ആദ്യം വാങ്ങിയത് സാക്ഷാൽ ധോണി, ഇനി ആളുകൂടും... 8.38 ലക്ഷത്തിന് ഡാർക്ക് എഡിഷൻ എസ്‌യുവികളുമായി സിട്രൺ
ഇന്ത്യൻ വിപണിയിൽ ആളെക്കൂട്ടാനായി പുതിയ തന്ത്രങ്ങൾ നിരന്തരം പയറ്റുന്നവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. ആദ്യം അവതരിപ്പിച്ച പദ്ധതികളെല്ലാം പാളിപ്പോയതോടെ സിട്രണിലേക്ക് അടുക്കാൻ പലരും മടികാണിക്കുന്നുണ്ട്. ഫസ്റ്റ് ഇംപ്രഷൻ ഈസ് ദി ബെസ്റ്റ് ഇംപ്രഷൻ എന്ന് പറയാറില്ലേ, അത് ഇവരുടെ കാര്യത്തിൽ ഉദാഹരണമായിട്ട് വേണമെങ്കിൽ പറയാം. മാറ്റങ്ങളുടെ പാതയിൽ സഞ്ചരിച്ച് ആളുകളെ കൈയിലെടുക്കാനുള്ള കഠിന ശ്രമത്തിലാണ് സിട്രൺ ഇപ്പോൾ. ആവിഷ്ക്കരിച്ച പദ്ധതികളെല്ലാം ചീറ്റി പോയപ്പോൾ ജനങ്ങളുടെ പൾസറിഞ്ഞുള്ള നീക്കങ്ങളാണ് കമ്പനിയിപ്പോൾ നടത്തുന്നത്. ബ്രാൻഡ് അംബാസിഡറായി സാക്ഷാൽ എംഎസ് ധോണിയെ വരെ കൊണ്ടുവന്നതും ഇതിന്റെ ഭാഗമാണ്.
ഇപ്പോഴിതാ മോഡൽ നിരയിലേക്ക് ബ്ലാക്ക് എഡിഷൻ വേരിയന്റുകൾ അവതരിപ്പിച്ചിരിക്കുകയാണ് സിട്രൺ. C3 കോംപാക്‌ട് ഹാച്ച്ബാക്ക്, എയർക്രോസ്, ബസാൾട്ട് എസ്‌യുവികളാണ് കറുപ്പ് ധരിച്ച് വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷനായി കൊണ്ടുവന്നിരിക്കുന്ന മോഡലുകൾ അവയുടെ ടോപ്പ്-എൻഡ് ട്രിമ്മുകളിൽ മാത്രമേ ലഭ്യമാകൂവെന്ന് പ്രത്യേകം ശ്രദ്ധിക്കണേ.

നിലവിൽ സിട്രൺ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായ എംഎസ് ധോണിക്കാണ് ബസാൾട്ട് ബ്ലാക്ക് എഡിഷന്റെ ആദ്യ യൂണിറ്റ് കൈമാറിയിരിക്കുന്നത്. അതിന്റെ ഐശ്വര്യം ഇനി വിൽപ്പന കണക്കുകളിലും കാണാനായേക്കുമെന്നാണ് കമ്പനിയുടെ വിശ്വാസം. കാണാൻ നല്ല വൃത്തിയുള്ള ബ്ലാക്ക് എക്സ്റ്റീരിയർ നിറം തന്നെയാണ് ലിമിറ്റഡ് എഡിഷനുകളിലെ പ്രത്യേകത. വിലയായാലും താങ്ങാനാവുന്ന രീതിയിൽ പിടിച്ചുനിർത്താൻ ബ്രാൻഡിനായിട്ടുണ്ടെന്ന് വേണം പറയാൻ.
സിട്രൺ C3 ഡാർക്ക് എഡിഷന് 8,38,300 രൂപയും എയർക്രോസ് ഡാർക്ക് എഡിഷന് 13,13,300 രൂപയും, ബസാൾട്ട് ബ്ലാക്ക് എഡിഷന് 12,80,000 രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. അതായത് ഇവയുടെ സ്റ്റാൻഡേർഡ് ടോപ്പ് എൻഡ് വേരിയന്റിനേക്കാൾ ഏകദേശം 19,500 രൂപ മുതലാണ് അധികം മുടക്കേണ്ടി വരികയെന്ന് സാരം. മൂന്ന് മോഡലുകളുടെയും പുറംഭാഗം പെർല നേര ബ്ലാക്ക് കളർ ഓപ്ഷനിലാണ് ഒരുക്കിയിരിക്കുന്നത്.

