സിനിമക്കാരുടെ കാശ് കുറേയിറങ്ങും, കുറഞ്ഞ വിലയുള്ള ആഡംബര കാറുമായി ജർമൻ കമ്പനി
ഇന്ത്യയിലെ ആഡംബര കാർ വിഭാഗത്തിൽ മെർസിഡീസ് ബെൻസിനും ബിഎംഡബ്ല്യുവിനുമുള്ള അതേ ഫാൻ ഫോളോവിംഗുള്ള ബ്രാൻഡുകളിൽ ഒന്നാണ് ഔഡി. ജർമൻ ബ്രാൻഡുകളിലെ ത്രിമൂർത്തികളിൽ ഒരുവരായി അരങ്ങുവാഴുന്ന കമ്പനിക്ക് പ്രത്യേകിച്ച് ആമുഖമൊന്നും ആവശ്യമില്ലല്ലോ. സെലിബ്രിറ്റികൾക്കും ക്രിക്കറ്റ് താരങ്ങൾക്കിടയിലും വ്യവസായികൾക്കിടയിലും ഏറെ ആരാധകരുള്ള ബ്രാൻഡ് ഇപ്പോഴിതാ ഇന്ത്യക്കായി പുത്തനൊരു മോഡൽ പുറത്തിറക്കിയിരിക്കുകയാണ്. മറ്റേതുമല്ല നിലവിൽ ഏറെ ജനപ്രിയമായ A4 എൻട്രി ലെവൽ സെഡാന്റെ സിഗ്നേച്ചർ എഡിഷനാണ് ഔഡി ഇന്ത്യൻ വിപണിക്കായി കൊണ്ടുവന്നിരിക്കുന്നത്. അതും തരക്കേടില്ലാത്ത വില നിർണയവും കൂടിയാവുമ്പോൾ സംഗതി ഉഷാറായിട്ടുണ്ട്.
57.11 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഔഡി A4 സിഗ്നേച്ചർ എഡിഷൻ വിപണിയിൽ എത്തിയിരിക്കുന്നത്. ആഡംബര സെഡാന്റെ നിലവിലുള്ള ടെക്നോളജി വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ സ്പെഷ്യൽ എഡിഷൻ മോഡൽ പണികഴിപ്പിച്ചിരിക്കുന്നത്. ഫാക്ടറി ഫിറ്റഡ് ആക്‌സസറികളും ചെറിയ ഡിസൈൻ മെച്ചപ്പെടുത്തലുകളുമാണ് സിഗ്നേച്ചർ എഡിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇത്തരം മാറ്റങ്ങൾ കാറിന് അഴകേകുന്നുണ്ടെങ്കിലും സ്റ്റാൻഡേർഡ് വേരിയന്റുകളിലെ അതേ മെക്കാനിക്കൽ വശങ്ങൾ തന്നെയാണ് കമ്പനി ഇതിലും നിലനിർത്തിയിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്ന് വേർതിരിച്ചറിയാൻ സിഗ്നേച്ചർ എഡിഷനിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഔഡി റിംഗ്സ് ഡീക്കലുകൾ, ഔഡി ലോഗോയുള്ള എൽഇഡി എൻട്രി ലൈറ്റുകൾ, ഡൈനാമിക് വീൽ ഹബ് ക്യാപ്പുകൾ എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന നവീകരണങ്ങൾ.
ഒപ്പം മെച്ചപ്പെട്ട എയറോഡൈനാമിക്സിനായി ഒരു അധിക സ്‌പോയിലർ ലിപ്, സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് സ്പെഷ്യൽ എഡിഷനെ വേർതിരിച്ചറിയാൻ അലോയ് വീലുകളിൽ ഒരു പ്രത്യേക പെയിന്റ് ഫിനിഷ് എന്നിവയും ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡി A4 സിഗ്നേച്ചർ എഡിഷനിൽ ഒരുക്കിയിട്ടുണ്ട്. അകത്തളത്തിലേക്ക് കയറിയാലും പരിചിതമായ രൂപവും ഭാവവും തന്നെയാണ് കാണാനാവുന്നത്.

