ഇടപ്പരീക്ഷയിൽ തവിടുപൊടിയായി സ്റ്റൈലൻ എസ്‌യുവി, സിട്രണ് ശനിദശ തന്നെ! ക്രാഷ് ടെസ്റ്റിൽ കിട്ടിയത് പൂജ്യം മാർക്ക്
സിട്രണിന്റെ ഇന്ത്യയിലെ ശനിദശ മാറ്റാനായി പിറവിയെടുത്ത അവതാരമായിരുന്നു ബസാൾട്ട് എന്ന കൂപ്പെ എസ്‌യുവി. ലംബോർഗിനി ഉറൂസിന്റെ സ്റ്റൈൽ പകർത്തിയെത്തിയ മിടുക്കൻ അതുവരെ ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സിട്രൺ കാറായിരുന്നു. ബ്രാൻഡിന്റെ നിരയിലെ ഏറ്റവും നല്ല മോഡൽ ഏതാണെന്ന് ചോദിച്ചാൽ പലരും ആദ്യം പറയുന്ന പേര് ബസാൾട്ട് എന്നാവും. കൂപ്പെ എസ്‌യുവി വിഭാഗത്തിൽ എത്തിയ വാഹനം പലരുടേയും ഗുഡ് ബുക്കിൽ ഇടംനേടിയെങ്കിലും അതൊന്നും വിൽപ്പനയിൽ ഇതുവരെ പ്രതിഫലിച്ചില്ലെന്ന് പറയുന്നതാവും സത്യം. എങ്കിലും നല്ലൊരു ഓപ്ഷനായി ഇന്നും നിലകൊള്ളുന്ന വണ്ടിയെ എന്നെങ്കിലും ആളുകൾ തിരിച്ചറിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി. അടുത്തിടെ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ബസാൾട്ടിന്റെ ഇരട്ടസഹോദരൻ എയർക്രോസ് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടി ഞെട്ടിച്ചിരുന്നു.
ബസാൾട്ട് 4-സ്റ്റാറും കരസ്ഥമാക്കി താനും മോശക്കാരനല്ലെന്ന് നേരത്തെ തെളിയിച്ചിരുന്നു. എന്നാൽ കൂടുതൽ കർശനമായ ലാറ്റിൻ NCAP ക്രാഷ് ടെസ്റ്റിൽ തകർന്ന് തരിപ്പണമായിരിക്കുകയാണ് സിട്രണിന്റെ കൂപ്പെ എസ്‌യുവി. ലാറ്റിൻ ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ ബസാൾട്ടിന് 39.37 ശതമാനവും, കുട്ടികളുടെ സുരക്ഷയിൽ 58.35 ശതമാനവും, കാൽനടയാത്രക്കാരുടെ സംരക്ഷണത്തിൽ 53.38 ശതമാനവും, സുരക്ഷാ സഹായ സംവിധാനങ്ങളിൽ 34.88 ശതമാനവും മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.

ലാറ്റിൻ NCAP ക്രാഷ് ടെസ്റ്റിൽ പരീക്ഷിച്ച ബസാൾട്ട് എസ്‌യുവിയിൽ നാല് എയർബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ടെങ്കിലും കർട്ടൻ എയർബാഗുകൾ പോലുള്ള സൈഡ് ഹെഡ് പ്രൊട്ടക്ഷൻ ലഭ്യമല്ലെന്ന് ലാറ്റിൻ NCAP അഭിപ്രായപ്പെട്ടു. ഒരു ഓപ്ഷനായി പോലും ലഭ്യമല്ലെന്നത് നിരാശാജനകമാണ്. ഇതുകാരണമാണ് ലാറ്റിൻ ടെസ്റ്റിൽ സിട്രൺ ബസാൾട്ടിന് സീറോ സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചിരിക്കുന്നത്.
ഫ്രണ്ടൽ ക്രാഷ് ടെസ്റ്റിനിടെ അസമമായ സ്വഭാവമാണ് (Asymmetrical Behaviour) വാഹനത്തിന് പുറത്തെടുക്കാനായത്. മോശമായ പ്രെറ്റെൻഷനറുകൾ കാരണം മുൻവശത്തെ യാത്രക്കാരന്റെ നെഞ്ചിന്റെ സംരക്ഷണം ദുർബലമാണെന്നും ലാറ്റിൻ ഇടിപ്പരീക്ഷയിൽ കണ്ടെത്തി. സൈഡ് പോൾ ഇംപാക്ട് ടെസ്റ്റിലും സിട്രൺ ബസാൾട്ടിന് ശക്തി തെളിയിക്കാനായില്ല. ഹെഡ് പ്രൊട്ടക്ഷൻ സിസ്റ്റത്തിന്റെ അഭാവം യായാത്രക്കാരന് ഗുരുതരമായ പരിക്കിലേക്ക് നയിക്കാനുല്ള ഉയർന്ന സാധ്യതയും കണ്ടെത്തി.

