ഇലക്‌ട്രിക് കാറുകളിലെ കടൽസിംഹം! 11 എയർബാഗുമായി ബിവൈഡിയുടെ സീലയൺ ഇ-എസ്‌യുവി
ഇന്ത്യയിലെ ഇലക്‌ട്രിക് കാർ വിപണിയിൽ സജീവമാവുകയാണ് ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി. നിലവിൽ അൽപം പ്രീമിയം മോഡലുകളാണ് പുറത്തിറക്കുന്നതെങ്കിലും ആളുകളെല്ലാം വാങ്ങാനെത്തുന്നുണ്ടെന്നതാണ് സത്യം. നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്സ്പോയിൽ ഇന്ത്യക്കായുള്ള നാലാമത്തെ വൈദ്യുത വാഹനത്തെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 2025 മാർച്ചോടെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിക്കായുള്ള ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചതായും ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ബിൽഡ് യുവർ ഡ്രീംസ് പ്രഖ്യാപിച്ചു. താത്പര്യമുള്ളവർക്ക് 70,000 രൂപ ടോക്കൺ തുക അടച്ച് ഓൾ-ഇലക്ട്രിക് കൂപ്പെ-എസ്‌യുവി പ്രീ-ബുക്ക് ചെയ്‌തിടാം.
ഫെബ്രുവരി 17-ാം തീയതിക്കകം സീലയൺ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ബിവൈഡി അധിക ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. 70,000 രൂപ ബുക്കിംഗിനായി മുടക്കുന്നവർക്ക് 70,000 രൂപ വില കുറച്ച് കൊടുക്കാനാണ് ചൈനീസ് വാഹന നിർമാതാക്കളുടെ തീരുമാനം. 7 വർഷത്തെ അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വാറണ്ടിയും സൗജന്യ ഇൻസ്റ്റാളേഷനോടുകൂടി ഫ്രീ 7kW എസി ചാർജറും വാഹനത്തിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

പക്ഷേ ഇത് ഫെബ്രുവരി 17-ന് മുമ്പ് വാഹനം ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ബാധകമാവുക. സീലയൺ 7 ഇവിയുടെ ആദ്യ 70 യൂണിറ്റുകളുടെ ഡെലിവറികൾ 2025 മാർച്ച് 7 മുതൽ ആരംഭിക്കുമെന്നാണ് ബിൽഡ് യുവർ ഡ്രീംസ് അറിയിച്ചിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ഇലക്ട്രിക് എസ്‌യുവി ബിവൈഡിയുടെ ഓഷ്യൻ എക്സ് സ്റ്റൈലിംഗിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്.
മികച്ച ഫാസ്റ്റ്ബാക്ക് ഡിസൈൻ, ലോ-സ്ലംഗ് ബോണറ്റ് ഘടന, സമുദ്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചില ഘടകങ്ങൾ, എയറോഡൈനാമിക് കോണ്ടൂർസ്, എന്നിവയെല്ലാം ഇലക്ട്രിക് എസ്‌യുവിയെ കിടിലമാക്കുന്ന സംഗതികളാണ്. കോസ്മോസ് ബ്ലാക്ക്, അറ്റ്ലാന്റിസ് ഗ്രേ, അറോറ വൈറ്റ്, ഷാർക്ക് ഗ്രേ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഇന്ത്യയിൽ സീലയൺ 7 വാഗ്ദാനം ചെയ്യുന്നത്. 4.8 മീറ്ററിലധികം നീളമുള്ള വാഹനത്തിന് 2,930 മില്ലീമീറ്റർ വീൽബേസാണുള്ളത്.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ മറ്റ് ബിവൈഡി മോഡലുകളിൽ നിന്ന് പരിചിതമായ 15.6 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീൻ, ഫ്ലോട്ടിംഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മെമ്മറി ഫംഗ്‌ഷനോടുകൂടിയ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, സൺഷെയ്ഡുള്ള പനോരമിക് ഗ്ലാസ് റൂഫ്, 50W വയർലെസ് ഫോൺ ചാർജർ, ഹെഡ്‌സ്-അപ്പ്-ഡിസ്‌പ്ലേ, കണക്റ്റഡ് കാർ ടെക്, പവർഡ് ടെയിൽഗേറ്റ്, V2L പോലുള്ള അതിഗംഭീര ഫീച്ചറുകളോടെയാണ് ഇവി വിപണിയിലേക്ക് എത്തുന്നത്.
സേഫ്റ്റിയിലേക്ക് വന്നാൽ 11 എയർബാഗുകൾ ഒരു ADAS സ്യൂട്ട് എന്നിവയാൽ സമ്പന്നമാക്കിയാണ് ബിവൈഡി സീലയൺ 7 ഇലക്ട്രിക് എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്. 58 ലിറ്റർ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ഫ്രങ്കും ഇതിന് ലഭിക്കുന്നുണ്ട്. ബൂട്ട് സ്പേസ് 520 ലിറ്ററാണെങ്കിലും പിൻ സീറ്റുകൾ മടക്കിവെച്ചാൽ 1789 ലിറ്ററായി വികസിപ്പിക്കാനാവുമെന്നും കമ്പനി പറയുന്നു. 82.5kWh LFP ബ്ലേഡ് ബാറ്ററി പായ്ക്കോട് കൂടിയാണ് വണ്ടി ഒരുക്കിയിരിക്കുന്നത്.

