വാഗൺആറും സെലേറിയോയും വാങ്ങുന്ന കാശാവില്ല, സർപ്രൈസ് ഹിറ്റടിച്ച് 4.80 ലക്ഷത്തിൻ്റെ ഹാച്ച്ബാക്ക്
സിട്രണിന് ഇന്ത്യയിൽ വലിയ ഇമേജ് ഒന്നുമില്ലെങ്കിലും വിദേശ രാജ്യങ്ങളിലെല്ലാം സ്റ്റെല്ലാൻ്റിസിൻ്റെ കീഴിലുള്ള ഈ ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് അന്യായ ഫാൻസാണുള്ളത്. അതിഗംഭീരമായ വണ്ടികൾ അവിടെ വിൽക്കുന്ന ബ്രാൻഡ് ഇങ്ങിവിടെ എത്തിയപ്പോൾ കാര്യങ്ങളൊന്നും വേണ്ടത് പോലെ പ്രാവർത്തികമാക്കാനായില്ലെന്നതാണ് സത്യം. കോസ്റ്റ് കട്ടിംഗിനും നിർമാണ ചെലവുകൾ കുറയ്ക്കാനുമായി മെയ്‌ഡ് ഇൻ ഇന്ത്യ മോഡലുകളിൽ വരുത്തിയ കുറവുകൾ തിരിച്ചടിയാവുകയായിരുന്നു. ഇന്ത്യക്കാരെ കമ്പനി ശരിക്കും പഠിക്കാതെ അണ്ടർഎസ്റ്റിമേറ്റ് ചെയ്‌തുവെന്ന് പറയുന്നതാവും ശരി. എന്തായാലും തെറ്റുകളെല്ലാം മനസിലാക്കിയ ബ്രാൻഡിന് ഇപ്പോൾ തിരിച്ചറിവ് ലഭിച്ചിരിക്കുകയാണ്.
മോഡലുകളിലുണ്ടായിരുന്ന കുറ്റങ്ങളും കുറവുകളുമെല്ലാം പരിഹരിച്ച് മിടുക്കൻമാരാക്കിക്കൊണ്ടിരിക്കുകയാണ് സിട്രൺ. എന്തായാലും അതിൻ്റെ ഫലം വിൽപ്പന കണക്കുകളിലും പ്രതിഫലിച്ച് തുടങ്ങിയിരിക്കുകയാണിപ്പോൾ. ഒക്‌ടോബർ മാസത്തെ കാർ വിൽപ്പനയിൽ വമ്പൻ കുതിപ്പുമായാണ് ഫ്രഞ്ച് പട ഞെട്ടിച്ചിരിക്കുന്നത്. 2025 ഒക്ടോബറിൽ 1,426 കാറുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. ഇത് കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് 99 ശതമാനം വാർഷിക വളർച്ചയിലേക്കും നയിച്ചു.

ബ്രാൻഡിൻ്റെ ടോപ്പ് സെല്ലിംഗ് മോഡലായി മാറിയത് C3 ഹാച്ച്ബാക്കാണ്. എസ്‌യുവി സ്റ്റൈലുള്ള ഇതിൻ്റെ 897 യൂണിറ്റുകളാണ് സിട്രണിന് വിറ്റഴിക്കാനായത്. കഴിഞ്ഞ വർഷം ഒക്ടോബർ മാസം നിരത്തിലെത്തിച്ച 300 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ കാറിൻ്റെ വിൽപ്പനയിൽ 199 ശതമാനത്തിൻ്റെ വർധനവാണ് സിട്രണിന് ലഭിച്ചിരിക്കുന്നത്. ഇത് എന്തായാലും വരും മാസങ്ങളിൽ കാറിൻ്റെ ഡിമാൻ്റ് ഉയരാൻ കാരണമായേക്കുമെന്നാണ് വിലയിരുത്തൽ.
അടുത്തിടെ കേന്ദ്രസർക്കാർ ജിഎസ്‌ടി നിരക്കുകൾ വെട്ടിക്കുറച്ചതോടെ സിട്രൺ C3 ഹാച്ചിന് 98,000 രൂപ വരെ വിലക്കുറവും സംഭവിച്ചിരുന്നു. അങ്ങനെ മോഡലിൻ്റെ പ്രാരംഭ വില 4.80 ലക്ഷമായി കുറയുകയും ചെയ്‌തു. എല്ലാ ഫീച്ചറുകളും ലഭിക്കുന്ന ടോപ്പ് വേരിയൻ്റിന് 9.32 ലക്ഷവും എക്സ്ഷോറൂം വിലയായി മുടക്കിയാൽ മതിയാവും. ഫ്രഞ്ച് വാഹന നിർമാതാക്കൾ പുതിയ ടോപ്പ്-സ്പെക്ക് C3X വേരിയൻ്റിനെ അടുത്തിടെയാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

