്നുവന്നിട്ടുണ്ട്. ഇതോടൊപ്പം സ്പോർട് യൂട്ടിലിറ്റി വാഹനത്തിലേക്ക് കൂടുതൽ ആധുനിക സവിശേഷതകളും കൂടി ചേർത്തിട്ടുണ്ടെന്നും കമ്പനി പറയുന്നു.

വോയ്‌സ് അസിസ്റ്റഡ് പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ലെതറെറ്റ് സീറ്റുകൾ, പുതിയ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, സബ്‌വൂഫറുള്ള 9 ജെബിഎൽ സ്പീക്കറുകൾ, ഇ-ഷിഫ്റ്ററും പാഡിൽ ഷിഫ്റ്ററുകളുള്ള 7-സ്പീഡ് ഡിസിഎ ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയാണ് എസ്‌യുവിയുടെ പുതിയ സവിശേഷതകളായി ടാറ്റ മോട്ടോർസ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം പരിഷ്ക്കാരങ്ങൾ മാറ്റി നിർത്തിയാൽ 2025 മോഡൽ നെക്സോണിലേക്ക് മറ്റ് മാറ്റങ്ങളൊന്നും ടാറ്റ നടപ്പിലാക്കിയിട്ടില്ല.
നെക്‌സോണിന്റെ വേരിയന്റ് നിരയിലുടനീളം 16 ഇഞ്ച് വീലുകൾ മാത്രമേ ഒരുക്കിയിട്ടുള്ളൂ. താഴ്ന്ന വേരിയന്റുകളിൽ പ്ലെയിൻ സ്റ്റീൽ വീലുകളുമായി വരുമ്പോൾ കോംപാക്‌ട് എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റുകളിൽ ഡയമണ്ട് കട്ട് അലോയ് വീലുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. കോംപാക്‌ട് എസ്‌യുവിയുടെ 2025 മോഡൽ നിരയിലും എഞ്ചിൻ ഓപ്ഷനുകൾ മുമ്പത്തെപ്പോലെ തന്നെ തുടരുകയാണ്.

1.2 ലിറ്റർ ടർബോചാർജ്ഡ് റെവോട്രോൺ പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് റെവോടോർക്ക് ഡീസൽ എന്നിവയാണ് നെക്സോൺ എസ്‌യുവിക്ക് ഇപ്പോഴും തുടിപ്പേകാൻ എത്തുന്നത്. ഇതിലെ 1,200 സിസി പെട്രോൾ എഞ്ചിന് 5,500 ആർപിഎമ്മിൽ 86.7 bhp കരുത്തും 1,750-4,000 ആർപിഎമ്മിൽ 170 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. ഇത് സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനിലും വാങ്ങാനാവും.
കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ ടാറ്റ നെക്സോണിന് 5,000 ആർപിഎമ്മിൽ 72.5 bhp പവറും 2,000-3,000 ആർപിഎമ്മിൽ 170 Nm ടോർക്കുമാണ് നൽകാനാവുക. മറുവശത്ത് 1,500 സിസി ഡീസൽ എഞ്ചിൻ 3,750 ആർപിഎമ്മിൽ 83.3 bhp കരുത്തും 1,500 മുതൽ 2,750 ആർപിഎം വരെ 260 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. വേരിയൻ്റിനെ ആശ്രയിച്ച് എഞ്ചിന് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി, 7-സ്പീഡ് DCT ഗിയർബോക്‌സ് ഓപ്ഷനുകളാണ് തെരഞ്ഞെടുക്കാനാവുക.

വലിപ്പത്തിന്റെ കാര്യത്തിലും മറ്റ് സവിശേഷതകളിലും 2025 മോഡൽ ടാറ്റ നെക്‌സോൺ പഴയതിന് സമാനമാണ്. കോംപാക്റ്റ് എസ്‌യുവിക്ക് മൊത്തത്തിൽ 3995 mm നീളവും 1804 mm വീതിയും 1620 mm ഉയരവും 2498 mm വീൽബേസുമാണുള്ളത്. എസ്‌യുവിക്ക് 208 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്. അതേസമയം വാഹനത്തിന്റെ ബൂട്ട് സ്‌പേസ് 382 ലിറ്ററാണ്. ട്വിൻ സിലിണ്ടർ ടെക്നോളജിയുള്ളതിനാൽ സിഎൻജി പതിപ്പിൽ 321 ലിറ്റർ വരെ ലഗേജ് സ്പേസ് ലഭ്യമാണ്.
കഴിഞ്ഞ വർഷം തുടക്കത്തോടെയാണ് നെക്‌സോണിനായുള്ള രണ്ടാമത്തെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ടാറ്റ മോട്ടോർസ് പണിതിറക്കുന്നത്. കൂടുതൽ ആധുനിക ഡിസൈൻ ഭാഷയും പുതിയ സെറ്റ് ഫീച്ചറുകളുമായി എത്തിയ മോഡലിനെ ആളുകൾ കാര്യമായി സ്വീകരിക്കുകയുണ്ടായി. അങ്ങനെ കൃത്യമായ ഇടവേളകളിൽ വാഹനത്തെ പരിഷ്ക്കരിക്കാൻ കമ്പനി കാണിക്കുന്ന മിടുക്ക് വിൽപ്പനയിൽ പ്രതിഫലിക്കുന്നുമുണ്ട്.


Click it and Unblock the Notifications