എങ്കിലും പുതുമക്കായി സ്റ്റാൻഡേർഡ് വേരിയന്റുകളിലെ സ്റ്റാൻഡേർഡ് ട്രിം ഒഴിവാക്കിയിട്ടുണ്ട്. പകരം നാച്ചുറൽ ഗ്രേ വുഡ് ഓക്ക് ഡെക്കറേറ്റീവ് ഇൻലേയാണ് ഇൻ്റീരിയറിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഒരു കസ്റ്റം കീ കവറും ഔഡി A4 സിഗ്നേച്ചർ എഡിഷന്റെ ഭാഗമായി എത്തിയിട്ടുണ്ട്. ജർമൻ ബ്രാൻഡിന്റെ ജനുവിൻ ആക്‌സസറീസ് പാക്കേജിൽ സ്റ്റെയിൻലെസ് സ്റ്റീൽ പെഡൽ കവറുകളും ഒരു ഫ്രാഗ്രൻസ് ഡിസ്പെൻസറും വരെ കൊടുത്തിട്ടുണ്ട്.
A4 സെഡാന്റെ ടെക്നോളജി വേരിയന്റിലെ എല്ലാ പ്രാഥമിക സവിശേഷതകളും നിലനിർത്തിയാണ് പുതിയ സിഗ്നേച്ചർ എഡിഷനും വിപണിയിൽ എത്തിച്ചിരിക്കുന്നത്. 25.65 സെന്റിമീറ്റർ എംഎംഐ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഔഡി വെർച്വൽ കോക്ക്പിറ്റ് പ്ലസ്, വോയ്‌സ് കമാൻഡുകളുള്ള നാവിഗേഷൻ, 19 സ്പീക്കറുകളുള്ള ബാംഗ് ആൻഡ് ഒലുഫ്‌സെൻ 3D സൗണ്ട് സിസ്റ്റം എന്നിവയാൽ കാറിന്റെ അകത്തളം സമൃദ്ധമാണ്.

ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, മെമ്മറി ഫങ്ഷനുള്ള ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഫ്രണ്ട് ഡ്രൈവർ സീറ്റുകൾ, 30 കളർ ഓപ്ഷനുകളുള്ള ആംബിയന്റ് ഇന്റീരിയർ ലൈറ്റിംഗ് തുടങ്ങിയ സൗകര്യപ്രദമായ ഫീച്ചറുകളും ഔഡി A1 സിഗ്നേച്ചർ എഡിഷന് മാറ്റേകുന്നുണ്ട്. കൂടാതെ സിറ്റിയിലെ ഇടുങ്ങിയ പാർക്കിംഗ് സാഹചര്യങ്ങളിൽ അധിക സഹായം വാഗ്ദാനം ചെയ്യുന്നതിനായി 360-ഡിഗ്രി ക്യാമറയുള്ള പാർക്ക് അസിസ്റ്റ് ഫംഗ്ഷനും കമ്പനി കാറിൽ ചേർത്തിട്ടുണ്ട്.
2.0 ലിറ്റർ ടർബോ-പെട്രോൾ (TFSI) എഞ്ചിനാണ് പുതിയ A4 സിഗ്നേച്ചർ എഡിഷന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇത് 204 bhp പവറിൽ പരമാവധി 320 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 7.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന സെഡാന് 241 കിലോമീറ്ററാണ് പരമാവധി പുറത്തെടുക്കാനാവുന്ന വേഗം. റീജനറേറ്റീവ് ബ്രേക്കിംഗും കുറഞ്ഞ ജാരിംഗ് എഞ്ചിൻ സ്റ്റാർട്ടുകളും നൽകുന്ന 12V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും ഇതിന് ലഭിക്കുന്നുണ്ട്.


Click it and Unblock the Notifications








