ഒരുമാസത്തെ ശമ്പളം പോകും! 7.99 ലക്ഷത്തിന്റെ എസ്‌യുവി ഇനി പഴയ വിലയ്ക്ക് വാങ്ങിൻ ചെന്നാൽ കിട്ടില്ല
ഏറെ പ്രതീക്ഷയോടെ ഇന്ത്യയിലേക്ക് കാറുകളുമായി എത്തിയവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. പക്ഷേ ആവിഷ്ക്കരിച്ച പദ്ധതികളെല്ലാം വേണ്ടത്ര ക്ലച്ചുപിടിക്കാതെ പോയ കാഴ്ച്ചയാണ് കാണാനായത്. പക്ഷേ ബസാൾട്ട് എന്നൊരു കൂപ്പെ എസ്‌യുവി പുറത്തിറക്കി ഇമേജ് വാർത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു കമ്പനി. ഇന്ത്യക്കാർ ആഗ്രഹിക്കുന്ന എല്ലാത്തരം ഫീച്ചറുകൾക്കും പുറമെ ചില അധിക കാര്യങ്ങളും കോർത്തിണക്കിയാണ് ബസാൾട്ടിനെ കമ്പനി വാർത്തെടുത്തത്. ഒപ്പം അധികം കണ്ടുപരിചയിച്ചിട്ടില്ലാത്ത സ്റ്റൈലിംഗും കൂടിയായപ്പോൾ സംഗതി കളറായെന്ന് വേണം പറയാൻ. എന്നിരുന്നിട്ടും ആളുകൾ കാര്യമായ വാങ്ങാനെത്തുന്നില്ലാത്തത് സിട്രണിന് വലിയ നിരാശയുണ്ടാക്കിയിട്ടുണ്ടെന്ന് വേണം പറയാൻ.
വാങ്ങാൻ പ്രതീക്ഷിച്ചത്ര ആളുകൾ എത്തുന്നില്ലെങ്കിലും തളരാതെ മുമ്പോട്ട് പോവാനുള്ള പ്രവർത്തനങ്ങളും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ട്. പുതുവർഷം ആരംഭിക്കുന്നതോടെ മോഡൽ നിരയിൽ വില വർധനവ് ഉണ്ടാവുമെന്നും സിട്രൺ കഴിഞ്ഞ ഡിസംബർ മാസത്തിൽ തന്നെ അറിയിച്ചിരുന്നു. ഇൻപുട്ട് ചെലവുകളിലെ ഉയർച്ചയും പണപ്പെരുപ്പവുമെല്ലാം ചൂണ്ടിക്കാണിച്ച് സിട്രൺ ഇപ്പോഴിതാ എല്ലാ മോഡലുകളുടേയും വില പരിഷ്ക്കരിച്ചിരിക്കുകയാണ്.

ബസാൾട്ട് കൂപ്പെ എസ്‌യുവിയുടെ വില എങ്ങനെ മാറിയെന്ന കാര്യമാണ് ഈ ലേഖനത്തിൽ വിശദീകരിക്കാൻ പോവുന്നത്. അവതരണ വേളയിൽ 7.99 ലക്ഷം രൂപ മുതൽ 13.83 ലക്ഷം രൂപ വരെയാണ് സിട്രൺ ബസാൾട്ടിന് മുടക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില. എന്നാൽ ഈ പൈസ കരുതിക്കൊണ്ട് ഇനി കൂപ്പെ എസ്‌യുവി വാങ്ങാൻ എത്തിയാൽ വണ്ടിയുമായി പോരാൻ ഒക്കില്ല കേട്ടോ.
തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 17,000 രൂപ മുതൽ 28,000 രൂപ വരെ വർധനവാണ് ബസാൾട്ടിന് സംഭവിച്ചിരിക്കുന്നത്. വേരിയന്റ് തിരിച്ചുള്ള വില വർധനവ് എങ്ങനെയാണ് സംഭവിച്ചിരിക്കുന്നതെന്ന് നോക്കിയാൽ 1.2 ടർബോ പെട്രോൾ മാനുവൽ പ്ലസിനും 1.2 ടർബോ-പെട്രോൾ ഓട്ടോമാറ്റിക് പ്ലസ് വേരിയന്റുകൾക്കും 28,000 രൂപയാണ് ഇനി മുതൽ അധികം മുടക്കേണ്ടി വരിക.

