പോക്കറ്റ് കാലിയാവുമെന്ന പേടിവേണ്ട, 89.90 രൂപയ്ക്ക് 28.51 KM ഓടും, വലിയ മൈലേജുള്ള ചെറിയ എസ്‌യുവികൾ
പുതിയൊരു കാർ വാങ്ങാൻ മോഹിക്കാത്ത മനുഷ്യൻമാർ കുറവാണെന്ന് വേണം പറയാൻ. സ്വന്തം കാറിൽ നാട് ചുറ്റാൻ സ്വപ്‌നം കണ്ട് അതിനായി പരിശ്രമിക്കുന്നവർ നമുക്ക് ചുറ്റുമുണ്ടാവും. എന്നാൽ കുറച്ച് വർഷങ്ങളായി ഉയർന്ന് നിൽക്കുന്ന പെട്രോൾ, ഡീസൽ വില കാരണം പലരും ഇപ്പോൾ കാർ വേണ്ടന്ന് വെച്ചിട്ടുണ്ട്. 106 രൂപ കൊടുത്ത് പെട്രോളടിച്ചാൽ ശരാശരി 14 കിലോമീറ്റർ മൈലേജ് ഒക്കെയായിരിക്കും വാഹനങ്ങൾ തരിക. ഇത് പോക്കറ്റിൽ ഒതുങ്ങാത്തതിനാൽ വണ്ടിയേ വേണ്ടെന്ന് വെച്ചിരിക്കുന്നവർക്ക് സിഎൻജി (CNG) കാറുകളെ കുറിച്ച് ചിന്തിക്കാം കേട്ടോ.
ഇനി എസ്‌യുവികളോടാണ് താത്പര്യം എങ്കിലും അതിനും വഴിയുണ്ട്. ഇന്ത്യയിൽ കുറഞ്ഞ വിലയിൽ വാങ്ങാനാവുന്ന കിടിലൻ എസ്‌യുവികൾ ഇഷ്‌ടം പോലെയുണ്ടന്ന കാര്യം പലരും അത്ര ശ്രദ്ധിച്ചിട്ടുണ്ടാവില്ല. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ സിറ്റിയിലും ഹൈവേയിലുമെല്ലാം അഡാറ് മൈലേജുമായിരിക്കും ലഭിക്കുക. കുറഞ്ഞ വിലയുള്ള ചില കിടിലൻ സിഎൻജി എസ്‌യുവികളെ ഒന്ന് പരിചയപ്പെട്ടാലോ?

നിസാൻ മാഗ്നൈറ്റ്: ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി ശ്രേണിയിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായ സിഎൻജി മോഡലാണ് മാഗ്നൈറ്റ്. ഫാക്‌ടറി ഫിറ്റഡ് യൂണിറ്റുകൾക്ക് പകരം 74,999 രൂപ വിലയുള്ള റിട്രോഫിറ്റ് സിഎൻജി ഓപ്ഷനോടെയാണ് എസ്‌യുവി വിപണനത്തിന് എത്തുന്നത്. സർക്കാർ അംഗീകൃത തേർഡ് പാർട്ടി വെണ്ടറായ മോട്ടോസെൻമാണ് സിഎൻജി റിട്രോഫിറ്റ്മെന്റ് കിറ്റ് വികസിപ്പിച്ചതും ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയതും. ഇവയ്ക്ക് 3 വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ബേസ് മോഡൽ വാങ്ങുകയാണെങ്കിൽ 6.14 ലക്ഷത്തിന് പുറമെ 74,999 രൂപ കൂടി മുടക്കിയാൽ നിസാൻ മാഗ്നൈറ്റ് സിഎൻജി ഓപ്ഷനോടെ മുറ്റത്തെത്തിക്കാം. പ്രാദേശിക നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് സർക്കാർ അംഗീകൃത ഫിറ്റ്മെന്റ് സെന്ററുകളിലാണ് റിട്രോഫിറ്റ് സിഎൻജി ഇൻസ്റ്റാളേഷൻ നടത്തുന്നത് എന്നതിനാൽ ആശങ്കകളൊന്നും വേണ്ട താനും. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന 1.0 ലിറ്റർ, NA പെട്രോൾ എഞ്ചിനാണ് ഇതിൽ ഒരുക്കിയിരിക്കുന്നതും.

