ഇനി വില 4.80 ലക്ഷം രൂപ മുതൽ, കാറുകൾക്ക് 2.70 ലക്ഷം രൂപ വരെ വെട്ടിക്കുറച്ച് സിട്രൺ! കൂട്ടിന് കിടിലൻ ഫീച്ചറുകളും
ഇന്ത്യൻ വാഹന വിപണിയിൽ ശോഭിക്കാനാവാതെ പെടാപ്പാട് പെടുന്നൊരു കമ്പനിയാണ് സിട്രൺ. തുടക്കത്തിൽ അവതരിപ്പിച്ച മോഡലുകളിലുണ്ടായിരുന്ന പോരായ്‌മകൾ കാരണമാണ് ഫ്രഞ്ച് വാഹന നിർമാതാക്കളോട് ഇന്ത്യക്കാർ കൂട്ടുകൂടാതിരുന്നതിന്റെ കാരണം. എന്നാൽ കുറ്റങ്ങളും കുറവുകളുമെല്ലാം പരിഹരിച്ച് മിടുക്കൻമാർ ആയിക്കൊണ്ടിരിക്കുകയാണ് സിട്രൺ മോഡലുകൾ. നിലവിൽ ആറോളം കിടിലൻ കാറുകൾ പുറത്തിറക്കുന്ന കമ്പനി പുതിയ ജിഎസ്ടി ഇളവുകൾ പ്രകാരം മോഡൽ നിരയിൽ വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് മുമ്പോട്ട് വന്നിരിക്കുകയാണ്. ടാറ്റ മോട്ടോർസ്, മഹീന്ദ്ര, സ്കോഡ, ഹ്യുണ്ടായി, കിയ തുടങ്ങിയ വമ്പൻമാർക്ക് പിന്നാലെ വില വെട്ടിക്കുറച്ച് കമ്പനി സെപ്റ്റംബർ 22 മുതൽ പുതിയ വിലയിലായിരിക്കും വാഹനങ്ങൾ വിൽക്കുക.
രാജ്യത്ത് അടുത്തിടെ അവതരിപ്പിച്ച ജിഎസ്ടി പരിഷ്ക്കാരങ്ങൾ കാരണം സിട്രൺ ഇന്ത്യ തങ്ങളുടെ മുഴുവൻ വാഹന ശ്രേണിയുടെയും വില 2.70 ലക്ഷം രൂപ വരെ കുറച്ചിട്ടുണ്ട്. ജിഎസ്ടി കുറയ്ക്കലിന്റെ മുഴുവൻ ആനുകൂല്യങ്ങളും വാങ്ങുന്നവർക്ക് കൈമാറിയതായി ഫ്രഞ്ച് വാഹന നിർമ്മാതാക്കൾ അവകാശപ്പെടുന്നുമുണ്ട്. നിലവിൽ കമ്പനി ഇന്ത്യൻ വിപണിയിൽ C3, C3X, എയർക്രോസ് എസ്‌യുവി, ബസാൾട്ട്, ബസാൾട്ട് X, C5 എയർക്രോസ് എസ്‌യുവി എന്നീ മോഡലുകളാണ് പുറത്തിറക്കുന്നത്.

എൻട്രി ലെവൽ C3, C3X ഹാച്ച്ബാക്ക് മോഡലുകൾക്ക് വേരിയന്റിനെ ആശ്രയിച്ച് ഏകദേശം 84,000 രൂപ വില കുറയുമെന്നാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. പുതുക്കിയ ജിഎസ്ടി നിരക്കുകൾക്ക് ശേഷം സിട്രൺ C3-യുടെ എക്സ്ഷോറൂം വില 4.80 ലക്ഷം രൂപയിൽ നിന്നായിരിക്കും ആരംഭിക്കുക. അതായത് മാരുതിയുടെ ചെറുകാറുകൾ നോക്കുന്നവർക്ക് സിട്രൺ ഇനി മുതൽ നല്ലൊരു ഓപ്ഷനായിരിക്കുമെന്ന് ചുരുക്കം.
എയർക്രോസ് എസ്‌യുവിയുടെ കാര്യത്തിലേക്ക് വന്നാൽ 5, 7 സീറ്റർ പതിപ്പുകളിൽ വിപണിയിലെത്തുന്ന മോഡലിന് അതിന്റെ വേരിയന്റിനെ ആശ്രയിച്ച് 50,000 രൂപ വരെ വില കുറയും. ബസാൾട്ട്, ബസാൾട്ട് X എന്നീ മോഡലുകളുകൾ ഇനി മുതൽ 7.95 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയോടെ സ്വന്തമാക്കാം. ഫ്ലാഗ്ഷിപ്പ് C5 എയർക്രോസ് എസ്‌യുവിക്ക് പുതിയ ജിഎസ്ടി ഘടനയുടെ പരമാവധി ആനുകൂല്യം ലഭിക്കുന്നുണ്ട്.

