എസ്‌യുവികളിലെ ലീഡർ, ഫോർച്യൂണറിന്റെ പുത്തൻ മോഡലുമായി ടൊയോട്ട! വാങ്ങാൻ ആളുകൾ വരിനിൽക്കും
പല വണ്ടിഭ്രാന്തൻമാരും എന്നും സ്വപ്‌നം കണ്ടുകൊണ്ട് കിടക്കുന്ന വാഹനങ്ങളിൽ ഒന്നായിരിക്കും ടൊയോട്ട ഫോർച്യൂണർ. എസ്‌യുവികളിലെ ശരിക്കും വല്യേട്ടനായ മോഡലിന്റെ ഇമേജ് ഒന്ന് വേറെ തന്നെയാണ്. സെക്കൻഡ് ഹാൻഡ് വിപണിയിൽ ഏറ്റവും ഡിമാന്റും റീസെയിൽ വാല്യുവുമുള്ള ഫോർച്യൂണറിന് പകരം വെക്കാൻ മറ്റൊരു സ്പോർട് യൂട്ടിലിറ്റി വാഹനം ഇല്ലെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. ജാപ്പനീസ് ബ്രാൻഡിന്റെ ഫുൾ-സൈസ് എസ്‌യുവിക്ക് ഏറ്റവും ഡിമാന്റുള്ള നാടാണ് കേരളം. ഓൺ-റോഡ് വില 60 ലക്ഷത്തിന് അടുത്ത് മുടക്കേണ്ടി വന്നാലും വാങ്ങാൻ ആളുകൾ അങ്ങനെ മടികാണിക്കാറുമില്ല.
അത്തരക്കാർക്കായി ഇപ്പോഴിതാ ഫോർച്യൂണറിന്റെ ഏറ്റവും പുതിയ 2025 മോഡൽ ലീഡർ എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട കിർലോസ്‌കർ മോട്ടോർ. കഴിഞ്ഞ വർഷത്തെ ആവർത്തനത്തിന്റെ വിജയത്തെത്തുടർന്ന്, പുതിയ മോഡലിന് നിരവധി അപ്‌ഡേറ്റുകൾ കമ്പനി സമ്മാനിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. റീഡിസൈൻ ചെയ്ത ഗ്രിൽ, ഫ്രണ്ട്, റിയർ ബമ്പർ സ്‌പോയിലറുകൾ, ക്രോം ആക്‌സന്റുകൾ എന്നിവയാൽ സമ്പന്നമായ സ്‌പോർട്ടിയർ ലുക്കാണ് എസ്‌യുവിക്കുള്ളത്.

ഡ്യുവൽ-ടോൺ ബ്ലാക്ക് റൂഫ് ഒരുക്കിയിരിക്കുന്നത് 2025 ടൊയോട്ട ഫോർച്യൂണർ ലീഡർ എഡിഷന്റെ കോൺട്രാസ്റ്റ് ആകർഷണം വർധിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം ഗ്ലോസി ബ്ലാക്ക് അലോയ് വീലുകളും ഒരു ഹുഡ് എംബ്ലം സമ്മാനിച്ചിരിക്കുന്നതും ഇടിവെട്ട് ലുക്കാണ് ഫുൾ-സൈസ് എസ്‌യുവിക്ക് സമ്മാനിക്കുന്നത്. ആറ്റിറ്റ്യൂഡ് ബ്ലാക്ക്, സൂപ്പർ വൈറ്റ്, പേൾ വൈറ്റ്, സിൽവർ എന്നീ നാല് കളർ ഓപ്ഷനുകളിലും ലീഡർ എഡിഷൻ തെരഞ്ഞെടുക്കാം.
4×2 മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റ് ലെവലുകളിൽ ലഭ്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എക്സ്റ്റീരിയറിലെ മാറ്റങ്ങൾക്ക് പുറമെ എസ്‌യുവിയുടെ അകത്തളത്തിലും കമ്പനി നവീകരണങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് കേട്ടോ. സീറ്റുകൾക്കും ഡോർ ട്രിമ്മുകൾക്കും കറുപ്പും മെറൂണും നിറങ്ങളിലുള്ള ഡ്യുവൽ-ടോൺ തീമാണ് 2025 ടൊയോട്ട ഫോർച്യൂണർ ലീഡർ എഡിഷൻ വഹിക്കുന്നത്.
