ഈ ഫീച്ചർ ഇല്ലാത്ത ഒരു കാർ ഇനിയെങ്കിലും വാങ്ങരുത്! 10 ലക്ഷം ബജറ്റിൽ ഇത്രയും അടിപൊളി വണ്ടികൾ കിട്ടും
ഫീച്ചറുകളുടെ എണ്ണം നോക്കി കാർ വാങ്ങുന്നവരുടെ എണ്ണം അടുത്തകാലത്തായി കൂടി വരുന്നുണ്ട്. പണ്ട് ബേസ് മോഡലുകൾക്കായിരുന്നു കൂടുതൽ ഡിമാന്റ് എങ്കിൽ ഇപ്പോൾ കാര്യങ്ങളെല്ലാം മാറിമറിഞ്ഞിട്ടുണ്ട്. നല്ല ഫീച്ചറുകളുള്ള വേരിയന്റുകളും കാറുകളുമാണ് ആളുകൾ തേടിനടക്കുന്നത്. അതിൽ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സൺറൂഫ്, 360 ഡിഗ്രി ക്യാമറ എന്നിവയെല്ലാമാണ് ആളുകൾക്ക് കൂടുതലും വേണ്ടത്. ഒപ്പം നിലവിലെ കാറുകളിൽ അത്യാവശ്യമായി മാറിയിരിക്കുന്ന സുരക്ഷാ സവിശേഷതകളിൽ ഒന്നാണ് ക്രൂയിസ് കൺട്രോൾ. നേരത്തെ ആഡംബര കാറുകളിൽ മാത്രം കണ്ടിട്ടുള്ള ഈ ഡ്രൈവർ സഹായ സവിശേഷത ഇന്ന് നമ്മുടെ ബജറ്റ് ഫ്രണ്ട്‌ലി വാഹനങ്ങളിലും വരെ എത്തിത്തുടങ്ങിയതോടെ കാര്യങ്ങൾ കൂടുതൽ അടിപൊളിയായിട്ടുണ്ട്.
പ്രത്യേകിച്ച് ഹൈവേകളിലൂടെയുള്ള യാത്രകളിലാണ് ഈയൊരു ഫീച്ചർ സഹായകരമാവുന്നത്. വാഹനത്തിന്റെ വേഗത സ്വയം നിയന്ത്രിക്കുന്ന സംവിധാനമാണ് ക്രൂയിസ് കൺട്രോൾ. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ വേഗം നിശ്ചിത അളവിൽ സെറ്റ് ചെയ്യുന്ന രീതിയാണിത് എന്നും പറയാം. ഇത്തരത്തിൽ കാർ സ്ഥിരമായ വേഗതയിൽ ഓടിക്കുമ്പോൾ ആക്‌സിലറേറ്റർ ചവിട്ടിപ്പിടേണ്ട ആവശ്യമില്ലെന്നതാണ് ഇതിന്റെ ഗുണം.

ഹൈവേ യാത്രകളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ ഫീച്ചർ, ഡ്രൈവറുടെ അശ്രദ്ധ മൂലമുണ്ടാകുന്ന അപകടങ്ങൾ തടയുക മാത്രമല്ല, കാർ സ്ഥിരമായ വേഗതയിൽ ഓടിക്കാനും കാറിൽ നിന്ന് കൂടുതൽ മൈലേജ് നേടാനും സഹായിക്കും. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മോഡലുകളിൽ വരെ ഈയൊരു സവിശേഷത വന്നെത്തിയിട്ടുണ്ട്. അത്തരത്തിൽ ക്രൂയിസ് കൺട്രോൾ ലഭിക്കുന്ന പത്ത് ലക്ഷം ബജറ്റിലുള്ള കാറുകൾ ഏതെല്ലാമെന്ന് നോക്കിയാലോ?
റെനോ ട്രൈബർ: ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനാവുന്ന 7-സീറ്റർ എംപിവിയാണിത്. ബജറ്റ് ഫ്രണ്ട്ലിയാണെങ്കിലും ഫീച്ചറുകളിലൊന്നും യാതൊരു വിധ കുറവുകളും വരുത്താതെയാണ് ട്രൈബറിനെ ഫ്രഞ്ച് വാഹന നിർമാതാക്കൾ ഒരുക്കിയെടുത്തിരിക്കുന്നത്. അടുത്തിടെ മുഖംമിനുക്കിയെത്തിയ എംപിവിയിൽ ക്രൂയിസ് കൺട്രോൾ സംവിധാനവും റെനോ ഒരുക്കിയിട്ടുണ്ട്. 6.30 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന മോഡലിന്റെ ടോപ്പ് എൻഡ് മോഡലിലാണ് ക്രൂയിസ് കൺട്രോൾ ലഭിക്കുക. ഇതിന് 8.65 ലക്ഷമാണ് വില വരുന്നത്.

