ഷോറൂം കാലിയായത് തന്നെ! സ്റ്റൈലൻ എസ്‌യുവിക്ക് 2.80 രൂപയുടെ വിലക്കുറവുമായി സിട്രൺ; ടാറ്റയിത് കാണുന്നുണ്ടോ
തൊടുന്നതെല്ലാം പൊന്നാക്കുമെന്ന് കരുതി ഇന്ത്യൻ വിപണിയിലേക്ക് എത്തിയവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. പക്ഷേ പയറ്റിയ തന്ത്രങ്ങളെല്ലാം പാളിപ്പോവുന്ന കാഴ്ച്ചയാണ് കാണാനായത്. ഇന്ത്യക്കാരെ വിലകുറച്ച് കണ്ടതാണ് സിട്രണിന്റെ ഇന്നുള്ള അവസ്ഥയ്ക്ക് കാരണമെന്ന് പറയുന്നവരുമുണ്ട്. എന്നാൽ തുടക്കത്തിൽ കണ്ട ബ്രാൻഡേയല്ല ഇപ്പോൾ എന്നതാണ് ശരി. തങ്ങളുടെ കുറ്റങ്ങളും കുറവുകളുമെല്ലാം നികത്തി സിട്രൺ മിടുക്കൻമാരിയിട്ടുണ്ട്. പുറത്തിറക്കുന്ന കാറുകളുടെ ക്വാളിറ്റിയും ഫീച്ചറുകളും കണ്ടാൽ തന്നെ അക്കാര്യം മനസിലാക്കാം. ചെലവ് കുറയ്ക്കാൻ ഒഴിവാക്കിയ ഫീച്ചറുകളെല്ലാം ഒരുക്കി വാഹനത്തെ മിടുക്കൻമാരാക്കി കഴിഞ്ഞു.
എങ്കിലും സിട്രണിനോട് മുഖംതിരിച്ചുനിൽക്കുന്നവരാണ് അധികവും. ഇത്തരക്കാരെ ചാക്കിലാക്കാനായി കമ്പനി തന്നെ ചില പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ 2025 ജൂലൈ മാസത്തേക്ക് മോഡൽ നിരയിൽ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചുകൊണ്ടാണ് കമ്പനി ഞെട്ടിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ നാലാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി സിട്രൺ ഇന്ത്യ 2.80 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഈ മാസം വാഗ്‌ദാനം ചെയ്യുന്നതെന്ന് ഓട്ടോഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു.

C3, eC3, ബസാൾട്ട്, എയർക്രോസ് എന്നീ മോഡലുകൾ സ്വന്തമാക്കാനെത്തുന്ന ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താനാവും. അതേസമയം ഫ്രഞ്ച് വാഹന നിർമാതാക്കളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ C5 എയർക്രോസിന് ഈ മാസം കാര്യമായ ഓഫറുകളൊന്നും അവതരിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. എന്തായാലും സിട്രണിന്റെ ബാക്കിയുള്ള ബജറ്റ് ഫ്രണ്ട്ലി കാറുകളിൽ കിടിലൻ ഡിസ്കൗണ്ടുകൾ ഒരുക്കിയിരിക്കുന്നത് ആളുകളെ ആകർഷിക്കാൻ സഹായിക്കുമെന്നതിൽ തർക്കമൊന്നും വേണ്ട.
ഇനി സിട്രൺ പ്രഖ്യാപിച്ചിരിക്കുന്ന മോഡൽ തിരിച്ചുള്ള ഓഫറുകളും ആനുകൂല്യങ്ങളും എന്തെല്ലാമാണെന്ന് നോക്കിയാലോ? ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡലായ C3 പ്രീമിയം ഹാച്ച്ബാക്ക് 1.45 ലക്ഷം വരെ ആനുകൂല്യങ്ങളോടെയാണ് 2025 ജൂലൈ മാസം സ്വന്തമാക്കാനാവും. C5 എയർക്രോസിന് ശേഷം രാജ്യത്ത് അവതരിപ്പിക്കുന്ന സിട്രണിന്റെ രണ്ടാമത്തെ കാറാണിത്. മാത്രമല്ല പ്രാദേശികമായി ഇന്ത്യയിൽ തന്നെ നിർമിക്കുന്ന ആദ്യ മോഡൽ കൂടിയായിരുന്നു ഇത്.

