അടിപൊളി വില, ഇലക്‌ട്രിക് കാറുകളിലെ ടൊയോട്ടയാവാൻ BYD, വന്നിരിക്കുന്നത് 567 കീ.മീ. റേഞ്ചുള്ള ഇവി
ഇലക്ട്രിക് കാറുകളോട് ഇന്ത്യക്കാർക്ക് ഏറിവരുന്ന പ്രിയം തിരിച്ചറിഞ്ഞ് നല്ല ഒന്നാന്തരം ഇവികൾ രാജ്യത്തിനായി സമർപ്പിച്ചവരാണ് ചൈനീസ് വൈദ്യുത വാഹന നിർമാതാക്കളായ ബിവൈഡി. അറ്റോ 3, ഇമാക്‌സ് 7, സീൽ തുടങ്ങിയ ഗംഭീര ഇവികളുമായി രാജ്യത്ത് സ്ഥാനമുറപ്പിച്ച കമ്പനി ഇപ്പോഴിതാ പുതുപുത്തനൊരു എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ 2025 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച സീലയൺ 7 പ്രീമിയം ഇലക്ട്രിക് എസ്‌യുവിയാണ് നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ വിപണനത്തിന് എത്തിയിരിക്കുന്നത്. പ്രീമിയം, പെർഫോമൻസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് പുതിയ പോരാളി എത്തിയിരിക്കുന്നത്.
വില നോക്കുകയാണെങ്കിൽ ബിവൈഡി സീലയൺ 7 പ്രീമിയം വേരിയന്റിന് 48.90 ലക്ഷം രൂപയും പെർഫോമൻസിന് 54.90 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. രണ്ടിനും സമാനമായ ഫീച്ചറുകൾ ലഭിക്കുന്നുണ്ടെങ്കിലും റേഞ്ചിലും പെർഫോമൻസിലുമാണ് പ്രധാന മാറ്റങ്ങൾ ലഭിക്കുന്നത്. സീലയൺ 7 ഇവിക്കായി ഇതുവരെ 1000 ബുക്കിംഗുകൾ ലഭിച്ചുവെന്നും ബിവൈഡി പറഞ്ഞു.

എസ്‌യുവിയുടെ ഡെലിവറി മാർച്ച് പകുതിയോടെ ആരംഭിക്കുമെന്നാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ആദ്യ കാഴ്ച്ചയിയി സീൽ സെഡാന്റെ എസ്‌യുവി പതിപ്പല്ലേന്ന് വരെ തോന്നിയേക്കാം. ഫ്രണ്ട് ബമ്പർ, ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലാമ്പുകൾ എന്നിവക്കെല്ലാം സീൽ ഇവിയോട് സാമ്യമുണ്ട്. നല്ല വലിപ്പമുണ്ടെങ്കിലും പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു 7 സീറ്റർ വാഹനമല്ല കേട്ടോ.
ആംഗുലർ ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾക്ക് താഴത്തായി ഡിആർഎല്ലുകൾ കൊടുത്തിരിക്കുന്നത് മുൻവശത്തെ അഴകുറ്റതാക്കുന്നുണ്ട്. മികച്ച ഫാസ്റ്റ്ബാക്ക് ഡിസൈൻ, ലോ-സ്ലംഗ് ബോണറ്റ് ഘടന, സമുദ്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചില ഘടകങ്ങൾ, എയറോഡൈനാമിക് കോണ്ടൂർസ്, എന്നിവയെല്ലാം ഇലക്ട്രിക് എസ്‌യുവിയുടെ ഡിസൈനിലെ ചില ഹൈലൈറ്റുകളാണ്. സീലയൺ 7 പ്രീമിയം വേരിയന്റിൽ 19 ഇഞ്ച് അലോയ് വീലുകളും പെർഫോമൻസിൽ 20 ഇഞ്ച് വീലുകളുമാണ് വരുന്നത്.

