10 ലക്ഷം രൂപയിൽ താഴെ ഇത്രയും കാറുകളിൽ ഈയൊരു ഫീച്ചർ കിട്ടും! ഇനിയെങ്കിലും വണ്ടി വാങ്ങുമ്പോൾ ഇതൊക്കെ പരിഗണിക്കാം
നിലവിൽ എല്ലാ കാറുകളിലും കണ്ടുവരുന്നൊരു അടിസ്ഥാന കാര്യമായി മാറിയിരിക്കുകയാണ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. വാഹനത്തെ കുറിച്ചുള്ള ഒന്നിലധികം വിവരങ്ങൾ പ്രദർശിപ്പിക്കാനും വിനോദത്തിനായുമാണ് ഇവ ഉപകരിക്കുന്നത്. മാരുതിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ആൾട്ടോ K10 മുതലുള്ള കാറുകളിൽ ഈയൊരു ഫീച്ചർ എത്തിത്തുടങ്ങിയിട്ട് കാലം ഇമ്മിണിയായി. ആയതിനാൽ ഈയൊരു ഫീച്ചറില്ലാത്ത വണ്ടികളോട് ആർക്കും വലിയ കമ്പമില്ലെന്നതാണ് സത്യവും. ഇനി വാങ്ങുന്ന വേരിയന്റിൽ ഇല്ലെങ്കിൽ ആഫ്റ്റർമാർക്കറ്റ് ടച്ച്സ്ക്രീൻ പോയി ഫിറ്റ് ചെയ്യുന്നതും വാഹനപ്രേമികളുടെ സ്ഥിരം കലാപരിപാടിയാണ്. സ്മാർട്ട്‌ഫോണുകളുടെ വളർച്ചയാണ് കാറിനുള്ളിൽ ഈയൊരു ഫീച്ചർ വാഗ്ദാനം ചെയ്യാനും കാരണമായിരിക്കുന്നത്.
ചെറിയ വലിപ്പമുള്ള സ്ക്രീനും വാങ്ങുന്നവർക്ക് അത്ര താത്പര്യമുള്ള കാര്യമല്ല, ടിവി പോലെ വലിപ്പം കിട്ടിയാൽ അത്രയും സന്തോഷം. 10 ലക്ഷം രൂപയ്ക്ക് നല്ല വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്ന കാറുകൾ ഇഷ്‌ടം പോലെയുണ്ട്. ഈയൊരു ബജറ്റിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും സൈസുള്ള സ്ക്രീനുകൾ 10.25 ഇഞ്ചാണ്. ആയതിനാൽ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനുകളുള്ള കാറുകൾ ഏതൊക്കെയാണെന്ന് നോക്കിലായോ?

ടാറ്റ ടിയാഗോ: ടാറ്റ മോട്ടോർസിന്റെ ഇന്ത്യയിലെ എൻട്രി ലെവൽ മോഡലായ ടിയാഗോയിൽ ഈയൊരു ഫീച്ചർ ലഭിക്കും. ഹാച്ച്ബാക്കിന്റെ 7 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന XZ വേരിയന്റ് മുതലാണ് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം കുറേയേറെ ഫീച്ചറുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. പിന്നെ 4-സ്റ്റാർ സേഫ്റ്റി കൂടിയാവുമ്പോൾ സംഗതി കളറാവും.
സിട്രൺ C3: ടാറ്റ ടിയാഗോയ്ക്ക് സമാനമായി ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപ വിലയിൽ താഴെ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നൽകുന്ന മറ്റൊരു മോഡലാണ് എസ്‌യുവി സ്റ്റൈലുള്ള ഹാച്ച്ബാക്കായ C3. മോഡലിന്റെ ബേസ് മോഡൽ ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ഫ്രഞ്ച് വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്.

എംജി കോമെറ്റ്: ടാറ്റ ടിയാഗോ ഇലക്ട്രിക് ഹാച്ച്ബാക്കുമായി മത്സരിക്കാൻ എംജി മോട്ടോർ കുറഞ്ഞ വിലയിൽ പുറത്തിറക്കിയ മൈക്രോ ഇവിയാണ് കോമെറ്റ്. വളരെ ലളിതമായ രീതിയിൽ ഡിസൈൻ ചെയ്‌തിരിക്കുന്ന വാഹനം സിറ്റി ഡ്രൈവിംഗിനും മറ്റും അനുയോജ്യമായ കാറാണ്. കോമെറ്റ് ഇവിയുടെ എക്‌സൈറ്റ് വേരിയന്റ് മുതൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനോടെയാണ് വിപണിയിൽ എത്തുന്നത്.
ടാറ്റ പഞ്ച്: ടാറ്റയുടെ മൈക്രോ എസ്‌യുവിയായി രാജ്യത്ത് തരംഗമായ പഞ്ചിന്റെ അക്കംപ്ലിഷ്ഡ് പ്ലസ് വേരിയന്റ് മുതൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ലഭിക്കുന്നുണ്ട്. ഇതിന്റെ എക്‌സ്ഷോറൂം വില 8.50 ലക്ഷം രൂപയോളമാണ് വരുന്നത്. ഒപ്പം 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും കൂടി ലഭിക്കുമ്പോൾ കണ്ണുംപൂട്ടി കമ്പനിയുടെ കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തെ സ്വന്തമാക്കാം.

ഹ്യുണ്ടായി i20: ഈ ലിസ്റ്റിലെ ഏറ്റവും വിലയേറിയ കാറാണിത്. പക്ഷേ കൊടുക്കുന്ന പൈസയ്ക്കുള്ള എല്ലാത്തരം ഫീച്ചറുകളും കുത്തിനിറച്ചാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അവരുടെ പ്രീമിയം ഹാച്ച്ബാക്കിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ആസ്റ്റ ഓപ്ഷണൽ വേരിയന്റ് മുതൽ i20-യിൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കും. ഇതിന് ഏകദേശം 10 ലക്ഷം രൂപയോളമാണ് എക്സ്ഷോറൂം വില വരുന്നത്.
മഹീന്ദ്ര XUV 3XO: മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയതും മികച്ച സ്വീകാര്യത നേടിയതുമായ എസ്‌യുവിയുടെ ബേസ് MX1 മോഡൽ ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ലഭിക്കും. ഈ സ്‌ക്രീനുള്ള XUV 3XO കോംപാക്ട് എസ്‌യുവിയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില 9.99 ലക്ഷം രൂപയാണ്. അതോടൊപ്പം മറ്റനേകം മോഡേൺ ഫീച്ചറുകളാലും വാഹനം സമ്പന്നമാണ്.


Click it and Unblock the Notifications








