പെട്ടികൾ എത്രവേണേലും എടുത്തോ, ഇഷ്‍ടംപോലെ ലഗേജ് സ്പേസുള്ള മിഡിൽ ക്ലാസുകാരന് പറ്റിയ കാറുകൾ; അതും 10 ലക്ഷത്തിന്
കാർ വാങ്ങുക എന്നത് ഏതൊരു മനുഷ്യനേയും സംബന്ധിച്ച് വലിയൊരു സ്വപ്‌നമായിരിക്കും. യാത്ര ചെയ്യുക എന്നൊരു ഒറ്റ ഉദ്ദേശം മാത്രമായിരിക്കില്ല കാർ വാങ്ങുന്നതിലൂടെ മലയാളികൾ ഉന്നംവെക്കുന്നത്. സാഹചര്യം വന്നാൽ അത്യാവിശ്യം വേണ്ടുന്ന സാധനങ്ങൾ കയറ്റി യാത്ര ചെയ്യാനും പറ്റുന്ന വിധത്തിലുള്ള വണ്ടികളായിരിക്കും മിഡിൽ ക്ലാസുകാരന് താത്പര്യം. അതിനാൽ ബൂട്ട് സ്പേസുള്ള മോഡലുകൾ നോക്കി വാങ്ങുന്നത് മിക്കവർക്കും ഒരു ആശ്യമാണ്. ഒരുനീണ്ട യാത്രയ്ക്ക് തയാറെടുക്കുകയാണെങ്കിൽ തുണിയും സാധനങ്ങളുമെല്ലാം കുത്തിനിറക്കുന്നത് മലയാളികളുടെ വിനോദമാണ്. ഇടയ്ക്കിടെ യാത്ര പോവുന്നവർക്ക് ഇക്കാര്യം കൃത്യമായി മനസിലാക്കാനും കഴിയും.
4 പേർ ഒന്നിച്ച് യാത്ര ചെയ്യാൻ ഇറങ്ങിയാൽ 4 പെട്ടിയെങ്കിലും മിനിമം കാണുമല്ലോ. അതിനാൽ ഇതെല്ലാം ഭദ്രമായി ഒപ്പംകൂട്ടാൻ ഉദാരമായ സ്പേസ് ഡിക്കിയിൽ ആവശ്യമാണ്. ഇത്തരക്കാർക്ക് ബൂട്ട് സ്പേസില്ലാത്ത കാറുകൾ ഒരിക്കലും അനുയോജ്യമായിരിക്കില്ല. അതിനാൽ താൻ വാങ്ങുന്ന പുത്തൻ വാഹനത്തിൽ ഈയൊരു കാര്യം നിർബന്ധമായും വേണമെന്ന് വാശിയുള്ളവരായിരിക്കാം ഭൂരിഭാഗം മലയാളികളും.

പക്ഷേ ബജറ്റ് അവിടെയൊരു വില്ലനായി വന്നേക്കാം. വലിയ ബൂട്ട് സ്പേസ് ലഭിക്കുന്ന മോഡലുകൾക്ക് ധാരാളം പണം ചെലവഴിക്കേണ്ടതായി വരുമോയെന്ന ആശങ്ക പലരിലും ഉണ്ടാവും. വലിയ പൈസയൊന്നും മുടക്കി കാർ വാങ്ങാനില്ലാത്ത മിഡിൽ ക്ലാസുകാരന്റെ ബജറ്റ് തീർത്തും ചെറുതായിരിക്കും. ഏറിപ്പോയാൽ 10 ലക്ഷം ബജറ്റിട്ടാവും ഇത്തരക്കാർ വാഹനം വാങ്ങാൻ പദ്ധതിയിടുക അല്ലേ. ഈ വിലയിലും നിങ്ങളുടെ ആവശ്യം നിറവേറ്റാൻ കഴിയുന്ന അനവധി മോഡലുകൾ ഇപ്പോൾ വാങ്ങാനാവും. അത് ഏതൊക്കെയെന്ന് പറഞ്ഞുതരാം.
റെനോ ട്രൈബർ: ഇന്ത്യയിൽ വാങ്ങാൻ പറ്റുന്ന ഏറ്റവും ബജറ്റ് ഫ്രണ്ട്ലി 7-സീറ്റർ വാഹനമാണിത്. മൂന്നാംനിരയിലെ സീറ്റ് മടക്കിയില്ലെങ്കിൽ 84 ലിറ്റർ ബൂട്ട് സ്പേസാണ് റെനോ ട്രൈബറിന് ലഭിക്കുക. എന്നാൽ പിൻനിരയിലെ സീറ്റ് മടക്കി വെച്ചാൽ 625 ലിറ്റർ ബൂട്ട് സ്പേസ് ഉപയോഗപ്പെടുത്താനാവുമെന്നതാണ് രസകരമായ കാര്യം. അങ്ങനെ 5-സീറ്റർ മോഡലായി ഉപയോഗിക്കുകയാണെങ്കിൽ നല്ലൊരു ഫാമിലി എംപിവിയായി ഇതിനെ കൊണ്ടുനടക്കാം.

