ഇന്ത്യയിൽ എത്തിയിട്ട് 4 വയസ്, എസ്‌യുവികൾക്ക് 2.80 ലക്ഷം രൂപയുടെ വിലക്കുറവുമായി സിട്രൺ; ഷോറൂം കാലിയാവും
ആഗോള വിപണിയിലെ സൂപ്പർസ്റ്റാറാണെങ്കിലും ഇന്ത്യയിൽ അമ്പേ പരാജയപ്പെട്ടുപോയ വാഹന നിർമാണ കമ്പനിയായി മാറിയവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. ഇവിടെ പരീക്ഷിച്ച തന്ത്രങ്ങളെല്ലാം പാളിപ്പോയെങ്കിലും തോറ്റുമടങ്ങാൻ തയാറല്ലാത്ത ബ്രാൻഡ് ഇന്ത്യക്കാരെ എങ്ങനെയും ചാക്കിലാക്കാനുള്ള ശ്രമത്തിലാണ്. അതിനായി നിലവിലുള്ള മോഡൽ നിരയിലുണ്ടായിരുന്ന പോരായ്‌മകളെല്ലാം പരിഹരിച്ച് C3, എയർക്രോസ്, ബസാൾട്ട് എസ്‌യുവികളെയെല്ലാം കൂടുതൽ മിടുക്കൻമാരാക്കിയിട്ടുണ്ട് എന്നതാണ്. പണ്ടില്ലാതിരുന്ന ഫീച്ചറുകളെല്ലാം നിറഞ്ഞ് കൊടുക്കുന്ന പൈസയ്ക്ക് വണ്ടികൾ മുതലാണിപ്പോൾ. ഇതിന് പിന്നാലെ ഇന്ത്യൻ വിപണിയിലെത്തിയിട്ട് 4 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് സിട്രൺ.
ഈയൊരു ആഘോഷത്തിന്റെ ഭാഗമായി മോഡൽ നിരയിൽ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സിട്രൺ. ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചതിന്റെ നാല് വർഷം തികയുന്ന വേളയിൽ 2.80 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിവെച്ചിരിക്കുന്നത്. പുതിയ കാർ വാങ്ങുന്നവർക്കുള്ള ആനുകൂല്യങ്ങൾക്ക് പുറമെ നിലവിലുള്ള ഉടമകൾക്ക് ഈ മാസം മുഴുവൻ അവരുടെ സിട്രൺ കാറിന് സൗജന്യ കാർ സ്പാ സർവീസും ലഭിക്കും.

നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ആകർഷകമായ ക്യാഷ് ബെനഫിറ്റുകൾ, എക്സ്റ്റൻഡഡ് വാറണ്ടി പാക്കേജുകൾ, കുറഞ്ഞ ഇഎം ഫിനാൻസ് സ്കീമുകൾ എന്നിവയുൾപ്പെടെ ഏത് സിട്രൺ വാഹനവും വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനാവും. ഇനി ഓഫറുകളുടെ കൂടുതൽ വിശദാംശങ്ങൾ എങ്ങനെയാണെന്ന് പറഞ്ഞുതരാം. എന്നാൽ മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് മുകളിൽ പറഞ്ഞ ഓഫറുകൾ വ്യത്യാസപ്പെടാം എന്നത് പ്രത്യേകം ഓർമിക്കണേ.
സിട്രൺ വിശദമായ ഡിസ്‌കൗണ്ടുകൾ വിശദീകരിച്ചിട്ടില്ലെങ്കിലും ഓരോ മോഡലിന്റെയും കൃത്യമായ ഓഫറുകൾ അറിയാനായി നിങ്ങളുടെ അടുത്തുള്ള ഡീലർഷിപ്പ് സന്ദർശിക്കാം. നാലാം വാർഷിക ഓഫർ 2025 ജൂൺ അവസാനം വരെ അല്ലെങ്കിൽ സ്റ്റോക്ക് തീരുന്നത് വരെ സാധുവാണ്. C5 എയർക്രോസ്, C3, e-C3, എയർക്രോസ്, ബസാൾട്ട് എസ്‌യുവി കൂപ്പെ എന്നിവയുൾപ്പെടെ നിലവിൽ കമ്പനിയുടെ നിരയിൽ 5 മോഡലുകളാണുള്ളത്.

2025 മെയ് മാസത്തിൽ സിട്രൺ ഇന്ത്യ 333 യൂണിറ്റുകളുടെ വിൽപ്പന മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേസമയം വിറ്റഴിച്ച 515 കാറുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പനയിൽ 35 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 110 യൂണിറ്റുകൾ മാത്രം വിൽപ്പന നടത്തിയ C3 ഹാച്ച്ബാക്കാണ് ബ്രാൻഡിന്റെ ബെസ്റ്റ് സെല്ലറായി പേരെടുത്തിരിക്കുന്നത്.
പിന്നാലെ ബസാൾട്ടും C3 എയർക്രോസുമാണുള്ളത്. ഓൾ-ഇലക്ട്രിക് e-C3 60 യൂണിറ്റുകളുടെ വിൽപ്പന റിപ്പോർട്ട് ചെയ്തപ്പോൾ കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് C5 എയർക്രോസ് എസ്‌യുവിയുടെ 2 യൂണിറ്റുകൾ മാത്രമേ 2025 മെയ് മാസത്തിൽ ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് വിൽക്കാൻ കഴിഞ്ഞുള്ളൂ. എന്തായാലും വലിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സിട്രൺ വാഹനങ്ങൾ തേടി ഈ മാസം കൂടുതൽ ആളുകൾ എത്തുമെന്നാണ് ബ്രാൻഡിന്റെ പ്രതീക്ഷ.

അടുത്തിടെ C3 ഹാച്ച്ബാക്കിന്റെ സിഎൻജി മോഡലിനെയും സിട്രൺ ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. മാരുതിയും ടാറ്റയും നൽകുന്നത് പോലെ ഇതൊരു ഫാക്‌ടറി ഫിറ്റഡ് കിറ്റായിരിക്കില്ല. പകരം ഡീലർഷിപ്പ് തലത്തിൽ സ്ഥാപിക്കുന്ന റിട്രോഫിറ്റഡ് സിഎൻജി കിറ്റുകൾ ഈ വാഹനങ്ങളിൽ ഉണ്ടായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. ഫാക്ടറിയിൽ പരീക്ഷിച്ച കിറ്റുകൾ കിലോഗ്രാമിന് 28.1 കിലോമീറ്റർ വരെ മൈലേജ് നൽകുമെന്ന് സിട്രൺ പറയുന്നു.
സിട്രോൺ C3 സിഎൻജിയുടെ ഓൺലൈൻ ബുക്കിംഗുകൾ ലഭ്യമല്ലെങ്കിലും രാജ്യത്തുടനീളമുള്ള അംഗീകൃത സിട്രൺ ഡീലർഷിപ്പുകളിൽ 93,000 രൂപ അധികം മുടക്കിയാൽ വാങ്ങുന്നവർക്ക് കിറ്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. ലൈവ്, ഫീൽ, ഫീൽ(O), ഷൈൻ എന്നീ വകഭേദങ്ങൾക്ക് മാത്രമായി സിഎൻജി കിറ്റുകൾ ലഭ്യമാകും. ഇവയെല്ലാം 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് നൽകുന്നത്.


Click it and Unblock the Notifications








