പുതിയ 7 സീറ്റർ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാൻ മഹീന്ദ്ര, സിംഗിൾ ചാർജിൽ 650 കിലോമീറ്റർ ഓടിക്കാം
ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് ടാറ്റയ്ക്കും മുമ്പേ ഇറങ്ങിത്തിരിച്ചവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. എന്നാൽ വാണിജ്യ രംഗത്തായിരുന്നു തുടക്കമെന്നതിനാൽ പാസഞ്ചർ ഇവി വിപണി നെക്സോൺ ഇവിയിലൂടെ രത്തൻ ടാറ്റയുടെ കമ്പനി തൂക്കി. ഇതിന് ബദലായി മഹീന്ദ്ര XUV400 ഇവി പുറത്തിറക്കിയെങ്കിലും ഇന്ത്യക്കാർ കാര്യമായി മൈൻഡ് ചെയ്തില്ലെന്ന് വേണം പറയാൻ. പക്ഷേ പിൻമാറാൻ തയാറാവാതിരുന്ന ബ്രാൻഡ് അടുത്തിടെ BE 6, XEV 9e എന്നിങ്ങനെ രണ്ട് കിടിലൻ എസ്‌യുവികളാണ് പുറത്തിറക്കിയത്. ഇന്ത്യൻ ടെസ്‌ലയെന്ന് ഓമനപ്പേരിട്ട് വണ്ടിഭ്രാന്തൻമാർ ഇരുവരേയും ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തിരിക്കുകയാണ്.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ വരാനിരിക്കുന്ന നിരവധി BE, XEV മോഡലുകൾക്ക് അടിത്തറയിടാൻ പോകുന്ന INGLO മോഡുലാർ സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമിലാണ് ഈ മോഡലുകൾ നിർമിച്ചിരിക്കുന്നത്. എന്നാൽ ഇവിടെയൊന്നും അവസാനിപ്പിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തയാറല്ലെന്നാണ് വാർത്തകൾ. നാളെ തുടങ്ങാനിരിക്കുന്ന വാഹനമേളയിൽ സർപ്രൈസായി കമ്പനി പുതിയൊരു 7-സീറ്റർ ഇലക്ട്രിക് എസ്‌യുവി കൂടി പ്രദർശിപ്പിക്കുമെന്നാണ് വിവരം.

മറ്റേതുമല്ല, XUV.e8 കൺസെപ്റ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച മഹീന്ദ്ര XEV 7e മോഡലാവുമത്. എസ്‌യുവിയുടെ വരവിനെ സൂചിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിലൂടെ ചോർന്നതോടെയാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ XUV700 ഫാമിലി എസ്‌യുവിയുടെ വൈദ്യുതീകരിച്ച പതിപ്പായിരിക്കുമിത്. XEV 7e ഇവി പുതുതായി പുറത്തിറക്കിയ XEV 9e ഇവി എന്നിവ തമ്മിലുള്ള ഏറ്റവും ശ്രദ്ധേയമായ വ്യത്യാസങ്ങളിലൊന്ന് അതിന്റെ റൂഫിലായിരിക്കും.
XUV700 എസ്‌യുവിയുടെ രൂപകൽപ്പനയെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് XEV 7e ഡിസൈൻ ചെയ്‌തിരിക്കുന്നത്. അതോടൊപ്പം XEV 9e എസ്‌യുവിയുടെ അതേ രൂപത്തിലുള്ള ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പ് ഹൗസിംഗും ഇതിൽ കാണാനാവും. റീഡിസൈൻ ചെയ്‌ത ഫ്രണ്ട്, റിയർ ബമ്പറുകൾ, ലംബമായി അടുക്കിയിരിക്കുന്ന ത്രികോണാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിനെ കളറാക്കാൻ എത്തും.
എയ്‌റോ ഇൻസേർട്ടുകളുള്ള പുതിയ അലോയ് വീലുകൾ, ഒരു ബ്ലാങ്ക്-ഓഫ് ഗ്രിൽ എന്നിവയും XUV700 എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പിൽ ഉണ്ടായിരിക്കും. അകത്തളത്തിലേക്ക് നോക്കിയാൽ 2025 മഹീന്ദ്ര XEV 7e ഇവിയുടെ ഉള്ളിൽ പുതിയ ഡ്യുവൽ-ടോൺ സീറ്റുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ആംബിയന്റ് ലൈറ്റിംഗ്, രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റ് ലേഔട്ട്, പനോരമിക് സൺറൂഫ് എന്നിവ പോലുള്ള ഫീച്ചറുകളായിരിക്കും മഹീന്ദ്ര ഒരുക്കുക.
ഇതോടൊപ്പം പ്രൊഡക്ഷൻ-സ്പെക്ക് XEV 9e ഇവിയിൽ അരങ്ങേറ്റം കുറിച്ച ട്രിപ്പിൾ-സ്‌ക്രീൻ സജ്ജീകരണവും ഇതിന് ഉണ്ടായിരിക്കാമെന്നാണ് അനുമാനം. സ്റ്റിയറിംഗ് വീലിന്റെ മധ്യഭാഗത്ത് ഇലുമിനേറ്റഡ് മഹീന്ദ്ര ലോഗോ, വെന്റിലേറ്റഡ് സീറ്റുകൾ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ, പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവയാവും വാഹനത്തിലെ മറ്റ് പ്രധാന സവിശേഷതകൾ.
സേഫ്റ്റിയുടെ കാര്യത്തിലേക്ക് നോക്കിയാൽ മഹീന്ദ്രയുടെ മറ്റ് വാഹനങ്ങളെ പോലെ തന്നെ 5-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗിനൊപ്പം വിപുലമായ സുരക്ഷാ സന്നാഹങ്ങളും ഇലക്ട്രിക് എസ്‌യുവിയിൽ അവതരിപ്പിക്കും. മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കും വിശ്വാസ്യതയ്ക്കുമായി ബിവൈഡിയുടെ LFP സെല്ലുകൾ പ്രയോജനപ്പെടുത്തി 59 kWh ബാറ്ററി പായ്ക്ക് XEV 7e എസ്‌യുവിയിൽ സജ്ജീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
XEV 9e, BE 6 എന്നിവയുമായി വലിയ 79 kWh ബാറ്ററി യൂണിറ്റ് പങ്കിടാനും ഇതിന് കഴിഞ്ഞേക്കും. വരാനിരിക്കുന്ന XEV 7e 59kWh, 79kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നതിനാൽ സിംഗിൾ ചാർജിൽ 650 കിലോമീറ്റർ റേഞ്ചോളം വാഗ്‌ദാനം ചെയ്യാൻ മഹീന്ദ്രയുടെ ഫാമിലി ഇലക്ട്രിക് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് സാധിച്ചേക്കുമെന്നാണ് വിവരം. എന്തായാലും 2025 ഓട്ടോ എക്സ്പോയിൽ ഇവിയുടെ അരങ്ങേറ്റം പ്രതീക്ഷിക്കാം.


Click it and Unblock the Notifications








