നെക്സോണിന്റെ വിലയിൽ സ്റ്റൈലൻ കൂപ്പെ എസ്‌യുവി വാങ്ങാം, പുതിയ മോഡലും റെഡിയെന്ന് കമ്പനി
ഇന്ത്യൻ വിപണിയിൽ ഒരു ബ്രേക്ക്ത്രൂ കിട്ടാൻ വേണ്ടി ആഞ്ഞ് പരിശ്രമിക്കുന്നവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ (Citroen). പുറത്തിറക്കിയ മോഡലുകൾക്കൊന്നും കാര്യമായ ശ്രദ്ധ ലഭിക്കാതെ പോയിട്ടും തളരാതെ പോരാടുകയാണ് കമ്പനി. ടാറ്റ കർവിന്റെ എതിരാളായായി അടുത്തിടെ പുറത്തിറക്കിയ ബസാൾട്ട് (Basalt) എന്ന കൂപ്പെ എസ്‌യുവിയായിരുന്നു അവസാന പ്രതീക്ഷയെങ്കിലും അതും ക്ലച്ചുപിടിക്കാതെ പോയതോടെ ബ്രാൻഡ് ആകെ നിരാശരായെന്ന് വേണം പറയാൻ. ഇന്ത്യക്കാർ ആഗ്രഹിക്കുന്ന എല്ലാത്തരം ഫീച്ചറുകൾക്കും പുറമെ ചില അധിക കാര്യങ്ങളും കോർത്തിണക്കിയാണ് സിട്രൺ ബസാൾട്ടിന് രൂപം കൊടുത്തത്.
ഒപ്പം ലംബോർഗിനി ഉറൂസിന്റേത് പോലുള്ള സ്റ്റൈലിംഗും കൂടി എത്തിയപ്പോൾ ബസാൾട്ട് വാങ്ങാൻ ആളുകളെത്തുമെന്നായിരുന്നു പ്രതീക്ഷ. അതും വിഫലമായപ്പോൾ പുതിയ തന്ത്രവുമായി വീണ്ടും കളംനിറയാൻ ഒരുങ്ങുകയാണ് സിട്രൺ. മറ്റൊന്നുമല്ല, വാഹനത്തിന്റെ പുതിയ ബ്ലാക്ക് എഡിഷൻ മോഡൽ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ഫ്രഞ്ച് ബ്രാൻഡ്. ഇതിന്റെ ഭാഗമായി വാഹനത്തിന്റെ ടീസർ ചിത്രവും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിട്രൺ ബസാൾട്ട് ഡാർക്ക് എഡിഷൻ ബ്ലാക്ക് കളർ ഓപ്ഷനിലാവും വിപണിയിലെത്തുക. നിലവിലുള്ള ക്രോം ഭാഗങ്ങളെല്ലാം കറുപ്പിച്ച് എത്തുമ്പോൾ എക്സ്റ്റീരിയറിന് കൂടുതൽ സ്പോർട്ടിനെസ് കൈവരിക്കാനായേക്കും. ഫ്രണ്ട് ഗ്രില്ലിലെ ക്രോം സ്ലാറ്റുകൾക്കും സിട്രൺ, ബസാൾട്ട് ബാഡ്ജുകളുമെല്ലാം കറുപ്പിലായിരിക്കും പണികഴിപ്പിക്കുക. ഇതിനുപുറമെ ഡ്യുവൽ ടോൺ 16 ഇഞ്ച് അലോയ് വീലുകളും കൂടിയാവുമ്പോൾ സംഗതി അടിപൊളിയാവും.
ഇനി അകത്തളത്തിലേക്ക് കയറിയാലും സമാനമായ പരിഷ്ക്കാരങ്ങൾ കാണാനാവും. കറുപ്പിൽ ഒരുക്കിയ അപ്ഹോൾസ്റ്ററിയോട് കൂടിയ ഇന്റീരിയറായിരിക്കും സിട്രൺ ബസാൾട്ട് ഡാർക്ക് എഡിഷനുണ്ടാവുക. ഫീച്ചറുകളെല്ലാം നിലനിർത്തിക്കൊണ്ട് കറുപ്പ് നിറം പൂശുന്നതിനാൽ ആളുകളെ ആകർഷിക്കാൻ കമ്പനിക്ക് വേഗമാവും. കൂപ്പെ സ്റ്റൈലിംഗിനൊപ്പം എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, റാപ്പറൗണ്ട് ടെയിൽ ലൈറ്റുകൾ എന്നിവയാണ് പുറംകാഴ്ച്ചയിൽ അടിപൊളിയാക്കുന്നത്.

സെമി-ലെതറെറ്റ് സീറ്റുകൾ, അഡ്‌ജസ്റ്റബിൾ തൈസ് സപ്പോർട്ട്, ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഫ്ലോർ മൗണ്ടഡ് റിയർ എസി വെൻ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കോണ്ടൂർഡ് ഹെഡ്‌റെസ്റ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ ഫീച്ചറുകളെല്ലാം വരാനിരിക്കുന്ന സിട്രൺ ബസാൾട്ട് ഡാർക്ക് എഡിഷനിലുമുണ്ടാവും.
1.2 NA പെട്രോൾ, 1.2 ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് സിട്രൺ ബസാൾട്ടിലുള്ളത്. എന്നാൽ ഡാർക്ക് എഡിഷൻ ടോപ്പ് എൻഡ് വേരിയന്റുകളിൽ വാഗ്‌ദാനം ചെയ്യാൻ സാധ്യതയുള്ളതിനാൽ പവർ കൂടിയ ടർബോ എഞ്ചിനിലായിരിക്കും വാഹനം വിപണനത്തിന് എത്തുക. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി 1.2 ലിറ്റർ ത്രീ സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിന് 109 bhp കരുത്ത് വരെ നൽകാനാവും.

ടോർക്കിന്റെ കാര്യത്തിൽ മാനുവലിന് 190 Nm കിട്ടുമ്പോൾ ബസാൾട്ട് ഓട്ടോമാറ്റിക്കിന് 205 Nm ടോർക്ക് വരെ നിർമിക്കാൻ പ്രാപ്‌തമാണ്. ബസാൾട്ടിന്റെ ബേസ് വേരിയന്റുകളിലെ 1.2 ലിറ്റർ NA പെട്രോൾ എഞ്ചിന് 80 bhp കരുത്തിൽ പരമാവധി 115 Nm torque വരെ നൽകാനുമാവും. നിലവിൽ 8.25 ലക്ഷം മുതൽ 14 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
ഡാർക്ക് എഡിഷന് അതത് വേരിയന്റുകളേക്കാൾ ഏകദേശം 30,000 മുതൽ 50,000 രൂപ വരെ അധികം മുടക്കേണ്ടിയും വന്നേക്കാം. C3, എയർക്രോസ് എന്നിവയുടെ അതേ പ്ലാറ്റ്‌ഫോമിൽ നിർമിച്ച ബസാൾട്ടിന് 4,252 mm നീളവും 1,765 mm വീതിയും 1,593 mm ഉയരവും 2,651 mm വീൽബേസുമാണുള്ളത്. അതേസമയം 470 ലിറ്റർ ബൂട്ട് സ്പേസും 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് സിട്രണിന്റെ കൂപ്പെ എസ്‌യുവിക്കുള്ളതെന്നും കമ്പനി പറയുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








