ഇന്നോവയേക്കാളും വിൽപ്പനയുമായി മഹീന്ദ്രയുടെ 7 സീറ്റർ, XUV700 അല്ല ടൊയോട്ടയെ സൈഡാക്കിയത് ഈ ഇടിവെട്ടി വണ്ടി
ഇന്ത്യയിൽ 7 സീറ്റർ വാഹനങ്ങൾ പണ്ട് വാങ്ങിയിരുന്നത് കൂടുതലും ടാക്‌സി ഉപയോഗങ്ങൾക്കായിരുന്നു എങ്കിൽ ഇപ്പോൾ ഫാമിലി ആവശ്യങ്ങൾക്കായി വാങ്ങുന്നവരുടെ എണ്ണമാണ് കൂടുതൽ. വീട്ടിലുള്ളവരുമായി ഒന്നിച്ച് കല്യാണത്തിനോ അല്ലെങ്കിൽ മറ്റ് യാത്രകൾ പോവാനെല്ലാം ഇത്രയും പ്രായോഗികമായ വാഹനങ്ങൾ വേറെയില്ല. ഇനി ഏഴ് പേരില്ലെങ്കിൽ പിന്നിലെ സീറ്റുകൾ മടക്കിവെച്ച് വേണ്ട സാധനങ്ങളെല്ലാം കൊണ്ടുപോവുകയും ചെയ്യാം. ഈ വിഭാഗത്തിൽ എല്ലാവർക്കും ഇഷ്‌ടം ടൊയോട്ടയുടെ ഇന്നോവ സ്വന്തമാക്കാനായിരിക്കും അല്ലേ. പക്ഷേ വില കാരണം പലരും ഈ മോഹം ഉപേക്ഷിക്കാറാണ് പതിവ്. പകരം മാരുതി എർട്ടിഗയിലേക്കെല്ലാം ചേക്കേറുകയും ചെയ്യും.
2025 സാമ്പത്തിക വർഷത്തിലും ഈ മോഡലുകളെല്ലാം വമ്പൻ വിൽപ്പനയാണ് നേടിയത്. വിഭാഗത്തിലെ ഒന്നാമനും രണ്ടാമനുമെല്ലാം ആരെന്ന് തെളിയിക്കുന്ന 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള വിൽപ്പന കണക്കുകൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ. തലക്കെട്ടിൽ പറഞ്ഞതുപോലെ 7 സീറ്റർ മോഡലുകളിൽ ഇന്നോവയേക്കാളും വിൽപ്പനയുമായി മഹീന്ദ്രയുടെയുടെ തുറുപ്പുഗുലാൻ കയറി വന്നതാണ് ശ്രദ്ധേയമായ കാര്യം.

2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ പത്ത് 7-സീറ്റർ കാറുകൾ ഏതെല്ലാമെന്ന് നോക്കിയാലോ? കച്ചോടത്തിന്റെ കാര്യത്തിൽ പണ്ടേ മാരുതി സുസുക്കിയെ തോൽപ്പിക്കാൻ ആർക്കുമാവില്ലല്ലോ. ഈ സെഗ്മെന്റിലും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ കുതിപ്പാണ് കാണാനാവുന്നത്. എതിരാളികളെ പിന്നിലാക്കി മികച്ച ലീഡോടെ ഒന്നാം സ്ഥാനം നേടിയത് എർട്ടിഗയാണ്.
2025 സാമ്പത്തിക വർഷം എർട്ടിഗയുടെ 1,90,972 യൂണിറ്റുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. 2024 സാമ്പത്തിക വർഷത്തിലെ 1,49,757 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ എംപിവിക്ക് 28 ശതമാനം വളർച്ച കൈവരിക്കാനായിട്ടുണ്ടെന്ന് സാരം. എസ്‌യുവി പ്രേമികളെ ആവേശഭരിതരാക്കിക്കൊണ്ട് രണ്ടാം സ്ഥാനം കൈയടക്കിയത് മഹീന്ദ്രയുടെ സ്കോർപിയോ നിരയാണ്. സാക്ഷാൽ ഇന്നോവയെ വരെ സൈഡാക്കിക്കൊണ്ടുള്ള പെർഫോമൻസ് കമ്പനിക്ക് മൈലേജായിട്ടുണ്ടെന്നതിൽ സംശയമൊന്നും വേണ്ട.