ടാറ്റ പഞ്ച്: റിട്രോഫിറ്റഡ് വേണ്ട, പകരം ഫാക്‌ടറി ഫിറ്റഡ് മോഡൽ മതിയെന്നുള്ളവർക്ക് കണ്ണുംപൂട്ടി വാങ്ങിക്കാവുന്ന ടാറ്റയുടെ മൈക്രോ എസ്‌യുവിയാണ് പഞ്ച്. 7.30 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ വരെ എക്‌സ്ഷോറൂം വില വരുന്ന വ്യത്യസ്‌ത വേരിയന്റുകളിലും മോഡൽ സ്വന്തമാക്കാനാവും. പഞ്ചിന് 26.99 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. ഒപ്പം ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയുള്ളതിനാൽ ബൂട്ട് സ്പേസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യേണ്ട ആവശ്യവുമില്ല.
സിഎൻജി വേരിയന്റുകളിൽ 210 ലിറ്റർ ബൂട്ട് സ്‌പേസാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനുപുറമെ സിഎൻജിക്കും പെട്രോളിനും ഇടയിൽ മാറാൻ സിംഗിൾ ഇസിയു, സിഎൻജി മോഡിൽ ഡയറക്ട് സ്റ്റാർട്ട് തുടങ്ങിയ സവിശേഷതകളും ടാറ്റ പഞ്ച് സിഎൻജി പതിപ്പുകളുടെ പ്രത്യേകതയാണ്. 1.2 ലിറ്റർ റെവോട്രോൺ എഞ്ചിനുമായി ചേർന്നാണ് സിഎൻജി ഓപ്ഷൻ പ്രവർത്തിക്കുന്നത്. തരക്കേടില്ലാത്ത പവർ കണക്കുകളും ഉള്ളതിൽ സംഗതി കളറാവും.

ഹ്യുണ്ടായി എക്സ്റ്റർ: ടാറ്റ പഞ്ചിന്റെ പ്രധാന എതിരാളിയായ എക്സ്റ്ററും സിഎൻജിയോടെ വാങ്ങാനാവുന്ന മികച്ച എസ്‌യുവിയാണ്. ഹൈ-സിഎൻജി, ഹൈ-സിഎൻജി ഡ്യുവോ എന്നിങ്ങനെ രണ്ട് തരത്തിലാണ് മൈക്രോ എസ്‌യുവി വിപണിയിലെത്തുന്നത്. ഇതിൽ രണ്ടാമത്തേത് പഞ്ചിലേത് പോലെ ട്വിൻ സിലിണ്ടർ സജ്ജീകരണമാണ് വാഗ്‌ദാനം ചെയ്യുന്നത്. എക്സ്റ്ററിന്റെ സിഎൻജി വേരിയന്റുകൾ 7.51 ലക്ഷം മുതൽ 9.53 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് വിപണനത്തിന് എത്തുന്നത്. 27.1 കി.മീ. മൈലേജാണ് ഇതിൽ കമ്പനി അവകാശപ്പെടുന്നത്.
റെനോ കൈഗർ: നിസാൻ മാഗ്നൈറ്റിന് സമാനമായി റെനോ കൈഗറിനും അടുത്തിടെ 79,500 രൂപ വിലയിൽ റിട്രോഫിറ്റ് സിഎൻജി കിറ്റ് ഓപ്ഷൻ ലഭിച്ചു. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്ന 1.0 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനിലാണ് കിറ്റ് ഘടിപ്പിക്കാം. സിഎൻജി കിറ്റിനെക്കുറിച്ച് കമ്പനി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മൂന്ന് വർഷത്തെ വാറണ്ടിയോടെയാണ് സംഭവം വിപണനത്തിന് എത്തുന്നത്.

മാരുതി ഫ്രോങ്ക്‌സ്: 8.50 ലക്ഷം രൂപ മുതൽ 9.35 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് മാരുതി ഫ്രോങ്ക്‌സ് സിഎൻജി വിപണിയിൽ എത്തുന്നത്. സിഗ്മ, ഡെൽറ്റ വേരിയന്റുകളിലാണ് സിഎൻജി വാങ്ങാനാവുക. ഇതിന്റെ സിഎൻജി ടാങ്ക് ശേഷി 55 ലിറ്ററാണെന്നും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ പറയുന്നു. കിലോഗ്രാമിന് 28.51 കിലോമീറ്റർ മൈലേജാണ് ഫ്രോങ്ക്‌സിന് നൽകാനാവുക.


Click it and Unblock the Notifications