71 bhp കരുത്തിൽ പരമാവധി 96 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് റെനോ ട്രൈബറിന്റെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനാണ് ഈ കോംപാക്‌ട് എംപിവിയിൽ വാഗ്ദാനം ചെയ്യുന്നത്. 6.15 ലക്ഷം മുതൽ 8.98 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത്. 10 ലക്ഷം ബജറ്റിൽ വാങ്ങാൻ പറ്റുന്ന ഏറ്റവും വലിയ ബൂട്ട് സ്പേസുള്ള കാറാണിത്.
മാരുതി എർട്ടിഗ: ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നുമില്ലാത്ത കാറാണ് മാരുതി സുസുക്കിയുടെ ഈ എംപിവി. നല്ല ലഗേജ് സ്പേസ് ലഭിക്കുന്ന എർട്ടിഗയുടെ ബേസ് മോഡലാണെങ്കിൽ 10 ലക്ഷം രൂപയിൽ താഴെ ലഭിക്കുകയും ചെയ്യും. മൂന്നാംനിര സീറ്റുകൾ മടക്കിവെക്കുകയാണെങ്കിൽ പരമാവധി 550 ലിറ്റർ ബൂട്ട് സ്പേസ് ഉടമകൾക്ക് ഉപയോഗിക്കാൻ കഴിയും.

ഹോണ്ട അമേസ്: ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ബൂട്ട് സ്പേസ് വാഗ്‌ദാനം ചെയ്യുന്ന മറ്റൊരു കാറാണ് ജാപ്പനീസ് ബ്രാൻഡിന്റെ ഈ കോംപാക്‌ട് സെഡാൻ. 420 ലിറ്റർ ലഗേജ് സ്പേസാണ് മോഡലിന് ലഭിക്കുന്നത്. ഇതോടൊപ്പം നല്ല ഇന്റീരിയർ സ്പേസും യാത്രാ സുഖവും കൂടിയാവുന്നതോടെ മുടക്കുന്ന പൈസ വസൂലാണ് കേട്ടോ. 8.14 ലക്ഷം മുതലാണ് അമേസിന്റെ എക്സ്ഷോറൂം വില തുടങ്ങുന്നത്.
റെനോ കൈഗർ: കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ അധികമാരും ശ്രദ്ധിക്കാതെ പോയ മോഡൽ ബൂട്ട് സ്പേസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചയ്ക്ക് തയാറല്ലാത്തവർക്ക് പറ്റിയ വാഹനമാണ്. 405 ലിറ്ററിന്റെ സാധാനങ്ങൾ വരെ കയറ്റി യാത്ര ചെയ്യാനാവുന്ന കൈഗറിന് 6.15 ലക്ഷം മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. കൂടുതൽ പ്രായോഗികതയ്ക്കായി എസ്‌യുവിക്ക് 60:40 സ്പ്ലിറ്റ് റിയർ സീറ്റുകളും ലഭിക്കുന്നുണ്ട്.

ഹ്യുണ്ടായി ഓറ: ഈ വിഭാഗത്തിൽ അധികമാരും പ്രതീക്ഷിക്കാത്തൊരു കാറാവാം ഇത്. ടാക്‌സിയോടുന്നവർക്കെല്ലാം വളരെ ഇഷ്‌ടമുള്ള ഹ്യുണ്ടായിയുടെ കോംപാക്‌ട് സെഡാൻ 402 ലിറ്റർ ബൂട്ട് സ്പേസാണ് വാഗ്‌ദാനം ചെയ്യുന്നത്. ഒന്നിലധികം സ്യൂട്ട്കേസുകളും ബാഗുകളും ഉൾപ്പെടെ ലഗേജുകൾ എളുപ്പത്തിൽ കൊണ്ടുപോവാൻ പറ്റിയ ബജറ്റ് ഫ്രണ്ട്ലി കാറുകളിൽ ഒന്നായ ഇതിന് 6.54 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.
കിയ സോനെറ്റ്: സബ്-4 മീറ്റർ എസ്‌യുവി നിരയിൽ കൈഗറിനോട് മത്സരിക്കുന്ന സോനെറ്റും 10 ലക്ഷം രൂപ ബജറ്റിൽ ലഭിക്കുന്ന നല്ല ബൂട്ട് സ്പേസുള്ള മോഡലുകളിൽ ഒന്നാണ്. 392 ലിറ്റർ ലഗേജ് സ്പേസും 60:40 സ്പ്ലിറ്റ് റിയർ സീറ്റുകളുമുള്ള കിയയുടെ കുഞ്ഞൻ ലോംഗ് ട്രിപ്പുകൾക്കെല്ലാം തികച്ചും അനുയോജ്യമാണ്. 8 ലക്ഷം രൂപ മുതലാണ് ഇതിന്റെ പ്രാരംഭ വില വരുന്നത് എന്നതിനാൽ മിഡിൽ ക്ലാസുകാരന് തികച്ചും അനുയോജ്യമായ കാർ കൂടിയാണ് സോനെറ്റ്.


Click it and Unblock the Notifications