ഗ്രില്ലിലെ ഡാർക്ക് ക്രോം ഫിനിഷുകൾ, ബോഡി സൈഡ് മോൾഡിംഗുകൾ, സിട്രണിന്റെ ഷെവ്‌റോൺ ബാഡ്ജ് എന്നിവ കൂടിയാവുമ്പോൾ സംഗതി ഉഷാറാവുന്നുണ്ട്. ഇതോടൊപ്പം ബമ്പറുകളിലും ഡോർ ഹാൻഡിലുകളിലും അധിക ഗ്ലോസ് ബ്ലാക്ക് ഡീറ്റെയിലിംഗ് എസ്‌യുവികൾക്ക് അന്യായ റോഡ് പ്രസൻസുമാണ് സമ്മാനിക്കുന്നത്. ഇനി അകത്തേക്ക് കയറിയാലും ചെറിയ ചില നവീകരണങ്ങൾ കാണാനാവും.
കാർബൺ ബ്ലാക്ക് ഇന്റീരിയർ കളർ ഓപ്ഷനാണ് അകത്തളത്തിൽ ഒരുക്കിയിരിക്കുന്നത്. കോൺട്രാസ്റ്റ് റെഡ് ഡീറ്റെയിലിംഗും ലെതറെറ്റ് സീറ്റ് കവറുകളും കൂടിയാവുമ്പോൾ സിട്രൺ C3 ഡാർക്ക് എഡിഷൻ, എയർക്രോസ് ഡാർക്ക് എഡിഷൻ, ബസാൾട്ട് ബ്ലാക്ക് എഡിഷൻ എന്നിവ കൂടുതൽ പ്രീമിയം ഫീലാണ് നൽകുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം ഗ്ലോസ് ബ്ലാക്ക് ആക്സന്റുകളും ഉപയോഗിച്ചിട്ടുണ്ട് കമ്പനി. ലെതറെറ്റ് പൊതിഞ്ഞ ഇൻസ്ട്രുമെന്റ് പാനലും ഹൈലൈറ്റായി എറിച്ചുനിൽക്കുന്നുണ്ട്.

കസ്റ്റം സീറ്റ് അപ്ഹോൾസ്റ്ററി, യുണീക് ഡാർക്ക് ക്രോം ട്രിം പീസുകൾ തുടങ്ങിയ എക്സ്ക്ലൂസീവ് ഫീച്ചറുകളും സിട്രണിന്റെ ഡാർക്ക് എഡിഷൻ കാറുകൾ വഹിക്കുന്നുണ്ട്. കൊടുക്കുന്ന വിലയ്ക്കുള്ള മുതലാണ് സിട്രണിന്റെ വാഹനങ്ങൾ എന്നതിൽ സംശയമൊന്നും വേണ്ട. നല്ല സസ്പെൻഷനും എഞ്ചിൻ ഓപ്ഷനും റൈഡ് ക്വാളിറ്റിയുമെല്ലാം ഇവയുടെ പ്രത്യേകതകളാണ്. ഇനി കറുപ്പിന്റെ സ്പോർട്ടിനെസ് കൂടി ചേരുന്നതോടെ ഷോറൂമുകളിൽ ആളുകൂടുമെന്ന് തന്നെ പ്രതീക്ഷിക്കാം.
കൂപ്പെ സ്റ്റൈലിംഗിനൊപ്പം എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, റാപ്പറൗണ്ട് ടെയിൽ ലൈറ്റുകൾ എന്നിവയാണ് ധോണി വാങ്ങിയിരിക്കുന്ന ബസാൾട്ടിനെ കിടിലമാക്കുന്ന കാര്യങ്ങൾ. 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, സെമി-ലെതറെറ്റ് സീറ്റുകൾ, അഡ്‌ജസ്റ്റബിൾ തൈസ് സപ്പോർട്ട് തുടങ്ങിയ ആഡംബര ഫീച്ചറുകളും ഈ കൂപ്പെ എസ്‌യുവിയിലുണ്ട്.

ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഫ്ലോർ മൗണ്ടഡ് റിയർ എസി വെൻ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കോണ്ടൂർഡ് ഹെഡ്‌റെസ്റ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ ഫീച്ചറുകളും കൂടിയാവുമ്പോൾ സംഗതി കളറാവും. 1.2 ലിറ്റർ ത്രീ സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിനാണ് മൂന്ന് ബ്ലാക്ക് എഡിഷൻ മോഡലുകൾക്കും തുടിപ്പേകുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 109 bhp കരുത്ത് വരെ നൽകാനാവും.


Click it and Unblock the Notifications