അതേസമയം എൻട്രി ലെവൽ 1.2 പെട്രോൾ യൂ മാനുവൽ വേരിയന്റ് 26,000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. അതേസമയം സിട്രൺ ബസാൾട്ടിന്റെ 1.2 ടർബോ പെട്രോൾ മാനുവൽ മാക്‌സിന്റെയും 1.2 ടർബോ പെട്രോൾ മാനുവൽ മാക്‌സ് ഡ്യുവൽ-ടോൺ വകഭേദങ്ങൾക്ക് 21,000 രൂപയും അധികം ചെലവഴിക്കേണ്ടി വരും. കൂപ്പെ എസ്‌യുവിയുടെ 1.2 ടർബോ പെട്രോൾ ഓട്ടോമാറ്റിക് മാക്‌സ്, 1.2 ടർബോ പെട്രോൾ ഓട്ടോമാറ്റിക് മാക്‌സ് ഡ്യുവൽ-ടോൺ വകഭേദങ്ങൾക്ക് 17,000 രൂപയാണ് കൂട്ടിയിരിക്കുന്നത്.
1.2 പെട്രോൾ മാനുവൽ പ്ലസിന്റെ 9.99 ലക്ഷം രൂപ മാറ്റമില്ലാതെ തുടരുകയാണ്. പുതുക്കിയ വിലയുടെ അടിസ്ഥാനത്തിൽ ബസാൾട്ടിന് ഇപ്പോൾ 8.25 ലക്ഷം മുതൽ 14 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. വില വർധനവിന് പുറമെ എസ്‌യുവിയിൽ മറ്റ് യാതൊരു വിധ നവീകരണങ്ങളും കമ്പനി നടപ്പിലാക്കിയിട്ടില്ലെന്ന് വേണം പറയാൻ. ബസാൾട്ടിന് 4,252 mm നീളവും 1,765 mm വീതിയും 1,593 mm ഉയരവും 2,651 mm വീൽബേസുമാണുള്ളത്.

അതേസമയം 470 ലിറ്റർ ബൂട്ട് സ്പേസും 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് സിട്രണിന്റെ കൂപ്പെ എസ്‌യുവിക്കുള്ളതെന്നും കമ്പനി പറയുന്നു. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് സിട്രൺ ബസാൾട്ടിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ബേസ് വേരിയന്റുകളിലെ 1.2 ലിറ്റർ NA പെട്രോൾ എഞ്ചിന് 80 bhp പവറിൽ പരമാവധി 115 Nm torque ഉത്പാദിപ്പിക്കാനാവും.
5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമായിരിക്കും ഇതിലുണ്ടാവുക. മറുവശത്ത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി 1.2 ലിറ്റർ ത്രീ സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിന് 109 bhp കരുത്ത് വരെ നൽകാനാവും. ടോർക്കിന്റെ കാര്യത്തിൽ മാനുവലിന് 190 Nm കിട്ടുമ്പോൾ ബസാൾട്ട് ഓട്ടോമാറ്റിക്കിന് 205 Nm ടോർക്ക് വരെ നിർമിക്കാൻ പ്രാപ്‌തമാണ്.
സെമി-ലെതറെറ്റ് സീറ്റുകൾ, ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഫ്ലോർ മൗണ്ടഡ് റിയർ എസി വെൻ്റുകൾ, കോണ്ടൂർഡ് ഹെഡ്‌റെസ്റ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ തുടങ്ങിയ കിടിലൻ ഫീച്ചറുകളാലും സിട്രൺ ബസാൾട്ട് സമ്പന്നമാണ്. കൂപ്പെ എസ്‌യുവി വിഭാഗത്തിൽ ടാറ്റ കർവുമായാണ് ബസാൾട്ടിന്റെ പ്രധാന മത്സരം.


Click it and Unblock the Notifications








