റേഞ്ച് റോവറിലേത് പോലെ സസ്പെൻഷൻ വേണോ? 8.49 ലക്ഷം മുതലുള്ള ഈ എസ്‌യുവികൾ വാങ്ങിയാൽ മതി
പുതിയൊരു കാർ വാങ്ങുമ്പോൾ മൈലേജും സേഫ്റ്റിയും നോക്കിയാണ് കൂടുതൽ ആളുകളും തങ്ങൾക്കിഷ്‌ടമുള്ള മോഡലുകൾ തെരഞ്ഞെടുക്കാറ് അല്ലേ. പിന്നെ ഡിസൈനും കൂടി ഇഷ്‌ടപ്പെട്ടാൽ അങ്ങനാരും മെക്കാനിക്കൽ വശങ്ങളിലേക്ക് ഒന്നും ശ്രദ്ധിക്കാറില്ല. പ്രത്യേകിച്ച് സസ്പെഷൻ പോലുള്ള കാര്യങ്ങൾ. ഇന്ന് കൂടുതലായും വിറ്റഴിയുന്നത് എസ്‌യുവികളാണെങ്കിലും ആളുകൾ യാത്രാസുഖമൊന്നും നോക്കാറില്ല. എന്നാൽ എസ്‌യുവി വാങ്ങിക്കാൻ പ്ലാൻ ചെയ്യുന്നവരാണ് നിങ്ങൾ എങ്കിൽ സസ്‌പെൻഷനുകളുടെ കാര്യത്തിൽ ഫ്രീക്വൻസി ഡിപൻഡൻ്റ് ഡാംപറുകൾ (FDD) സസ്‌പെൻഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മോഡലുകൾ വാങ്ങാൻ നോക്കണേ. കൂടുതൽ യാത്രാസുഖം നൽകുന്ന ഇവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്നതിൽ സംശയമൊന്നും വേണ്ട.
റോഡ് വൈബ്രേഷനുകളുടെ ആവൃത്തിയെ അടിസ്ഥാനമാക്കി ഷോക്ക് അബ്സോർബറുകൾ എത്രത്തോളം ദൃഢമോ മൃദുവോ ആയി പ്രവർത്തിക്കണമെന്ന് സസ്പെൻഷൻ ഓട്ടോമാറ്റിക്കായി തീരുമാനിക്കുന്നതാണ് ഫ്രീക്വൻസി ഡിപൻഡൻ്റ് ഡാംപറുകൾ. ഇത് യാത്രാസുഖം വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഇന്ന് വിപണിയിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയുള്ള FDD സസ്പെൻഷനുകളുള്ള എസ്‌യുവികൾ ഏതെല്ലാമാണെന്ന് നോക്കിയാലോ?

മഹീന്ദ്ര ബൊലേറോ നിയോ
ഫ്രീക്വൻസി ഡിപൻഡൻ്റ് ഡാംപറുകളുള്ള സസ്പെൻഷൻ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവിയാണ് മഹീന്ദ്ര ബൊലേറോ നിയോ. FDD സാങ്കേതികവിദ്യയ്ക്ക് പുറമെ കമ്പനിയുടെ റൈഡ്‌ഫ്ലോ റൈഡ് ആൻഡ് ഹാൻഡ്‌ലിംഗും സസ്‌പെൻഷൻ സജ്ജീകരണത്തിൽ ഉൾപ്പെടുത്തിയാണ് മോഡൽ വിപണനത്തിന് എത്തുന്നത്. കോൺസെൻട്രിക് ലാൻഡ് സിസ്റ്റത്തോടുകൂടിയ മൾട്ടി-ട്യൂൺ വാൽവും ഇതിനുണ്ട്. 8.49 ലക്ഷം രൂപ മുതൽ 10.49 ലക്ഷം രൂപ വരെയാണ് കുഞ്ഞൻ ബൊലേറോയ്ക്ക് വരുന്ന എക്സ്ഷോറൂം വില.
മഹീന്ദ്ര ഥാർ റോക്‌സ്
MTV-CL, അഡ്വാൻസ്ഡ് ഡാംപർ സിസ്റ്റത്തിൽ ഹൈഡ്രോളിക് റീബൗണ്ട് സ്റ്റോപ്പർ സാങ്കേതികവിദ്യ എന്നിവയ്‌ക്കൊപ്പം ഫ്രീക്വൻസി ഡിപൻഡൻ്റ് ഡാംപർ സാങ്കേതികവിദ്യയും ലഭിക്കുന്ന എസ്‌യുവിയാണ് മഹീന്ദ്ര ഥാർ റോക്‌സ്. എസ്‌യുവിയുടെ ഫ്രണ്ടിൽ ഇതിന് ഒരു ഇൻഡിപ്പെൻഡൻഡ് ഡബിൾ വിഷ്‌ബോണും പിന്നിൽ വാട്ട് ലിങ്കേജുള്ള റിജിഡ് ആക്‌സിലും ലഭിക്കുന്നു. മഹീന്ദ്ര ഥാർ റോക്‌സിന് നിലവിൽ 12.25 ലക്ഷം മുതൽ 22.06 ലക്ഷം രൂപ വരെയാണ് വില വരുന്നത്.