ടാറ്റ ടിഗോർ: അധികം ജനപ്രിയനല്ലെങ്കിലും കൊടുക്കുന്ന കാശ് ഒരിക്കലും നഷ്‌ടപ്പെട്ടുവെന്ന് തോന്നിപ്പിക്കില്ലാത്ത അടിപൊളിയൊരു സെഡാനാണിത്. ടിഗോറിന്റെ വിൽപ്പന സമീപകാലത്ത് കുറഞ്ഞുവരികയാണെങ്കിലും ഇന്നും മോഡേൺ ഫീച്ചറുകളാൽ സമ്പന്നനാണ് ടാറ്റയുടെ കുഞ്ഞൻ സെഡാൻ. കുറഞ്ഞ വിലയ്ക്ക് ക്രൂയിസ് കൺട്രോൾ ലഭ്യമാവുന്ന കാർ തിരയുന്നവർക്ക് ടിഗോർ കണ്ണുംപൂട്ടി വാങ്ങിക്കാം. XZ പ്ലസ് വേരിയന്റിൽ നിന്നാണ് ക്രൂയിസ് കൺട്രോൾ ഫീച്ചർ ലഭ്യമാകുന്നത്. ഈ വേരിയന്റിന്റെ എക്സ്ഷോറൂം വില 8 ലക്ഷം രൂപയാണ്.
സിട്രൺ C3: ഒരു ചെറിയ കാർ വാങ്ങാനാണ് താത്പര്യമെങ്കിലും സ്റ്റൈലിഷ് ആയിരിക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ടാവും അല്ലേ. അത്തരക്കാർക്ക് പറ്റിയ വണ്ടിയാണ് സിട്രൺ C3. വെറും 7.91 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഈ കാറിന്റെ ഷൈൻ X വേരിയന്റ് മുതൽ ക്രൂയിസ് കൺട്രോൾ ഉണ്ടെന്നതും ആകർഷകമായ കാര്യമാണ്. എസ്‌യുവി സ്റ്റൈലിലുള്ള ഹാച്ച്ബാക്കിന് അടുത്തിടെ C3 X എന്ന പേരിൽ അടുത്തിടെ പുതിയൊരു വേരിയന്റും ലഭിച്ചിരുന്നു. ഇതിലും ക്രൂയിസ് കൺട്രോൾ ലഭ്യമാണ്.

മാരുതി സുസുക്കി ബലേനോ: ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാറുകളിൽ ഒന്നാണ് ബലേനോ. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ആൽഫ വേരിയന്റ് ക്രൂയിസ് കൺട്രോളോടെ ലഭ്യമാണ്. മാനുവൽ, എജിഎസ് ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമായ ബലേനോ ആൽഫയുടെ നിലവിലെ എക്സ്ഷോറൂം വില യഥാക്രമം 9.46 ലക്ഷം രൂപയും 9.96 ലക്ഷം രൂപയുമാണ്.
മഹീന്ദ്ര XUV 3XO: കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ മാരുതി ബ്രെസ, ടാറ്റ നെക്സോൺ പോലുള്ള വമ്പൻമാരോട് ഏറ്റുമുട്ടാൻ മഹീന്ദ്ര കൊണ്ടുവന്ന മോഡലാണ് XUV 3XO. ഇതിന്റെ മിഡ് MX3 വേരിയന്റിൽ നിന്നാണ് ക്രൂയിസ് കൺട്രോൾ ലഭ്യമാകുന്നത്. ഈ വേരിയന്റിന്റെ എക്സ്ഷോറൂം വില 9.74 ലക്ഷം രൂപയാണ്. കൂടാതെ 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള MX3 പ്രോ വേരിയന്റിലും ക്രൂയിസ് കൺട്രോൾ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








