7-സീറ്ററിൽ വരെ വാങ്ങാം, വിലയോ 8.29 ലക്ഷം മുതൽ! എന്നിട്ടും ഈ എസ്‌യുവി പോയമാസം വാങ്ങിയത് ആകെ 59 പേർ
സിട്രൺ എന്ന് കേൾക്കുമ്പോൾ ഇന്ത്യക്കാർക്ക് വലിയ ഫീലിംഗ്‌സ് ഒന്നും തോന്നുകയില്ലെങ്കിലും യൂറോപ്പ് കീഴടക്കിയ മിടുമിടുക്കൻമാരാണ് ഫ്രാൻസിൽ നിന്നുള്ള ഈ മിടുക്കർ എന്നതാണ് സത്യം. അതിനാൽ ബ്രാൻഡ് നമ്മുടെ രാജ്യത്തേക്ക് എത്തുവെന്ന് തുടക്കത്തിൽ കേട്ടപ്പോൾ ചില വണ്ടിഭ്രാന്തൻമാരെങ്കിലും ആകാംക്ഷയുടെ കൊടിമുടി കയറിയിട്ടുണ്ടാവണം. പക്ഷേ ആദ്യ മോഡൽ മുതൽ ഇങ്ങോട്ട് എത്തിയ കാറുകളൊന്നും സ്വീകരിക്കാൻ ഇന്ത്യക്കാർ തയാറായില്ലെന്ന് വേണം പറയാൻ. C5 എയർക്രോസിന് വില കൂടുതലാണെന്ന് പറഞ്ഞ് തള്ളിയപ്പോൾ സാധാരണക്കാരന് വേണ്ടിയിറക്കിയ C3 ചെലവ് കുറയ്ക്കലിന്റെ ഭാഗമായി പല ഫീച്ചറുകളും ഒഴിവാക്കിയാണ് പണിതിറക്കിയത്. ഫസ്റ്റ് ഇംപ്രഷൻ തന്നെ ബോറായതോടെ സിട്രണിനെ തേടി അധികം ആളുകൾ എത്തുന്നുണ്ടായിരുന്നില്ല.
എങ്കിലും പിന്നീട് എത്തിയ എയർക്രോസും ബസാൾട്ടും സിട്രണിന്റെ ഇമേജ് വർധിച്ചിപ്പിട്ടുണ്ട്. ഇപ്പോൾ പോരാമകളെല്ലാം പരിഹരിച്ച് തങ്ങളുടെ മോഡലുകളെയെല്ലാം മികച്ചതാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ. അക്കൂടെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള 7-സീറ്റർ എസ്‌യുവിയായ എയർക്രോസിനെയും തട്ടുപൊളിപ്പൻ മോഡലാക്കി കമ്പനി മാറ്റിയിട്ടുണ്ട് ഇപ്പോൾ.

പക്ഷേ 2025 സെപ്റ്റംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ അൽപം നിരാശകരമായ കാഴ്ച്ചയാണ് വാഹനത്തിനുണ്ടായിരിക്കുന്നത്. പോയമാസം സിട്രൺ എർക്രോസിന്റെ 59 യൂണുറ്റുകൾ മാത്രമാണ് കമ്പനിക്ക് വിറ്റഴിക്കാനായത്. 2024 സെപ്റ്റംബർ മാസം വിറ്റഴിച്ച 41 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും മൊത്തത്തിലുള്ള കണക്കുകൾ ആശങ്കപ്പെടുത്തുന്നതാണ്.
എങ്കിലും ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതിയ സിട്രൺ എയർക്രോസ് X വേരിയന്റുകൾ കൂടുതൽ ആളുകളെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2.0 ഷിഫ്റ്റ് ഇൻ ടു ദി ന്യൂ തന്ത്രത്തിന്റെ ഭാഗമായി തങ്ങളുടെ മോഡൽ നിരയിലേക്ക് പുതിയ നവീകരണങ്ങൾ കമ്പനി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് X പതിപ്പ് എത്തിയിരിക്കുന്നത്. ഫീച്ചറുകളിലെ കൂട്ടിച്ചേർക്കലുകളും ചെറിയ കോസ്മെറ്റിക് മാറ്റങ്ങളുമെല്ലാം ആളെപ്പിടിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്.