പ്രീമിയം, പെർഫോമൻസ് എന്നീ രണ്ട് വേരിയന്റുകളും ഇലക്ട്രിക് എസ്‌യുവിയിലുണ്ടാവും. രണ്ടും ഒരേ ബാറ്ററി പായ്ക്കിലാണ് വാഗ്ദാനം ചെയ്യുന്നതെങ്കിലും പവർ കണക്കുകളിൽ വ്യത്യാസമുണ്ടാവും. സീലയൺ 7 പ്രീമിയം വേരിയന്റ് 313 bhp പവറിൽ 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള റിയർ-വീൽ ഡ്രൈവ് കോൺഫിഗറേഷനിലാണ് വരുന്നത്. അതേസമയം പെർഫോമൻസ് വേരിയന്റിന് 530 bhp കരുത്തിൽ 690 Nm torque നൽകാനാവും.
ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനോടെയാണ് സീലയൺ 7 പ്രീമിയം മോഡൽ വരുന്നത്. പ്രീമിയം വേരിയന്റിന് 6.7 സെക്കൻഡും പെർഫോമൻസ് വേരിയന്റിന് 4.5 സെക്കൻഡും കൊണ്ട് 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. സീലയൺ പ്രീമിയം 567 കിലോമീറ്റർ റേഞ്ച് നൽകുമ്പോൾ മറുവശത്ത് പെർഫോമൻസ് വേരിയന്റ് ഒറ്റ ചാർജറിൽ 542 കിലോമീറ്റർ വരെ റേഞ്ചാണ് സിംഗിൾ ചാർജിൽ തരുന്നത്.
സീലിയൻ 7 ഇലക്ട്രിക് എസ്‌യുവി സീൽ സെഡാന് മുകളിലായി ബിവൈഡി സ്ഥാപിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഇവിക്ക് ഏകദശം 60 ലക്ഷം രൂപയോളം എക്സ്ഷോറൂം വില വവരുമെന്നാണ് അനുമാനം. വലിപ്പത്തിലും സ്പെസിഫിക്കേഷനുകളിലും ഇതിന് ഇന്ത്യയിൽ നേരിട്ട് എതിരാളികളുണ്ടാവില്ലെന്നത് നല്ല സൂചനയാണ്. പക്ഷേ കിയ EV6 പോലുള്ള സമാന വിലയുള്ള മോഡലുകളുമായി മത്സരിക്കേണ്ടി വന്നേക്കും.


Click it and Unblock the Notifications