ഓട്ടോ-ഫോൾഡിംഗ് മിററുകൾ, ഇലുമിനേറ്റഡ് സ്കഫ് പ്ലേറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള അപ്‌ഗ്രേഡുകളും ടൊയോട്ട ചേർത്തിട്ടുണ്ടെന്നും പറയുന്നു. അതേസമയം ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) ഉൾപ്പെടുത്തി സേഫ്റ്റിയും മെച്ചപ്പെടുത്താൻ ബ്രാൻഡിനായിട്ടുണ്ട്. ബാക്കി കാര്യങ്ങളെല്ലാം ഫോർച്യൂണർ ലീഡർ എഡിഷന്റെ മുൻമോഡലുകൾക്ക് സമാനമായി തന്നെ തുടരുകയാണ്.
ടൊയോട്ടയുടെ 1GD-FTV 2.8 ലിറ്റർ ടർബോചാർജ്ഡ് ഫോർ-സിലിണ്ടർ ഡീസൽ എഞ്ചിനാണ് 2025 മോഡൽ ഫോർച്യൂണർ ലീഡർ എഡിഷന്റെയും ഹൃദയം. വേരിയബിൾ ജോമെട്രി ടർബോചാർജർ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ 201 bhp പവറിൽ പരമാവധി 500 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ എസ്‌യുവിക്ക് സാധിക്കും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് സംവിധാനവും വാഹനത്തിലുണ്ട്.
എസ്‌യുവി റിയർ വീൽ (4×2) സജ്ജീകരണത്തിൽ തുടരുന്നുവെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. പുതിയ ഫോർച്യൂണർ ലീഡർ എഡിഷൻ കുറഞ്ഞ ഇഎംഐകളുള്ള 8 വർഷം വരെയുള്ള പ്ലാനുകൾ എന്നിവയുൾപ്പെടെ നിരവധി ഫ്ലെക്സിബിൾ ഫിനാൻസ് സ്കീമുകൾക്കൊപ്പമാണ് വരുന്നത്. ഇതുകൂടാതെ എക്സ്റ്റെൻഡഡ് വാറണ്ടികൾ, ടൊയോട്ടയുടെ ജെനുവിൻ ആക്‌സസറികൾ പോലുള്ള ആഡ്-ഓണുകളും എസ്‌യുവിക്കൊപ്പം ലഭ്യമാണ്.
ഫോർച്യൂണർ വാങ്ങുന്നവർക്ക് 5 വർഷത്തെ സൗജന്യ റോഡ്‌സൈഡ് അസിസ്റ്റൻസ്, 3 വർഷത്തെ അല്ലെങ്കിൽ 100,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടി, 5 വർഷം അല്ലെങ്കിൽ 220,000 കിലോമീറ്റർ വരെ എക്സ്റ്റൻഡഡ് വാറണ്ടി, കസ്റ്റമൈസബിൾ സർവീസ് പാക്കേജ് എന്നിവയുടെ ആനുകൂല്യങ്ങളും ലഭിക്കും. 15 വർഷം മുമ്പ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം, ഫോർച്യൂണർ രാജ്യത്തെ ഏറ്റവും വിശ്വസനീയമായ ഫുൾ-സൈസ് എസ്‌യുവികളിൽ ഒന്നാണ്.
ഇതിനകം ഫോർച്യൂണറിന്റെ 3 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നാണ് ടൊയോട്ടയുടെ കണക്കുകൾ. 2025 ഫോർച്യൂണർ ലീഡർ എഡിഷന്റെ ബുക്കിംഗുകൾ ഈ വരുന്ന ഒക്ടോബർ രണ്ടാം വാരത്തിൽ ഔദ്യോഗികമായി ആരംഭിക്കും. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് അവരുടെ എസ്‌യുവി ഓൺലൈനായി ബുക്ക് ചെയ്യാം അല്ലെങ്കിൽ അംഗീകൃത ടൊയോട്ട ഡീലർഷിപ്പുകൾ സന്ദർശിച്ച് ബുക്ക് ചെയ്യാം.


Click it and Unblock the Notifications