C3X എന്ന് വിളിക്കപ്പെടുന്ന ടോപ്പ് വേരിയൻ്റിന് നിരവധി കോസ്മെറ്റിക് നവീകരണങ്ങളും ഫീച്ചറുകളുടെ കൂട്ടിച്ചേർക്കലുകളുമാണ് ലഭിച്ചിരിക്കുന്നത്. സിട്രണിൻ്റെ 2.0 ഷിഫ്റ്റ് ഇൻ ടു ദി ന്യൂ തന്ത്രത്തിൻ്റെ ഭാഗമായാണ് C3X വിപണനത്തിന് എത്തിയിരിക്കുന്നത്. ഹാച്ചിൽ ഇപ്പോൾ ക്രൂയിസ് കൺട്രോൾ, ഓട്ടോ-ഡിമ്മിംഗ് IRVM, 360-ഡിഗ്രി ക്യാമറ സജ്ജീകരണം, ഓൾ എൽഇഡി ലൈറ്റിംഗ്, 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ യുഎസ്ബി-സി പോർട്ട് എന്നീ ഫീച്ചറുകളെല്ലാം ലഭിക്കും.
സേഫ്റ്റിയിലും സിട്രൺ C3X അഡാറിയിട്ടുണ്ടെന്ന് വേണം പറയാൻ. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ആൻ്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ (EBD), ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ടയർ പ്രഷർ മോണിട്ടറിംഗ് സിസ്റ്റം (TPMS), എഞ്ചിൻ ഇമ്മൊബിലൈസർ, സ്പീഡ് സെൻസിംഗ് ഡോർ ലോക്കുകൾ, പെരിമെട്രിക് അലാറം എന്നിവയാണ് സിട്രൺ C3X പ്രീമിയം ഹാച്ച്ബാക്കിൽ കമ്പനി ഒരുക്കിവെച്ചിരിക്കുന്നത്.

C3X മോഡലിന് മെക്കാനിക്കൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. അതേ 1.2 ലിറ്റർ പ്യുർടെക് 82 NA പെട്രോൾ, 1.2 ലിറ്റർ പ്യുർടെക് 110 ഡയറക്ട് ഇൻജക്ഷൻ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് സിട്രണിൻ്റെ ഹാച്ച്ബാക്കിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ആദ്യത്തെ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 80.4 bhp പവറിൽ പരമാവധി 115 Nm ടോർക്ക് വരെ നിർമിക്കാനാവും.
ടർബോ പെട്രോൾ എഞ്ചിനിലേക്ക് വന്നാൽ 108.54 bhp കരുത്തിൽ 205 Nm ടോർക്ക് വരെ നിർമിക്കുന്ന തരത്തിലാണ് ഇത് ട്യൂൺ ചെയ്‌തിരിക്കുന്നത്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും തെരഞ്ഞെടുക്കുന്ന എഞ്ചിൻ ഓപ്ഷനെ അനുസരിച്ച് ലഭിക്കും. ടർബോ വേരിയൻ്റുകൾക്ക് 10 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കുന്നതാണ്. 19.3 കിലോമീറ്റർ വരെ മൈലേജും വാഹനത്തിൽ ലഭിക്കുമെന്നാണ് സിട്രൺ പറയുന്നത്.


Click it and Unblock the Notifications








