ഫോർച്യൂണറിനെ ഒതുക്കാൻ കെൽപ്പുള്ള ഹോണ്ടയുടെ യമണ്ടൻ എസ്‌യുവി, പൈലറ്റിൻ്റെ പുത്തൻ ലുക്ക് എങ്ങനുണ്ട്?
ഹോണ്ടയെന്നാൽ ആദ്യം എല്ലാവർക്കും ഓർമ വരിക സിവിക്, സിറ്റി, അമേസ് പോലുള്ള സെഡാനുകളായിരിക്കും അല്ലേ. എന്നാൽ വമ്പൻ എസ്‌യുവികൾ നിർമിക്കുന്നതിൽ അഗ്രകണ്യൻമാരാണ് ഈ ജാപ്പനീസ് വാഹന നിർമാതാക്കൾ. ഇന്ത്യയിൽ നിലവിൽ എലിവേറ്റ് മാത്രമാണ് സ്പോർട് യൂട്ടിലിറ്റി വാഹനമായി ഹോണ്ടയുടെ നിരയിലുള്ളതെങ്കിലും ആഗോള നിര കണ്ടാൽ ഇന്ത്യക്കാർ ഹോണ്ടയോട് ഈ വണ്ടികൾ കൂടി ഇങ്ങ് തരാത്തതെന്തേയെന്ന് ചോദിച്ച് പോവും. ഇക്കൂട്ടത്തിലെ കൊമ്പനാണ് പൈലറ്റ് (Honda Pilot) എന്ന വലിയ എസ്‌യുവി. ഇപ്പോഴിതാ മോഡലിന് ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരം സമ്മാനിച്ചിരിക്കുകയാണ് ബ്രാൻഡ്.
യുഎസിൽ നവീകരിച്ച മോഡൽ ഡിസംബറിൽ 2026 വാഹനമായി വിൽപ്പനയ്‌ക്കെത്തും. ഇന്ത്യയിൽ ഹ്യുണ്ടായി അവതരിപ്പിക്കാനിരിക്കുന്ന പാലിസേഡ് എസ്‌യുവിയുടെ നേരിട്ടുള്ള എതിരാളിയാണ് ഹോണ്ട പൈലറ്റ്. വേണമെങ്കിൽ ടൊയോട്ട ഫോർച്യൂണറിന് വരെ എതിരാളിയാവാൻ കഴിയുന്ന മോഡലാണിത് കേട്ടോ. പക്ഷേ ഇതിൻ്റെ കഴിവുകളും സൗകര്യങ്ങളും കണക്കിലെടുത്താൽ ആ വിലയിലൊന്നും പൈലറ്റ് പുറത്തിറക്കാനാവില്ലെന്നതാണ് സത്യം.

2022 നവംബറിൽ ഹോണ്ട അവതരിപ്പിച്ച നാലാം തലമുറ രൂപകൽപ്പനയെയാണ് 2026 പൈലറ്റ് പ്രധാനമായും പിന്തുടരുന്നത്. ബോക്‌സിയർ ഫ്രണ്ട് ഗ്രില്ലുകൾ, കൂറ്റൻ ഫ്രണ്ട് ബമ്പർ, സ്‌കിഡ് പ്ലേറ്റുകൾ, ഷാർക്ക് ഗ്രേ, ബെർലിന ബ്ലാക്ക് ഫിനിഷുകളിൽ ലഭ്യമായ പുതിയ 20 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് പൈലറ്റ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. മൊത്തത്തിൽ പുത്തൻ മോഡലും അതിൻ്റെ പരമ്പരാഗത ലുക്കിൽ തുടരുകയാണ്.
ഇൻ്റീരിയിറിലും കാര്യമായ മിനുക്കുപണികളൊന്നും ഹോണ്ട ഒരുക്കിയിട്ടില്ല. പൈലറ്റിന്റെ 9 ഇഞ്ച് HD ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് പകരം ഹോണ്ട ഒരു പുതിയ 12.3 ഇഞ്ച് HD യൂണിറ്റ് സമ്മാനിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. വലിയ ഡിസ്‌പ്ലേയ്‌ക്ക് പുറമേ പുതിയ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ഗൂഗിൾ ബിൽറ്റ്-ഇൻ ഉപയോഗിച്ച് അധിക സൗകര്യം പ്രദാനം ചെയ്യുന്നുവെന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.

