കോരിത്തരിപ്പിക്കുന്ന വില, 11.49 ലക്ഷം മതി! ക്രെറ്റയെ ഒതുക്കാൻ അവതാരപ്പിറവിയെടുത്ത് ടാറ്റ സിയറ
വര്‍ഷങ്ങളുടെ കാത്തിരിപ്പുകൾക്കൊടുവിൽ പുനർജന്മമെടുത്തിരിക്കുകയാണ് ടാറ്റ മോട്ടോർസിൻ്റെ ഇതിഹാസ എസ്‌യുവിയായ സിയറ (Tata Sierra SUV). ഇന്ത്യയിലെ മോഡേൺ സ്പോർട് യൂട്ടിലിറ്റി മോഡലുകളോട് മുട്ടാനുള്ള എല്ലാത്തരം മായാജാലങ്ങളും വിസ്‌മയങ്ങളും ഒരുക്കിയാണ് ന്യൂജെൻ സിയറ പണിതിറക്കിയിരിക്കുന്നത്. മുമ്പുണ്ടായിരുന്ന 3-ഡോറിന് പകരം ഇത്തവണ പ്രായോഗിക വർധിപ്പിക്കാനായി 5-ഡോർ എസ്‌യുവിയായാണ് വാഹനം വിപണിയിലെത്തിയിരിക്കുന്നത്. അന്നും ഇന്നും സിയറയെ വേറിട്ടുനിർത്തുന്ന റൂഫ് വരെ നീളുന്ന ഗ്ലാസ് വിന്‍ഡോയെല്ലാം നിലനിർത്തി വരുന്നതിനാൽ OG ലുക്ക് കൃത്യമായി ആവാഹിക്കാനായിട്ടുണ്ട്. എന്തായാലും വിലയുടെ കാര്യത്തിലും ഞെട്ടിച്ചുകൊണ്ടാണ് ആശാൻ്റെ വരവ്.
രണ്ട് പതിറ്റാണ്ടിലേറെക്കാലത്തിനു ശേഷം വിപണിയിലേക്ക് മടങ്ങിയെത്തിയിരിക്കുന്ന സിയറയ്ക്ക് 11.49 ലക്ഷം രൂപയുടെ പ്രാരംഭ വിലയാണ് ടാറ്റ മോട്ടോർസ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ആമുഖ വിലയാണെന്നും അധികം വൈകാതെ വില വർധനവുണ്ടാമെന്നും കമ്പനി പ്രത്യേകം അറിയിച്ചിട്ടുണ്ട്. ടാറ്റയുടെ കൂപ്പെ എസ്‌യുവിയായ കർവിന് മുകളിലാണ് സിയറ സ്ഥാനം പിടിച്ചിരിക്കുന്നത്.

ഏത് എഞ്ചിൻ ഓപ്ഷനുകളിലാവും സിയറ നിരത്തിലേക്ക് ഓടിയെത്തുകയെന്ന ആകാംക്ഷയിലായിരുന്നു ആരാധകരെല്ലാം. പ്രതീക്ഷിച്ചത് പോലെ തന്നെ 2 പെട്രോൾ, 1 ഡീസൽ എഞ്ചിനുമായാണ് വാഹനം വാങ്ങാനാവുക. 158 bhp കരുത്തിൽ 255 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോളാണ് സിയറയുടെ ഹൈലൈറ്റ്. ഐസിനിൽ നിന്നുള്ള 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ മാത്രമേ ഈ വേരിയൻ്റ് തെരഞ്ഞെടുക്കാനാവൂ.
ഇതുകൂടാതെ സിയറയുടെ ബേസ് വേരിയൻ്റുകളിൽ 105 bhp പവറിൽ 145Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനും ഉണ്ടാവും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിനൊപ്പം കൊടുത്തിരിക്കുന്നത്. മൂന്നാമതായി 116 bhp കരുത്തും 260 Nm ടോർക്കും നൽകുന്ന ടാറ്റയുടെ 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എഞ്ചിനും എസ്‌യുവിക്കൊപ്പം വാങ്ങാനാവും. ഇതിൽ 6 സ്പീഡ് മാനുവൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക്കുമാണ് ഒരുക്കിയിരിക്കുന്നത്.

നിലവിൽ ഫ്രണ്ട് വീൽ ഡ്രൈവ് എസ്‌യുവിയാണെങ്കിലും സിയറയിൽ ഓൾ-വീൽ ഡ്രൈവ് (AWD) സംവിധാനവും ടാറ്റ മോട്ടോർസ് പിന്നീട് അവതരിപ്പിക്കുന്നതായിരിക്കും. ടാറ്റയുടെ പുതിയ തലമുറ വാഹനങ്ങളിൽ ഈ സാങ്കേതികവിദ്യ ലഭിക്കുന്ന ആദ്യത്തെ മോഡലായിരിക്കും ഇത്. പുതിയ എസ്‌യുവി ഓൾ-ടെറൈൻ റെഡി, ഓമ്‌നി-എനർജി ആൻഡ് ജോമെട്രിക് സ്കേലബിൾ (ARGOS) ആർക്കിടെക്ച്ചറിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.
ഇത് സിഎൻജി, ഹൈബ്രിഡ് എന്നിവയുൾപ്പെടെ ഒന്നിലധികം ബോഡി സ്റ്റൈലുകളുമായും എഞ്ചിൻ ഓപ്ഷനുകളുമായും പൊരുത്തപ്പെടുന്നതാണ്. ഡിസൈൻ കാര്യത്തിൽ 1991 മോഡൽ ഐക്കണിക് സിയറയുടെ രൂപഭംഗി ആവാഹിക്കുവാനായി ബോക്സി രൂപഘടന, ഉയർന്ന ബോണറ്റ്, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, കട്ടിയുള്ള ബി-പില്ലർ, വിൻഡോ ലൈനിൽ ഒരു കിങ്ക് എന്നിവ ടാറ്റ മോട്ടോർസ് ചേർത്തിട്ടുണ്ട്.