പുതുക്കി എത്തിയിരിക്കുന്ന എസ്‌യുവിക്ക് ഇപ്പോൾ 8.29 ലക്ഷം രൂപയാണ് പ്രാരംഭ വിലയായി നിശ്ചയിച്ചിരിക്കുന്നത്. 5 സീറ്റർ അല്ലെങ്കിൽ 7 സീറ്റർ കോൺഫിഗറേഷനുകളിലാണ് എയർക്രോസ് X വാഗ്ദാനം ചെയ്യുന്നത്. ആയതിനാൽ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള സെവൻ സീറ്ററായി മാറാൻ വാഹനത്തിനായിട്ടുണ്ടെന്ന് പറയാം. 511 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസുള്ളതിനാൽ മികച്ചൊരു ഫാമിലി എസ്‌യുവിയായി മാറാൻ സിട്രൺ എയർക്രോസിനാവും.
200 mm ഗ്രൗണ്ട് ക്ലിയറൻസ്, വീതിയിൽ തുറക്കാനാവുന്ന ഡോറുകൾ, റൂഫിൽ ഘടിപ്പിച്ച റിയർ എസി വെന്റുകൾ, അന്യായ റൈഡ് ക്വാളിറ്റി എന്നിവയും പുതിയ സിട്രൺ എയർക്രോസ് X പതിപ്പിന്റെ പ്രധാന ഹൈലൈറ്റുകളാണ്. മുകളിൽ സൂചിപ്പിച്ചതുപോലെ കൂടുതൽ പ്രീമിയം ഉപകരണങ്ങൾ ചേർത്തുകൊണ്ടാണ് നവീകരിച്ചിരിക്കുന്നത് മൊത്തത്തിൽ കാറിനകത്തെ ഫീൽ മാറ്റിയിട്ടുണ്ട്.

വെന്റിലേറ്റഡ് ലെതറെറ്റ് സീറ്റുകൾ, ലെതറെറ്റ് പൊതിഞ്ഞ ഡാഷ്‌ബോർഡിൽ ഗോൾഡൻ നിറത്തിലുള്ള ഇൻസേർട്ടുകൾ, റീഡിസൈൻ ചെയ്ത ഗിയർ സെലക്ടർ, ആംബിയന്റ്, ഫുട്‌വെൽ ഇലുമിനേഷൻ, ഫ്രെയിംലെസ് 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ പോലുള്ള ഗംഭീര ഫീച്ചറുകളാണ് എയർക്രോസ് X എസ്‌യുവിയുടെ ആഡംബരത്തം ഉയർത്താനായി എത്തിയിരിക്കുന്നത്.
പുതിയ ഡീപ് ബ്രൗൺ കളർ ഓപ്ഷനും ഇപ്പോൾ ഇന്റീരിയറിന്റെ ഭാഗമാണ്. വാഹനത്തിലെ ഫീച്ചറുകൾ നിയന്ത്രിക്കാനും കോളുകൾക്കും മ്യൂസിക്കിനും കണക്റ്റുചെയ്യാനും ക്രാഷ് അലേർട്ടുകൾ, SOS ഫംഗ്‌ഷനുകൾ എന്നിവ പോലുള്ള സുരക്ഷാ സേവനങ്ങൾ സംയോജിപ്പിക്കാനും 50-ലധികം ഭാഷകളിൽ വോയ്‌സ് കമാൻഡുകൾ കൈകാര്യം ചെയ്യാനും കഴിയുന്ന CARA എന്ന ഇൻ-കാർ അസിസ്റ്റന്റ് കൂടിയുണ്ട് സിട്രൺ എയർക്രോസ് X പതിപ്പിൽ.
പുഷ്-ബട്ടൺ സ്റ്റാർട്ടോടുകൂടിയ കീലെസ് എൻട്രി, ക്രൂയിസ് കൺട്രോൾ, എൽഇഡി പ്രൊജക്ടർ ഫോഗ് ലാമ്പുകൾ, ട്രോപ്പിക്കൂൾ സീറ്റ് വെന്റിലേഷൻ, സാറ്റലൈറ്റ് വ്യൂവുള്ള 360-ഡിഗ്രി ക്യാമറ സിസ്റ്റം തുടങ്ങിയ സവിശേഷതകളും സിട്രൺ തങ്ങളുടെ പുതിയ എസ്‌യുവിക്ക് സമ്മാനിച്ചിട്ടുണ്ട്. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, പാർക്കിംഗ് സെൻസറുകൾ എന്നിവയുൾപ്പെടെ 40-ലധികം സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളും എയർക്രോസിന്റെ ഭാഗമാണ്.


Click it and Unblock the Notifications