C3 ഹാച്ചിൽ അവതരിപ്പിച്ചിരിക്കുന്ന 1.45 ലക്ഷത്തിന്റെ ഓഫർ 2025 ഷൈൻ വേരിയന്റിലാണ് ഈ ഓഫർ ബാധകമാകുന്നത്. ബ്രാൻഡ് വാഗ്ദാനം ചെയ്യുന്ന ക്യാഷ്, ലോയൽറ്റി ആനുകൂല്യങ്ങളും വാഹനത്തിനൊപ്പം ഉപയോഗപ്പെടുത്താനാവും. നിലവിൽ 6.23 ലക്ഷത്തിൽ ആരംഭിച്ച് 10.21 ലക്ഷം രൂപ വരെയാണ് മോഡലിന്റെ എക്സ്ഷോറൂം വില വരുന്നത്. പുതിയ ഡിസ്കൗണ്ടുകളോടെ മാന്യമായ തുകയിൽ ഹാച്ച്ബാക്ക് വാങ്ങാനുള്ള സുവർണാവസരമാണിത്.
ഇന്ത്യൻ വിപണിയിൽ ബ്രാൻഡ് വിൽക്കുന്ന ഒരേയൊരു ഇലക്ട്രിക് കാറായ eC3 ഇവിയും ഈ മാസം നല്ല ലാഭത്തോടെ വാങ്ങാനാവും. പേര് സൂചിപ്പിക്കുന്നത് പോലെ C3 ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള വൈദ്യുത മോഡലാണ് കേട്ടോ. കാറിന്റെ 2024 സ്റ്റോക്കുകളിൽ സിട്രൺ 40,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ 2025 മോഡലുകളുടെ ഓഫറിന് കീഴിൽ എക്സ്ചേഞ്ച്, ലോയൽറ്റി ബോണസുകളും ഉൾപ്പെടുന്നുണ്ട്.

eC3 ഇവിക്ക് നിലവിൽ 12.90 ലക്ഷം മുതൽ 13.41 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇന്ത്യയിലെ ആദ്യത്തെ മാസ് മാർക്കറ്റ് എസ്‌യുവി കൂപ്പെ എസ്‌യുവിയായ സിട്രണിന്റെ ബസാൾട്ട് വാങ്ങാനിരിക്കുന്നവർക്കും സന്തോഷിക്കാനുള്ള വകയുണ്ട് കേട്ടോ. വണ്ടി വാങ്ങാനെത്തുന്നവർക്ക് 2.80 ലക്ഷം വരെ ആനുകൂല്യങ്ങൾ ലഭിക്കും. 2024 മാക്സ് ഓട്ടോമാറ്റിക് വേരിയന്റിലാണ് ഓഫർ ബാധകം. ബസാൾട്ടിന് 8.32 ലക്ഷം മുതൽ 14.10 ലക്ഷം വരെയാണ് വില വരുന്നത്.
സിട്രൺ എയർക്രോസിന് 65,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. 5, 7 സീറ്റർ ഓപ്ഷനുകളിൽ സ്വന്തമാക്കാനാവുന്ന എസ്‌യുവിക്ക് 8.62 ലക്ഷം മുതൽ 14.60 ലക്ഷം വരൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഓഫറുകൾക്ക് പുറമെ ആരാധകരെ കൂട്ടാനായി ഇക്കഴിഞ്ഞ ദിവസം കമ്പനി പുതിയ സിട്രൺ C3 സ്പോർട്ട് എഡിഷൻ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു.


Click it and Unblock the Notifications