ആധുനിക ക്രാഷ്-സേഫ്റ്റി ചട്ടങ്ങൾ കാരണം 3-ഡോർ എസ്‌യുവിയുടെ വ്യത്യസ്തമായ കർവ്‌ഡ് റിയർ ഗ്ലാസ് വിഭാഗം പകർത്താൻ കഴിഞ്ഞില്ലെങ്കിലും ഡിസൈനർമാർ റിയർ വിൻഡോയ്ക്കും ക്വാർട്ടർ ഗ്ലാസിനും മുകളിലുള്ള ഭാഗം റൂഫ് റെയിലിലേക്ക് നീട്ടിയിട്ടുണ്ട്. ബമ്പറുകൾ ഉൾപ്പെടെ എസ്‌യുവിയുടെ ബോഡിയിൽ ഗ്ലോസി ബ്ലാക്ക് ക്ലാഡിംഗ് ഉപയോഗിച്ചിരിക്കുന്നതും ഫോക്‌സ് സിൽവർ സ്‌കിഡ് പ്ലേറ്റുകളുടെ സാന്നിധ്യവും മനോഹരമായ കാഴ്ച്ചയാണ്.
എസ്‌യുവിയുടെ മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ, ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഇലുമിനേഷനോടുകൂടിയ ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, 17-19 ഇഞ്ച് അലോയ് വീൽ ഓപ്ഷനുകൾ എന്നിവയാണ് ടാറ്റ സിയറയുടെ മറ്റ് പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ. 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 12.3 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ, വയർലെസ് ഹെഡ്‌ഫോണുകളുള്ള 12.3 ഇഞ്ച് പാസഞ്ചർ സ്‌ക്രീൻ പോലുള്ള അത്യാധുനിക സൌകര്യങ്ങളെല്ലാം അകത്തളത്തിലുണ്ടാവും.
വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 12-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, ഡാഷ്‌ബോർഡ്-മൗണ്ടഡ് സൗണ്ട് ബാർ, ഡോൾബി അറ്റ്‌മോസ് സറൗണ്ട് സൗണ്ട് ടെക്‌നോളജി, ആംബിയന്റ് ലൈറ്റുകൾ, ഡ്യുവൽ-സോൺ എസി, വയർലെസ് ഫോൺ ചാർജർ, മുൻവശത്ത് വെന്റിലേറ്റഡ് സീറ്റുകൾ, ഡ്രൈവർ സീറ്റിനുള്ള പവർ അഡ്ജസ്റ്റ്‌മെൻ്റ്, രണ്ട് ഡ്രൈവ് മോഡുകൾ, മൂന്ന് ടെറൈൻ മോഡുകൾ എന്നിങ്ങനെയുള്ള ഫീച്ചറുകളും സിയറയുടെ ഇൻ്റീരിയറിലുണ്ട്.
കഴിഞ്ഞില്ല, ഇവ കൂടാതെ മുൻവശത്തെ പാസഞ്ചർ സീറ്റിനുള്ള ബോസ് മോഡ്, പിന്നിൽ എസി വെന്റുകൾ, ഡ്യുവൽ 65W യുഎസ്ബി-സി ചാർജിംഗ് പോയിന്റുകൾ, റിയർ സൺഷെയ്ഡുകൾ, സീറ്റുകൾക്ക് 2-സ്റ്റെപ്പ് റീക്ലൈൻ (60:40 സ്പ്ലിറ്റ്) എന്നിവയും സിയറയുടെ അകത്തളത്തിൻ്റെ മൊഞ്ച് വർധിപ്പിക്കുന്നുണ്ട്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ പുതിയ സിയറയും 5-സ്റ്റാർ റേറ്റിംഗ് നേടുമെന്നാണ് അനുമാനം. അതിന് വേണ്ടുന്ന എല്ലാത്തരം സുരക്ഷാ ക്രമീകരണങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്.
6 എയർബാഗുകൾ, ISOFIX സീറ്റ് ആങ്കറുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, സ്റ്റാൻഡേർഡായി 360-ഡിഗ്രി ക്യാമറ സജ്ജീകരണം, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഇബഡി ഉള്ള എബിഎസ്, ഹിൽ-ഹോൾഡ്, 22 ഫീച്ചറുകളുള്ള ലെവൽ 2+ ADAS സ്യൂട്ട് എന്നിവയാണ് സുരക്ഷക്കായി കൊടുത്തിരിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, മാരുതി വിക്ടോറിസ്, ടൊയോട്ട ഹൈറൈഡർ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ് എന്നിവ ഉൾപ്പെടുന്ന മിഡ്-സൈസ് എസ്‌യുവികളോടാവും OG സിയറ മത്സരിക്കുക.


Click it and Unblock the Notifications








