കുറഞ്ഞ വിലയുള്ള ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കാൻ മസ്ക്കിന്റെ ശത്രു, ഇന്ത്യയിലും ടെസ്‌ലയെ അരിഞ്ഞുവീഴ്ത്തും
രാജ്യത്തെ ഇലക്‌ട്രിക് കാർ വിപണിയിലെ പ്രമുഖരായി മാറിയിരിക്കുകയാണ് ബിൽഡ് യുവർ ഡ്രീംസ് എന്ന ബിവൈഡി. ആഗോളതലത്തിൽ ടെസ്‌ലയോട് ഏറ്റുമുട്ടുന്ന ബ്രാൻഡിന് തലവേദനയായി എലോൺ മസ്‌ക്കിന്റെ ഇവി കമ്പനി രാജ്യത്ത് എത്തുകയുണ്ടായി. മത്സരം കടുപ്പിക്കാനായി കൂടുതൽ മോഡലുകളെ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ബിവൈഡി. നിലവിൽ അറ്റോ 3, സീൽ, ഇമാക്സ് 7, സീലയൺ 7 തുടങ്ങിയ മോഡലുകളുള്ള തങ്ങളുടെ ഇന്ത്യൻ നിരയിലേക്ക് മറ്റൊരു ഇലക്ട്രിക് കാർ കൂടി ചേർക്കാനുള്ള പദ്ധതി ബിവൈഡി ആവിഷ്ക്കരിച്ചിട്ടുണ്ട്.
2025 ബ്രസൽസ് മോട്ടോർ ഷോയിൽ ആദ്യമായി അനാച്ഛാദനം ചെയ്ത അറ്റോ 2 ഇലക്ട്രിക് എസ്‌യുവിയെയാണ് ചൈനീസ് വൈദ്യുത വാഹന നിർമാതാക്കൾ നമ്മുടെ രാജ്യത്തിനായി സമ്മാനിക്കുകയെന്നാണ് ഓട്ടോഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ പരീക്ഷണയോട്ടത്തിലുള്ള ബിവൈഡി അറ്റോ 2 ഉത്സവ സീസണോടെ വിപണിയിലെത്തിയേക്കും. പക്ഷേ ഇന്ത്യയിൽ അറ്റോ 2 ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് കമ്പനി ഔദ്യോഗികമായി സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.

എന്നിരുന്നാലും ഇന്ത്യയിൽ തങ്ങളുടെ കാറുകളുടെ ആവശ്യകതയും ജനപ്രീതിയും വർധിച്ചുവരുന്ന സാഹചര്യത്തിൽ അറ്റോ 2 പോലൊരു കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവിക്ക് സ്വീകാര്യത ലഭിക്കാൻ എളുപ്പമായിരിക്കും. അതിനാൽ, ആഭ്യന്തര വിപണിയിൽ കൂടുതൽ താങ്ങാനാവുന്ന വിലയിൽ ഒരു ഇലക്ട്രിക് വാഹനം കൊണ്ടുവരുന്നത് ബ്രാൻഡിന് കൂടുതൽ പണംവാരാൻ സഹായിക്കും.
ഇന്ത്യയിൽ ടെസ്‌ലയുമായിട്ടുള്ള മത്സരം നേരിട്ടല്ലെങ്കിലും ഇവിടെയും വിട്ടുകൊടുക്കാൻ ചൈനീസ് ഭീമൻ തയാറായേക്കില്ല. ബിവൈഡി അറ്റോ 2 അടിസ്ഥാനപരമായി വാഹന നിർമ്മാതാക്കളിൽ നിന്നുള്ള അടുത്ത എൻട്രി ലെവൽ ഇലക്ട്രിക് കാറാണ്. ബ്രാൻഡിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന മോഡലായി ഇന്ത്യയിലും സ്ഥാനംപിടിക്കുകയാണെങ്കിൽ ടാറ്റ നെക്സോൺ ഇവി, എംജി ZS ഇവി, മഹീന്ദ്ര BE 6 തുടങ്ങിയ ശക്തൻമാർക്ക് ഉറക്കം നഷ്‌ടമാവും.

ലോഞ്ച് ചെയ്താൽ അറ്റോ 2 അറ്റോ 3 ഇലക്‌ട്രിക് എസ്‌യുവിക്ക് താഴെയായിരിക്കും സ്ഥാനം പിടിക്കുക. വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത പേരുകളിൽ ലഭ്യമായ ബിവൈഡി അറ്റോ 2 ഇതിനകം ചൈന, ബ്രസീൽ തുടങ്ങിയ വിപണികളിൽ വിൽപ്പനയിലുണ്ട്. ഫ്രണ്ട്-വീൽ ഡ്രൈവ് ലേഔട്ട് ഫീച്ചർ ചെയ്യുന്ന പുതിയ ഇലക്ട്രിക് എസ്‌യുവി BYD-യുടെ പുതിയ മൂന്നാം തലമുറ ഇലക്ട്രിക് കാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.ഇ-പ്ലാറ്റ്ഫോം 3.0 എന്നാണ് അറിയപ്പെടുന്നത്.
45.1 kWh ബാറ്ററി പായ്ക്കാണ് അറ്റോ 2 എസ്‌യുവിയുടെ ഹൃദയം. സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ബാറ്ററിക്ക് 175 bhp പവറിൽ പരമാവധി 290 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ഫുൾ ചാർജിൽ 380 കിലോമീറ്റർ NEDC റേറ്റഡ് റേഞ്ചാണ് എസ്‌യുവിക്ക് നൽകാനാവുക. ഇന്ത്യൻ വിപണിയിലും ഇതേ ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റമാണോ അവതരിപ്പിക്കുക എന്നത് വ്യക്തമല്ല.
അറ്റോ 2 ഇവിക്ക് ഒതുക്കമുള്ള വലിപ്പവും സവിശേഷതകളാൽ സമ്പന്നമായ ഇന്റീരിയറും ഉള്ളത് ഇന്ത്യക്കാരെ കൈയിലെടുക്കാൻ സഹായിക്കും. 4310 mm നീളവും 1830 mm വീതിയും 1675 mm ഉയരവുമാണ് എസ്‌യുവിക്കുള്ളത്. ഇന്റീരിയറിൽ 12.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 8.8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ഹീറ്റഡ് പവർ-അഡ്ജസ്റ്റ് ചെയ്യാവുന്നതുമായ ഫ്രണ്ട് സീറ്റുകൾ, ലെതർ അപ്ഹോൾസ്റ്ററി എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ഫീച്ചറുകൾ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ


Click it and Unblock the Notifications