കോസ്മോസ് ബ്ലാക്ക്, അറ്റ്ലാന്റിസ് ഗ്രേ, അറോറ വൈറ്റ്, ഷാർക്ക് ഗ്രേ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ബിവൈഡി സീലയൺ 7 തെരഞ്ഞെടുക്കാനാവുക. ഇനി അകത്തളത്തിലേക്ക് കയറിയാൽ പല ആഡംബര വാഹനങ്ങളേയും നാണിപ്പിക്കുന്ന തരത്തിലുള്ള കിടിലൻ ഇന്റീരിയറുമായിട്ടാണ് ബിവൈഡിയുടെ നാലാമൻ കളത്തിലേക്ക് എത്തിയിരിക്കുന്നത്. മോഡേൺ ഫീച്ചറുകളുടെ വലിയൊരു കലവറ തന്നെയാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.
15.6 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലംബർ ക്രമീകരണത്തോടുകൂടിയ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), 6 തരത്തിൽ ക്രമീകരിക്കാവുന്ന പാസഞ്ചർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, പനോരമിക് ഗ്ലാസ് റൂഫ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, വയർലെസ് ഫോൺ ചാർജർ, 12-സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവയാണ് സീലയൺ 7 ഇവിയിലെ പ്രധാന ഫീച്ചറുകൾ.

സേഫ്റ്റിയിലും മിടുക്കനായിട്ടാണ് ബിവൈഡിയുടെ ഇലക്ട്രിക് എസ്‌യുവി കടന്നുവന്നിരിക്കുന്നത്. 11 എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാറാണ് സീലയൺ 7. 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഫ്രണ്ട് പാസഞ്ചർ, റിയർ സീറ്റുകളിലെ ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ പോലുള്ള നൂതന സവിശേഷതകളെല്ലാം ഇതിലുണ്ട്.
അതോടൊപ്പം തന്നെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ്, റിയർ കൊളീഷൻ മുന്നറിയിപ്പുകൾ, ഓട്ടോമാറ്റിക് ബ്രേക്കിംഗോടുകൂടിയ ഫ്രണ്ട്, റിയർ ക്രോസ്-ട്രാഫിക് അലേർട്ടുകൾ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്നിവയും ബിവൈഡിയുടെ സീലയൺ 7 ഇവിയെ സുരക്ഷിതമാക്കാനായി കൊടുത്തിട്ടുണ്ട്.
സീലയൺ 7 ഇവിയുടെ രണ്ട് വകഭേദങ്ങൾക്കും ഒരേ 82.56kWh ലോ-വോൾട്ടേജ് LFP ബാറ്ററി പായ്ക്കാണ് ബിവൈഡി സമ്മാനിച്ചിരിക്കുന്നത്. പ്രീമിയം വേരിയന്റ് 313 bhp കരുത്തിൽ 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള റിയർ-വീൽ ഡ്രൈവ് കോൺഫിഗറേഷനിലാണ് വരുന്നത്. ഇത് 567 കീലോമീറ്റർ റേഞ്ച് തരും. അതേസമയം എസ്‌യുവിയുടെ പെർഫോമൻസ് വേരിയന്റിന് 530 bhp പവറിൽ 690 Nm torque ആയിരിക്കും നൽകുക.
ഇതിന് സിംഗിൾ ചാർജിൽ 542 കിലോമീറ്റർ റേഞ്ചുമുണ്ടാവും. പെർഫോമൻസിലേക്ക് കണക്കുകളിലേക്ക് നോക്കിയാൽ ഇവിയുടെ RWD പതിപ്പ് 6.7 സെക്കൻഡിൽ 0-100 കി.മീ .വേഗത പുറത്തെടുക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് ഇലക്ട്രിക് എസ്‌യുവിയുടെ AWD മോഡൽ 4.5 സെക്കൻഡിലാവും 100 കിലോമീറ്റർ വേഗത കൈവരിക്കുക. ഈയൊരു വില നിലവാരത്തിൽ വോൾവോ C40 റീചാർജ്, കിയ EV6 ഇവി, ഹ്യുണ്ടായി അയോണിക് 5 തുടങ്ങിയ ഭീകരൻമാരുമായാണ് സീലയൺ 7 മത്സരിക്കാനിറങ്ങുന്നത്.


Click it and Unblock the Notifications