പ്രീമിയം എസ്‌യുവി നിരയിലെത്തുന്ന C5 എയർക്രോസിന് 2.70 ലക്ഷം രൂപയോളമാണ് കമ്പനി കുറച്ചിരിക്കുന്നത്. എസ്‌യുവിയുടെ ഷൈൻ വേരിയന്റിന് ഇപ്പോൾ 37.32 ലക്ഷം രൂപയുടെ എക്സ്ഷോറൂം വില മാത്രമാണുള്ളത്. ഓണം, അനന്ത ചതുർദശി, നവരാത്രി, ഈദ്, ദീപാവലി തുടങ്ങിയ ഉത്സവകാലങ്ങളുമായി ഒത്തുചേരുന്നതിനാൽ പുതിയ ജിഎസ്ടി പരിഷ്ക്കാരങ്ങൾ വാഹനങ്ങളുടെ ഡിമാന്റ് വർധിപ്പിക്കാനും ഷോറൂമുകളിലെ തിരക്ക് വർധിപ്പിക്കാനും സാധ്യതയുണ്ടെന്ന് സിട്രൺ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
സിട്രൺ അടുത്തിടെ ഇന്ത്യൻ വിപണിയിൽ 12.89 ലക്ഷം രൂപ എക്സ്ഷോറൂം വിലയ്ക്ക് ഫുൾ-ലോഡഡ് ബസാൾട്ട് X ശ്രേണി പുറത്തിറക്കിയിരുന്നു. പ്രോക്സി-സെൻസ് PEPS, സ്പീഡ് ലിമിറ്റർ ഉള്ള ക്രൂയിസ് കൺട്രോൾ, 7 വ്യൂവിംഗ് മോഡുകളുള്ള ഹാലോ 360 ഡിഗ്രി ക്യാമറ സിസ്റ്റം, ഓട്ടോ-ഡിമ്മിംഗ് ഇലക്ട്രോക്രോമിക് ഐആർവിഎം, എൽഇഡി വിഷൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി പ്രൊജക്ടർ ഫ്രണ്ട് ഫോഗ് ലാമ്പുകളും എൽഇഡി ഡിആർഎല്ലും പോലുള്ള നൂതന ഫീച്ചറുകളോടെയാണ് കൂപ്പെ എസ്‌യുവി വിപണനത്തിന് ഇറങ്ങുന്നത്.

അതോടൊപ്പം തന്നെ അഡ്വാൻസ്ഡ് കംഫർട്ട് സസ്പെൻഷനും ട്രോപ്പിക്കൽ വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ കിടിലൻ ഫീച്ചറുകളുടെ പിന്തുണയും കൂപ്പെ എസ്‌യുവിയുടെ പുതിയ പതിപ്പിന് ലഭിക്കുന്നുണ്ട്. പെരിമെട്രിക് അലാറം, ഇഎസ്പി, ഹിൽ ഹോൾഡ് കൺട്രോൾ, TPMS, ISOFIX, ഇബിഡിയുള്ള എബിഎസ്, 6 എയർബാഗുകൾ എന്നിങ്ങനെ സ്റ്റാൻഡേർഡായി ഒന്നിലധികം ഉയർന്ന സുരക്ഷാ സവിശേഷതകളും ബസാൾട്ട് X വഹിക്കുന്നുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ഇൻ-കാർ കമ്പാനിയൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന CARA പ്രത്യേക പരാമർശം അർഹിക്കുന്നു. രാജ്യത്ത് ഒക്ടോബർ പകുതി മുതൽ ബസാൾട്ട് X ശ്രേണിയുടെ ഉപഭോക്തൃ ഡെലിവറികൾ ആരംഭിക്കുമെന്നാണ് സിട്രൺ അറിയിച്ചിരിക്കുന്നത്. ജിഎസ്ടി കുറഞ്ഞതോടെ വിലയിലുണ്ടായിരിക്കുന്ന വലിയ മാറ്റം ഫ്രഞ്ച് ബ്രാൻഡിന് അവരുടെ വിൽപ്പന ഉയർത്താൻ കിട്ടിയ സുവർണാവസരമാണ്.


Click it and Unblock the Notifications








