ഓടിക്കാൻ അന്യായ ഫീലായിരിക്കും, 10 ലക്ഷത്തിനുള്ളിൽ റിയർ വീൽ ഡ്രൈവുള്ള കാറുകൾ വാങ്ങിയാലോ
നമ്മൾ ഉപയോഗിക്കുന്ന ഭൂരിഭാഗം കാറുകളും ഫ്രണ്ട് വീൽ ഡ്രൈവ് മോഡലുകളായിരിക്കും. എന്തുകൊണ്ടായിരിക്കും ഇന്ത്യയിലെ മിക്ക വാഹനങ്ങളും ഈയൊരു സംവിധാനത്തിൽ പുറത്തിറങ്ങുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? FWD ലേഔട്ടുള്ള കാറുകളും എസ്‌യുവികളും നിർമിക്കാൻ എളുപ്പവും ചെലവ് കുറഞ്ഞതുമാണ് എന്നതു തന്നെയാണ് ഇതിന്റെ പിന്നിലെ രഹസ്യം. എന്നാൽ യൂട്ടിലിറ്റി വാഹനങ്ങൾ, എസ്‌യുവികൾ, പ്രീമിയം സെഡാനുകൾ, സ്‌പോർട്‌സ് കാറുകൾ എന്നിവയിൽ റിയർ-വീൽ ഡ്രൈവ് സജ്ജീകരണവും ഉണ്ടാവാറുണ്ട്. പക്ഷേ നമ്മുടെ അത്ര സാധാരണമല്ലെന്ന് മാത്രം. വിലകൂടിയ ആഡംബര കാറുകളിലാണ് റിയർ-വീൽ-ഡ്രൈവ് സംവിധാനങ്ങൾ കൂടുതലും നൽകുന്നത്.
കാരണം ഒരു കാറിൽ റിയർ-വീൽ-ഡ്രൈവ് സംവിധാനം ഒരുക്കുന്നതിന് കാറിൽ അതിനനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. റിയർ-വീൽ-ഡ്രൈവ് (RWD) കാറുകൾ ഓടിച്ചിട്ടുള്ളവർക്ക് അവ ഓടിക്കുന്നത് എത്ര രസകരമാണെന്ന് അറിയാം. എങ്കിലും 10 ലക്ഷം രൂപയിൽ താഴെ വിലയിലും ചില മോഡലുകളിൽ RWD സെറ്റപ്പ് ലഭിക്കുമെന്നത് പലർക്കും അറിയില്ല. അത് ഏതെല്ലാം കാറുകളാണെന്ന് പറഞ്ഞുതരാം.

മാരുതി ഈക്കോ: രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയിൽ റിയർ വീൽ ഡ്രൈവ് ഓപ്ഷൻ വാഗ്‌ദാനം ചെയ്യുന്ന കാറാണ് മാരുതി സുസുക്കിയുടെ ഈക്കോ വാൻ. പാസഞ്ചർ ആവശ്യങ്ങളേക്കാൾ കൂടുതൽ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മോഡൽ ഒമ്‌നിയുടെ പിൻഗാമിയാണെന്ന് വേണമെങ്കിലും പറയാം. പക്ഷേ ചെറിയ വിലയിൽ ഒരു RWD ഓപ്ഷനും 7-സീറ്റർ കോൺഫിഗറേഷനും വേണമെന്നുള്ളവർക്ക് കണ്ണുംപൂട്ടി ഈക്കോ വാങ്ങാം.
RWD സജ്ജീകരണമുള്ള 1.2 ലിറ്റർ, NA പെട്രോൾ എഞ്ചിനാണ് വാനിന്റെ ഹൃദയം. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്ന വാഹനത്തിന് 6.96 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. റിക്ലൈനിംഗ് ഫ്രണ്ട് സീറ്റുകൾ, ക്യാബിൻ എയർ ഫിൽട്ടർ, പുതിയ ബാറ്ററി സേവർ ഫംഗ്‌ഷനോടുകൂടിയ ഡോം ലാമ്പ്, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ സ്റ്റിയറിംഗ് വീൽ, എസിക്കും ഹീറ്ററിനും റോട്ടറി കൺട്രോളുകൾ തുടങ്ങിയ ഫീച്ചറുകളോടെയാണ് മാരുതി സുസുക്കി ഈക്കോ ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

എംജി കോമെറ്റ്: രാജ്യത്തെ ഇലക്‌ട്രിക് കാർ വിപണിയിൽ പുതുയുഗം കുറച്ച മോഡലാണ് ഈ കൊച്ചുകാർ. കുറഞ്ഞ വിലയ്ക്ക് റിയർ-വീൽ-ഡ്രൈവ് സംവിധാനമുള്ള ഒരു ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കോമെറ്റ് ഇവി അനുയോജ്യമാണ്. ഡിസൈൻ തന്നെയാണ് ഇവി ഇത്രയും വ്യത്യസ്തമാകാൻ കാരണം. നിലവിൽ 7.50 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിൽ നിന്നാണ് ആരംഭിക്കുന്നത്.
എംജി കോമെറ്റിന് കരുത്തേകുന്നത് 17.3 കിലോവാട്ട് ബാറ്ററി പായ്ക്കാണ്. പിഎംഎസ്എം ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന ഇത് റിയർ വീലിലേക്കാണ് പവർ കൈമാറുന്നതും. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായി ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകളുമായാണ് വരുന്നത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കീലെസ് എൻട്രി, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, USB പോർട്ടുകൾ, 55 കണക്റ്റഡ് ഫീച്ചറുകൾ, TPMS, റിവേഴ്സ് ക്യാമറ തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

മഹീന്ദ്ര ബൊലേറോ നിയോ: TUV300 മുഖംമിനുക്കിയെത്തിയപ്പോൾ സ്വീകരിച്ച പേരാണ് ബൊലേറോ നിയോ. സബ്-കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ റിയർ വീൽ ഡ്രൈവ് ഓപ്ഷൻ നൽകുന്ന ഒരേയൊരു എസ്‌യുവി കൂടിയാണിത്. ലാറ്റിസ്-ഫ്രെയിം ഷാസിയിൽ നിർമിച്ചിരിക്കുന്ന മോഡലിന് 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന 1.5 എഞ്ചിന് 74.9 bhp കരുത്തിൽ പരമാവധി 210 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ജനകീയമായെങ്കിലും ബൊലേറോയിൽ ഇതുവരെ ഈയൊരു സംവിധാനം മഹീന്ദ്ര വാഗ്‌ദാനം ചെയ്യാൻ തയാറായിട്ടില്ല. 9.97 ലക്ഷം ലക്ഷം രൂപ മുതലാണ് മഹീന്ദ്ര ബൊലേറോ നിയോയ്ക്ക് വരുന്ന എക്സ്ഷോറൂം വില. 10 ലക്ഷം രൂപയിൽ താഴെ വിലയിൽ RWD ഓപ്ഷനുമായി വരുന്ന ഇന്ത്യൻ വിപണിയിലെ മോഡലുകളാണിവ. ടെസ്റ്റ് ഡ്രൈവ് ചെയ്‌ത് FWD മോഡലുകളുമായുള്ള വ്യത്യാസം മനസിലാക്കിയാൽ ഏത് വാങ്ങണമെന്ന കൺഫ്യൂഷൻ മാറിക്കിട്ടും.


Click it and Unblock the Notifications