അതായത് ഗൂഗിൾ മാപ്‌സ്, ഗൂഗിൾ വോയ്‌സ് പോലുള്ള അവശ്യ സേവനങ്ങൾ ഒരു സ്മാർട്ട്‌ഫോൺ ജോടിയാക്കാതെ തന്നെ നേറ്റീവ് ആപ്പുകൾ വഴി ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് ചുരുക്കം. മാത്രമല്ല, പഴയ യൂണിറ്റിൽ നിന്ന് വ്യത്യസ്തമായി ഇത് 5G വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് പ്രവർത്തനം വാഗ്ദാനം ചെയ്യുന്നുമുണ്ടെന്നത് നേട്ടമാണ്. ഇത് യാത്രക്കാർക്ക് വേഗത്തിലുള്ള ഇൻ്റർനെറ്റ് ആക്‌സസ് നൽകുന്നു. അങ്ങനെ പൈലറ്റ് ഫെയ്‌സ്‌ലിഫ്റ്റിനെ കൂടുതൽ പ്രായോഗികമാക്കാനാണ് ഹോണ്ട ശ്രമിച്ചിരിക്കുന്നത്.
പുതിയ ഹുഡ് ഇൻസുലേറ്റർ, പുതിയ സെമി-ടെമ്പർഡ് ഡോർ ഗ്ലാസ്, ഡോർ ഇൻസുലേറ്ററുകൾ, മറ്റ് സൗ-ആഗിരണം ചെയ്യുന്ന സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ചിരിക്കുന്നതിനാൽ ഹോണ്ട പൈലറ്റിലെ യാത്രകൾ തികച്ചും നിശബ്ദമായിരിക്കും. സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും കൂടുതൽ പരിഷ്കൃതമായ ഡ്രൈവിംഗ് അനുഭവം നൽകുകയും ചെയ്തുകൊണ്ട് മറ്റൊരു തലത്തിലേക്ക് എക്സ്പീരിയൻ എത്തിക്കുകയായിരുന്നു ജാപ്പനീസ് ബ്രാൻഡിൻ്റെ ലക്ഷ്യം.

285 bhp കരുത്തിൽ പരമാവധി 355 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന സ്റ്റാൻഡേർഡ് 3.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V6 എഞ്ചിനാണ് പുതിയ 2026 ഹോണ്ട പൈലറ്റിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഫ്രണ്ട് വീൽ ഡ്രൈവാണ് എസ്‌യുവിയിൽ സ്റ്റാൻഡേർഡായി കൊടുത്തിരിക്കുന്നത്. എന്നാൽ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ മെക്കാനിക്കൽ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ഓപ്ഷനായി വാഹനത്തിൽ ലഭ്യമാകും.
2026 ഹോണ്ട പൈലറ്റിന് ബേസ് കോൺഫിഗറേഷനിൽ ഏകദേശം 36 ലക്ഷം രൂപ വിലവരും. ടോപ്പ് കോൺഫിഗറേഷനിൽ ഏകദേശം 49 ലക്ഷം രൂപ വിലയും ഉണ്ടാകും. ഹോണ്ട പൈലറ്റിനെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവിൽ മാത്രമേ നിർമ്മിക്കുന്നുള്ളൂവെന്നതിനാൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യാനുള്ള സാധ്യത വിരളമാണ്. CBU യൂണിറ്റുകളായി നിരവധി മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഹോണ്ട പദ്ധതിയിട്ടിരിക്കുന്നതിനാൽ പൈലറ്റ് നമ്മുടെ നിരത്തുകളിൽ എത്തിയാലും അതിശയിക്കേണ്ടതില്ല.


Click it and Unblock the Notifications