ഫ്രണ്ട് പാസഞ്ചർ എയർബാഗ് സ്വിച്ച് ഓഫ് ചെയ്യാൻ കഴിയില്ലെന്നും, ഇത് മുൻ സീറ്റിൽ പിൻഭാഗത്തേക്ക് അഭിമുഖീകരിക്കുന്ന ചൈൽഡ് സീറ്റ് ഉപയോഗിക്കുന്നത് അപകടകരമാണെന്നും ലാറ്റിൻ NCAP ചൂണ്ടിക്കാട്ടി. ഫാമിലി കാറുകളിൽ പൊതുവേ കണ്ടുവരുന്ന ഈ ബേസിക് ഫീച്ചർ ബസാൾട്ടിലില്ലാത്തത് നിരാശജനകമാണ്. ചൈൽഡ് സേഫ്റ്റിയിൽ എസ‌്‌യുവിക്ക് 58.35 ശതമാനം സ്കോർ മാത്രമാണ് നേടായിരിക്കുന്നതും.
അടുത്തിടെ കൂടുതൽ ഫീച്ചറുകൾ കുത്തിനിറച്ച് ഇന്ത്യൻ വിപണിക്കായി സിട്രൺ ബസാൾട്ട് X പുറത്തിറക്കിയിരുന്നു. നിലവിൽ 7.95 ലക്ഷം മുതൽ 13.11 ലക്ഷം രൂപ വരെയാണ് ഈ കൂപ്പെ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പുതുതായി കൊണ്ടുവന്ന X പതിപ്പിൽ കമ്പനി ധാരാളം പരിഷ്ക്കാരങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഡാഷ്‌ബോർഡിൽ സ്ലാന്റഡ് പാറ്റേണുകൾ, ബ്രോൺസ് നിറത്തിലുള്ള ട്രിം പീസുകൾ, പുതിയ ടാൻ-ആൻഡ്-ബ്ലാക്ക് അപ്ഹോൾസ്റ്ററി എന്നിവയാണ് അകത്തളത്തിലെ എടുത്ത് പറയേണ്ട പ്രധാന മാറ്റങ്ങൾ.

കൂടാതെ, പ്രീമിയം അനുഭവത്തിനായി ഡാഷ്‌ബോർഡ് ലെതറിലാണ് പണികഴച്ചിരിക്കുന്നത്. സിട്രൺ സ്വയം വികസിപ്പിച്ചെടുത്ത പുതിയ ഇൻ-കാർ കോൺവർസേഷണൽ അസിസ്റ്റൻഡായ കാരയുടെ വരവും യാത്രകൾ അടിപൊളിയാക്കും. ഫ്ലൈറ്റ് ഷെഡ്യൂളുകൾക്ക് അനുസൃതമായി ലൈവ് ഫ്ലൈറ്റ് സ്റ്റാറ്റസ് ട്രാക്കിംഗ്, ട്രാഫിക്, റൂട്ട് ഒപ്റ്റിമൈസേഷൻ, വെഹിക്കിൾ ഹെൽത്ത് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ, മൾട്ടിമീഡിയ സപ്പോർട്ട്, കോളിംഗ്, SOS, സ്മാർട്ട് റിമൈൻഡറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ നിർവഹിക്കാൻ ഇതിന് കഴിയും.
ബസാൾട്ട് X മാക്‌സ് ഓട്ടോമാറ്റിക് വേരിയന്റുകളിൽ മാത്രമേ കാര ലഭ്യമാകൂവെന്നത് പ്രത്യേകം ഓർമിക്കണേ. വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, വൈറ്റ് ആംബിയന്റ് ലൈറ്റിംഗ്, എൽഇഡി ഫോഗ് ലാമ്പുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ഓപ്ഷണൽ 360-ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകളും ഇപ്പോൾ ബസാൾട്ട് X എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബസാൾട്ട് X മാക്‌സ് വേരിയന്റുകൾക്ക് 110 കരുത്തുള്ള 1.2 ലിറ്റർ, 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കി വാങ്ങാം. അതേസമയം എൻട്രി ലെവൽ ബസാൾട്ട് X വേരിയന്റുകളിൽ 82 bhp പവറുള്ള 1.2 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ലഭ്യമാവുക. ഇത് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായിട്ടാണ് വിപണിയിൽ എത്തുന്നത്.


Click it and Unblock the Notifications