സ്കോർപിയോ ക്ലാസിക്, സ്കോർപിയോ N എന്നിവയുടെ 2025 സാമ്പത്തിക വർഷത്തെ സംയോജിത വിൽപ്പന 17 ശതമാനം വർധിച്ച് 1,64,842 യൂണിറ്റിലെത്തി. 2024 സാമ്പത്തിക വർഷത്തിൽ ഇത് 1,41,462 ആയിരുന്നു. മൂന്നാമനായി എത്തിയിരിക്കുന്നത് ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഹൈക്രോസ് മോഡലുകളാണ്. 9 ശതമാനം വർധനവോടെ ഇന്നോവയുടെ കച്ചോടം 1,07,204 യൂണിറ്റുകളായിരുന്നു. പോയ വർഷം മൾട്ടി പർപ്പസ് വാഹനത്തിന് 98,181 യൂണിറ്റായിരുന്നു വിൽപ്പന.
7-സീറ്റർ മോഡലുകളുടെ വിൽപ്പനയുടെ കാര്യത്തിൽ മഹീന്ദ്ര ബൊലേറോയാണ് നാലാം സ്ഥാനത്തുള്ളത്. 2024 സാമ്പത്തിക വർഷം നിരത്തിലെത്തിച്ച 1,10,841 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പന 15 ശതമാനത്തോളം ഇടിഞ്ഞ് 94,750 യൂണിറ്റിലെത്തി. അഞ്ചാം സ്ഥാനത്ത് 93,082 യൂണിറ്റുകൾ വിറ്റഴിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ XUV700 ആണുള്ളത്. 2024 സാമ്പത്തിക വർഷത്തെ 79,398 യൂണിറ്റുകളെ അപേക്ഷിച്ച് 17 ശതമാനം വർധനവും നേടിയെടുത്തിട്ടുണ്ട് മോഡൽ.

രണ്ട് ശതമാനം വിൽപ്പന വളർച്ചയുമായി ആറാം സ്ഥാനം കൈയടക്കിയത് കിയ കാരെൻസാണ്. 2024 സാമ്പത്തിക വർഷം നിരത്തിലെത്തിച്ച 63,167 യൂണിറ്റുകളെ അപേക്ഷിച്ച് ഇത്തവണ എംപിവിക്ക് 64,609 യൂണിറ്റുകളുടെ കച്ചോടമാണ് നേടായത്. ഏഴാമതായി 37,111 യൂണിറ്റുകളുമായി മാരുതി XL6 പ്രീമിയം എംപിവിയാണ് എത്തിയത്. പോയ വർഷത്തെ 45,334 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 18 ശതമാനത്തിന്റെ നഷ്ടം മോഡലിനുണ്ടായിട്ടുണ്ട്.
എട്ടാം സ്ഥാനത്തുള്ള ടൊയോട്ട ഫോർച്യൂണറിനും നഷ്‌ടത്തിന്റെ കണക്കുകളാണ് 2025 സാമ്പത്തിക വർഷത്തിലുണ്ടായിരിക്കുന്നത്. 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ ഫുൾ-സൈസ് എസ്‌യുവിയുടെ 32,785 യൂണിറ്റുകളാണ് ജാപ്പനീസ് ബ്രാൻഡിന് വിറ്റഴിക്കാനായത്. അതേസമയം ടാറ്റ സഫാരി 20,034 യൂണിറ്റും റെനോ ട്രൈബർ 19,905 യൂണിറ്റുകളും നിരത്തിലെത്തിച്ച് ഒമ്പതും പത്തും സ്ഥാനങ്ങൾ കൈയടക്കി.


Click it and Unblock the Notifications