ടാറ്റ സിയറ
നിലവിൽ ഫ്രീക്വൻസി ഡിപൻഡൻ്റ് ഡാംപർ സംവിധാനവുമായി വരുന്ന ടാറ്റയുടെ പുതിയ എസ്‌യുവിയാണ് സിയറ. 11.49 ലക്ഷം മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നതെങ്കിലും ബേസ് മോഡലിൽ ഈയൊരു സസ്പെൻഷൻ സംവിധാനം മിഡ്-സൈസ് എസ്‌യുവിക്ക് ലഭിക്കുന്നില്ല കേട്ടോ. പകരം സിയറയുടെ അഡ്വഞ്ചർ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എന്നീ വേരിയൻ്റുകളിലാണ് സൂപ്പർഗ്ലൈഡ് സസ്‌പെൻഷൻ സിസ്റ്റം ലഭ്യമായിട്ടുള്ളത്. ഇവയ്ക്ക് 17.19 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത്.
മഹീന്ദ്ര സ്കോർപിയോ N
ഏറ്റവും ജനപ്രിയമായ ലാഡർ-ഓൺ-ഫ്രെയിം എസ്‌യുവികളിൽ ഒന്നായ മഹീന്ദ്ര സ്കോർപിയോയും MTV-CL സാങ്കേതികവിദ്യയോടൊപ്പം ഫ്രീക്വൻസി ഡിപൻഡൻ്റ് ഡാംപറുകളുമായാണ് വിപണനത്തിന് എത്തുന്നത്. പെൻ്റ-ലിങ്ക് റിയർ സസ്‌പെൻഷനും ഇതിൻ്റെ വലിയൊരു ഹൈലൈറ്റാണ്. ഇത് റോഡിലെ ബമ്പുകൾ ആഗിരണം ചെയ്യാൻ സഹായിക്കുകയും ഉയർന്ന വേഗതയിൽ പോലും കിടിലൻ സ്റ്റെബിലിറ്റിയും നൽകുകയും ചെയ്യാൻ സ്കോർപിയോ N മോഡലിനെ സഹായിക്കുന്നു.

മഹീന്ദ്ര XUV700
മഹീന്ദ്ര തങ്ങളുടെ ജനപ്രിയ മോണോകോക്ക് എസ്‌യുവിയായ XUV700 മോഡൽ സ്‌കോർപിയോ N പോലെ തന്നെ ഫ്രീക്വൻസി ഡിപൻഡൻ്റ് ഡാംപർ സസ്‌പെൻഷനും 5-ലിങ്ക് ഇൻഡിപെൻഡൻ്റ് റിയർ സസ്‌പെൻഷനും വാഗ്ദാനം ചെയ്യുന്നു. 13.65 ലക്ഷം രൂപ മുതൽ 25.14 ലക്ഷം രൂപ വരെയാണ് ഈ 7 സീറ്റർ എസ്‌യുവിക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അങ്ങനെ റേഞ്ച് റോവർ സ്റ്റൈലിലും സൌകര്യത്തിലും ഒരു എസ്‌യുവി നോക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇവയിൽ ഏതെങ്കിലും തെരഞ്ഞെടുക്കാവുന്നതാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








